പാട്‌ന: ജിതൻ റാം മാഞ്ജി രാജിവച്ചതിനെ തുടർന്ന് ബിഹാർ മുഖ്യമന്ത്രിയായി ജെ.ഡി(യു) നേതാവ് നിതീഷ് കുമാർ അധികാരമേൽക്കും. ഞായറാഴ്‌ച്ചയാണ് സത്യപ്രതിജ്ഞ. ഇത് നാലാംതവണയാണ് നിതീഷ് മുഖ്യമമന്ത്രിയാവുന്നത്. വൈകിട്ട് അഞ്ചു മണിക്കാണ് സത്യപ്രതിജ്ഞ നടക്കുക. ഗവർണർ കെ.എൻ.ത്രിപാഠിയെ കണ്ട നിതീഷ് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചിരുന്നു. തുടർന്ന് വൈകിട്ട് നിതീഷിനെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിക്കുകയായിരുന്നു.

രാജി വച്ചതിന്റെ പേരിൽ നിതീഷ് ജനങ്ങളോട് മാപ്പു ചോദിച്ചിരുന്നു. കക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ ഐക്യജനതാദളിന്റെ മോശം പ്രകടനത്തെ തുടർന്നാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. നേരത്തെ നിയമസഭയിൽ വിശ്വസ വോട്ട് തെടുന്നതിന് മുമ്പായാണ് ജിതിൻ റാം മാഞ്ചി രാജിവച്ചത്. ജെ.ഡി(യു) വിമതനും മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചി ഗവർണറെ കണ്ടാണ് രാജി പ്രഖ്യാപനം അറിയിച്ചത്. 233 അംഗ ബിഹാർ നിയമസഭയിൽ ഭൂരിപക്ഷത്തിന് വേണ്ടത് 117 അംഗങ്ങളുടെ പിന്തുണയായിരുന്നു. മാഞ്ചിയെ അനുകൂലിക്കുന്ന ജെഡിയു എംഎൽഎമാർ 13പേരായിരുന്നു കൂടാതെ ബിജെപിയുടെ 87 എംഎൽഎമാരും. ഇതിനിടെ മാഞ്ചിയെ അനുകൂലിക്കുന്ന നാല് എംഎൽഎമാരെ പട്‌ന ഹൈക്കോടതി വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കുകയും ചെയ്തിരുന്നു.

വിശ്വാസവോട്ടിൽ പരാജയപ്പെടുമെന്ന് ഉറപ്പായതോടെയാണ് മാഞ്ചി രാജി വച്ചിരിക്കുന്നത്. രാവിലെ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷമായിരുന്നു വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. 12 ജെഡിയു എംഎൽഎമാർക്ക് പുറമേ 87 ബിജെപി എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്നായിരുന്നു മാഞ്ചിയുടെ അവകാശവാദം. എന്നാൽ വിശ്വാസവോട്ട് നേടാനാവില്ലെന്ന് ഉറപ്പായതോടെ ഗവർണ്ണറെ കണ്ട് രാജി നൽകി.

വിശ്വാസ വോട്ടെടുപ്പിൽ ബിജെപി ജിതൻ റാം മാഞ്ജിയെ പിന്തുണയ്ക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. ഇതിനിടെയിൽ ബിഹാർ മന്ത്രിസഭയിലെ ഏഴു പേരെ ജെഡിയുവിൽ നിന്ന് പുറത്താക്കിയിരുന്നു. ജിതിൻ റാം മാഞ്ചി അനുകൂലികളായ മന്ത്രിമാരെയാണ് പുറത്താക്കിയത്. ജിതിൻ റാം മാഞ്ചിയെ ജനതാദൾ യുണൈറ്റിൽ നിന്നും നേരത്തെ പുറത്താക്കിയിരുന്നു. മാഞ്ചിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായും പ്രാഥമിക അംഗത്വം റദ്ദാക്കിയതായും വക്താവ് കെ.സി ത്യാഗി അറിയിച്ചിരുന്നു. ഇതിനിടെ ബാഹാറിൽ രാഷ്ട്രീയ കുതിരച്ചവടം സജീവമാണെന്നും ആരോപണം ഉയർന്നു.

ഈ സാഹചര്യത്തിലാണ് വിശ്വാസ വോട്ടിന് മുമ്പ് മഞ്ചി രാജിവച്ചത്. ഇതിലൂടെ കുതിരക്കച്ചവടം നടത്തിയെന്ന ആരോപണത്തെ പ്രതിരോധിക്കാനാകും. ഒപ്പം നിതീഷിന്റെ അധികാര മോഹം തുറന്നുകാട്ടാനും. ബീഹാറിൽ മഞ്ചി ജയിച്ചാലും തോറ്റാലും ബിജെപിക്കും പ്രശ്‌നമാണ്. ജയിച്ചാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കുതിരക്കച്ചവടം നടന്നുവെന്ന് ആരോപണം ഉയരും. തേറ്റാൽ അത് ബിജെപിയുടെ തിരിച്ചടിയായും ചിത്രീകരിക്കും. ഈ സാഹചര്യങ്ങളാണ് മഞ്ചിയുടെ രാജിയോടെ സംഭവിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ്‌കുമാർ തന്റെ വിശ്വസ്തനായ മാഞ്ചിയെ മുഖ്യമന്ത്രിയാക്കുകായിരുന്നു. എന്നാൽ ബിജെപി നേതൃത്വത്തോട് മാഞ്ചി സ്വീകരിച്ച മൃദുസമീപനം ഇരുവർക്കുമിടയിൽ അസ്വസ്ഥതകളുണ്ടാക്കുകയായിരുന്നു. ആകെ 243 അംഗങ്ങളുള്ള നിയമസഭയിൽ ജെഡിയുവിനു 111 എംഎൽഎമാരാണുള്ളത്. ഇതിൽ 104 പേരും നിതീഷ് കുമാറിനെ പിന്തുണയ്ക്കുന്നവരായിരുന്നു.