പാട്‌ന: ജനതാ പരിവാർ കുടുംബങ്ങളുടെ ലയനത്തിന് ശേഷം ബിഹാറിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെുടുപ്പിൽ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. നിലവിൽ മുഖ്യമന്ത്രിയായ നിതീഷ് കുമാറിനെ തന്നെ സ്ഥാനാർത്ഥിയാക്കാനാണ് തീരുമാനം. മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് സമാജ്വാദി പാർട്ടി നേതാവ് മുലായം സിംഗുമായി സംസാരിച്ച് സമാവായത്തിലൂടെയാണ് നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയത്. ലാലുവാണ് നിതീഷിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചതെന്നും യോഗത്തിനു ശേഷം മുലായം സിങ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രൂപീകരിച്ചിരിക്കുന്ന ആർ.ജെ.ഡിജെഡിയു സഖ്യത്തിൽ കോൺഗ്രസും ചേരുമെന്ന് നിതീഷ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ടെന്നും നിതീഷ് വ്യക്തമാക്കി. കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി താൻ ചർച്ച നടത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. ബിജെപി വിരുദ്ധ വോട്ടുകൾ പരാമവധി പെട്ടിയിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ലാലു പ്രസാദ് പറഞ്ഞു. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും ലാലു വ്യക്തമാക്കി. ആർജെഡി കുടുംബത്തിൽ നിന്ന് ആർക്കും തന്നെ മുഖ്യമന്ത്രി ആവാൻ താൽപര്യമില്ലെന്നും ലാലു കൂട്ടിച്ചേർത്തു.

ഈ വർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായാണ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി രാജ്യവ്യാപകമായി വേരുറപ്പിക്കുന്നതിനു നടത്തി വരുന്ന ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഒന്നു ചേർന്നു മൽസരിക്കാനുള്ള ജനതാപാർട്ടികളുടെ തീരുമാനം. വിവിധ സംസ്ഥാനങ്ങളി!ൽ ബിജെപി ഉയർത്തുന്ന വെല്ലുവിളി നേരിടുന്നതിന് ആറു ജനതാ പാർട്ടികളും ഒന്നിക്കാൻ നേരത്തെ തീരുമാനമായിരുന്നു. ഇതിന്റെ തുടർച്ചയാണ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനതാ സഖ്യമുണ്ടാക്കാനുള്ള നീക്കം.

243 അംഗ നിയമസഭയിൽ ജെ.ഡി(യു)വിന് 115 സീറ്റാണുള്ളത്. ബിജെപിക്ക് 91, ആർ.ജെ.ഡി 22,കോൺഗ്രസ് 4, മറ്റുള്ളവർ 11 എന്നിങ്ങനെയാണ് കക്ഷിനില. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.