- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയാകാൻ നിതീഷ് ഗവർണ്ണറെ കാണും; മാഞ്ചിയും മോദിയും വൈകിട്ട് കൂടിക്കാഴ്ച നടത്തും; ബീഹാറിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ കരുതലോടെ പ്രതികരിക്കാൻ ബിജെപി
പട്‌ന: ബിഹാറിൽ മന്ത്രിസഭ രൂപവത്കരിക്കാനുള്ള അവകാശവാദവുമായി നിതീഷ്‌കുമാർ ഗവർണറെ കാണും. മന്ത്രിസഭ പിരിച്ചുവിടാനുള്ള മുഖ്യമന്ത്രി ജിതിൻ റാം മഞ്ചിയുടെ ആവശ്യം തള്ളക്കളയണമെന്നും ജെഡിയുവിന്റെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത നിതീഷ് കുമാർ ആവശ്യപ്പെടും. ഈ സാഹചര്യത്തിൽ ഗവർണറുടെ നീക്കം നിർണായകമാകും. ജെ.ഡി.യു വിലെ രാഷ്ട്രിയപ്രതിസന്

പട്‌ന: ബിഹാറിൽ മന്ത്രിസഭ രൂപവത്കരിക്കാനുള്ള അവകാശവാദവുമായി നിതീഷ്‌കുമാർ ഗവർണറെ കാണും. മന്ത്രിസഭ പിരിച്ചുവിടാനുള്ള മുഖ്യമന്ത്രി ജിതിൻ റാം മഞ്ചിയുടെ ആവശ്യം തള്ളക്കളയണമെന്നും ജെഡിയുവിന്റെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത നിതീഷ് കുമാർ ആവശ്യപ്പെടും.
ഈ സാഹചര്യത്തിൽ ഗവർണറുടെ നീക്കം നിർണായകമാകും. ജെ.ഡി.യു വിലെ രാഷ്ട്രിയപ്രതിസന്ധി രൂക്ഷമായതോടെയാണ് നിയമസഭ പിരിച്ചുവിടാൻ മഞ്ചി ശുപാർശ നൽകിയത്. തുടർന്ന് മഞ്ചിയെ നിയമസഭാ നേതൃസ്ഥാനത്ത് നിന്ന് ജെഡിയു പുറത്താക്കി. നിതീഷിനെ നേതാവാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നിതീഷ് ഗവർണ്ണറെ കാണുന്നത്.
നീതി ആയോഗ് യോഗത്തിന് ഡൽഹിയിലെത്തിയ മാഞ്ചി ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ബിഹാറിലെ രാഷ്ട്രീയസ്ഥിതി ചർച്ച ചെയ്യും. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കളേയും മാഞ്ചി കാണും. ജനദാദൾ യുനൈറ്റഡിൽ നിന്നും ജിതൻ റാം മാഞ്ചിയെ ഇന്നലെ പുറത്താക്കിയിരുന്നു. ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്ന് ജിതൻ റാം മാഞ്ചിക്കൊപ്പം നിൽകുന്ന നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്നാണ് മാഞ്ചിയുടെ ആവശ്യം.
എന്നാൽ മഞ്ചിയുടെ ആവശ്യം അംഗീകരിച്ച് മന്ത്രിസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടാൻ കേന്ദ്രസർക്കാരിന് താത്പര്യമുണ്ടാകില്ല. പുതിയ സാഹചര്യത്തിൽ നിതീഷ് കുമാറിന് അനുകൂല സാഹചര്യമാണ് ബിഹാറിലെന്നാണ് വിലയിരുത്തൽ. ഒക്ടോബറിലാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപി പിന്നോട്ട് പോകുമെന്ന സൂചനകൾ ഉള്ളതിനാൽ നിതീഷിനെതിരായ തീരുമാനം ഉണ്ടാകില്ലെന്ന് തന്നെയാണ് ബിജെപി നൽകുന്ന സൂചനയും.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മഞ്ചിയെ മാറ്റി നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള ജെ.ഡി.യു ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ എതിർത്ത് മഞ്ചി പരസ്യമായി രംഗത്തെത്തിയിരുന്നു. നേതൃമാറ്റ തീരുമാനം ചർച്ചചെയ്യാനായി പാർട്ടി ദേശീയാധ്യക്ഷൻ ശരദ് യാദവ് വെള്ളിയാഴ്ച പാർലമെന്ററി പാർട്ടി യോഗം വിളിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിക്ക് മാത്രമേ പാർലമെന്ററി പാർട്ടി യോഗം വിളിക്കുവാൻ അധികാരമുള്ളൂവെന്നും യാദവിന്റെ നീക്കം നിയമവിരുദ്ധമാണെന്നും മഞ്ജി പറഞ്ഞു.
തുടർന്നാണ് ശനിയാഴ്‌ച്ച മഞ്ചി അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ചുചേർത്തത്. നിയസഭ പിരിച്ചുവിടാൻ ശുപാർശ നൽകുന്നതിനെ യോഗത്തിൽ ഭൂരിപക്ഷം പേരും എതിർത്തു. 28 അംഗ മന്ത്രിസഭയിൽ ഏഴ് മന്ത്രിമാരുടെ പിന്തുണ മാത്രമാണ് മഞ്ചിക്ക് ലഭിച്ചത്. പക്ഷെ, മഞ്ചി തീരുമാനവുമായി മുന്നോട്ടുപോയി. 243 അംഗ നിയമസഭയിൽ 111 പേർ മാത്രമാണ് ജെ.ഡി.യു.വിനുള്ളത്. ആർ.ജെ.ഡി, കോൺഗ്രസ്, സിപിഐ. എന്നിവരുടെ പിന്തുണയോടെയാണ് മഞ്ജി സർക്കാർ നിലനിൽക്കുന്നത്.
ബിഹാറിലെ സ്ഥിതി ഗതികൾ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ അവലോകനം ചെയ്തിരുന്നു. കരുതലോടെ തീരുമാനം എടുത്താൽ മതിയെന്നാണ് യോഗത്തിന്റെ തീരുമാനം.

