പാട്‌ന: നരേന്ദ്ര മോദിക്ക് ദേശീയ തലത്തിൽ നേരിടേണ്ടി വരുന്ന എതിരാളി കോൺഗ്രസ് പാർട്ടിയിൽ നിന്നുമായിരിക്കില്ലേ? രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കരുത്തു വീണ്ടെടുക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതിനിടെ നിതീഷ് കുമാർ മോദിക്ക് എതിരാളിയായി വളരാൻ ശ്രമിക്കുകയാണ്. കോൺഗ്രസിലെ അലോസരപ്പെടുത്തുന്നതാണ് ഈ നീക്കമെങ്കിലും നിതീഷ് തന്റെ ഉദ്ദേശ്യം വ്യക്തമാക്കി രംഗത്തുവന്നു. മൂന്നാം മുന്നണി ഇന്ത്യയിൽ ക്ലച്ചു പിടിക്കില്ലെന്ന് വ്യക്തമായതോടെ എല്ലാ കക്ഷികളെയും ഒരുമിച്ച് നിർത്തിക്കൊണ്ടുള്ള നീക്കത്തിനാണ് നിതീഷ് അടുത്തതായി ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യ പടിയെന്ന നിലയിൽ അദ്ദേഹം കരുക്കൽ നീക്കി കഴിഞ്ഞു.

ബിജെപിക്ക് എതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരുമിച്ച് നിർത്തുമെന്ന് പ്രഖ്യാപിച്ചാണ് നിതീഷ് രംഗപ്രവേശം ചെയ്തത്. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് ഇന്ത്യയെ സംഘപരിവാർ മുക്തമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് ബിജെപിയിതര പാർട്ടികൾ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാട്‌നയിൽ സംഘടിപ്പിച്ച അഡ്‌വാന്റേജ് കോൺക്ലേവിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

ബിജെപിക്കും അവരുടെ തത്വശാസ്ത്രത്തിനുമെതിരെ ഒന്നിക്കുകയാണ് രാജ്യത്തെ സംരക്ഷിക്കുന്നതിനുള്ള മികച്ച മാർഗമെന്ന് നിതീഷ് കുമാർ പറഞ്ഞു. താൻ ഏതെങ്കിലും പാർട്ടിക്കോ വ്യക്തിക്കോ എതിരല്ലെന്നും തന്റെ എതിർപ്പ് വർഗീയതയിലൂന്നിയ സംഘപരിവാറിന്റെ ആശയങ്ങളോടാണെന്നും പറഞ്ഞു. മതേതരത്വത്തിലോ സാമൂഹിക ഐക്യത്തിലോ വിശ്വാസമില്ലാത്തവരുടെ കൈയിലാണ് ഇപ്പോൾ അധികാരത്തിന്റെ കടിഞ്ഞാണെന്നും നിതീഷ് കുമാർ പറഞ്ഞു.

അടുത്തിടെ നിതീഷ്‌കുമാർ ജെഡിയു പ്രസിഡന്റായി ചുമതലയേറ്റിരുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപു ബിഹാറിനു പുറത്തു സ്വാധീനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. മോദിക്ക് എതിരാളായയ വളരുക എന്ന ലക്ഷ്യത്തോടെയാണ് നിതീഷ് പാർട്ടി പ്രസിഡന്റായത്. തുടർച്ചയായി നാലു തവണ പ്രസിഡന്റായിരുന്ന ശരത് യാദവ് തുടരാൻ താൽപര്യമില്ലെന്നു വ്യക്തമാക്കിയതോടെ നിതീഷിനു നേതൃത്വത്തിലെത്താൻ വഴി തെളിഞ്ഞിരുന്നു.

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ചേർന്നു നേടിയ വൻ വിജയം ദേശീയ തലത്തിൽ നിതീഷിനു സ്വീകാര്യത വർധിപ്പിച്ചിട്ടുണ്ട്. 2019ൽ പ്രതിപക്ഷത്തു പൊതുസ്വീകാര്യതയുള്ള ദേശീയ നേതാവായി നിതീഷ് രംഗത്തെത്താനും സാധ്യതയുണ്ട്. എന്നാൽ, ബിഹാറിനു പുറത്തേക്കു കൂടി സ്വാധീനം വർധിപ്പിച്ചില്ലെങ്കിൽ ഈ സാധ്യത മങ്ങും. അടുത്ത വർഷം നടക്കുന്ന യുപി തിരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട പ്രകടനമാണു ജെഡിയു ലക്ഷ്യമിടുന്നത്.

അജിത് സിങ്ങിന്റെ ആർഎൽഡി, ജാർഖണ്ഡ് മുഖ്യമന്ത്രി ബാബുലാൽ മറാണ്ടിയുടെ ജാർഖണ്ഡ് വികാസ് മോർച്ച തുടങ്ങിയ പാർട്ടികളുമായി ജെഡിയു ലയനചർച്ചയിലാണ്. ആറു ജനതാ പരിവാർ പാർട്ടികളുടെ ലയനത്തിനു വേണ്ടി കഴിഞ്ഞ വർഷം ജെഡിയു നടത്തിയ നീക്കം പരാജയപ്പെട്ടിരുന്നു. സമാജ്‌വാദി നേതാവ് മുലായം സിങ് യാദവ് പിൻവാങ്ങിയതോടെയായിരുന്നു ഇത്.