റുപത്തിമൂന്നാമത് ഫിലിം ഫെയർ അവാർഡിൽ താരങ്ങളുടെ ഈഗോയ്ക്ക് അപ്പുറം ചില കുസൃതികളും അരങ്ങേറിയിരുന്നു. മമ്മൂട്ടി കൈകൊടുക്കാതെ നയൻതാരയെ കബളിപ്പിച്ചു. ആരും തിരിച്ചറിയാതെ പോയ ദേശീയ അവാർഡ് ജേതാവ് സഞ്ചാരി വിജയെ കണ്ടെത്തി സംസാരിച്ച് മെഗാ സ്റ്റാർ മമ്മൂട്ടിയും താരമായി. ഇതിനിടെയാണ് ധനുഷിനെതിരെ നയൻതാര കുത്തുവാക്കുമായി കളം നിറഞ്ഞതും.

അവാർഡ് നിശയിൽ മലയാളത്തിൽ നിന്നും താരമായത് നിവിൻ പോളി തന്നെയായിരുന്നു. എല്ലാവരുടെയും ഹൃദയം കവർന്ന നിവിൻ പോളിക്ക് വേദിയിൽ ആരാധകർ ഏറെയായിരുന്നു. അവാർഡ് നിശയ്ക്ക് ശേഷം നിവിൻ പോളി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോൾ സംസാരവിഷയം. നിവിനെ നോക്കി ജ്യോതിക കൈചൂണ്ടി എന്തോ പറയുന്ന ചിത്രമാണ് നിവിൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. ഫാൻ ബോയ് മൊമന്റ് എന്ന് പറഞ്ഞാണ് നിവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

എന്നാൽ പോസ്റ്റിന് പിന്നാലെ എന്തായിരുന്നു സംഭാഷണം എന്നായിരുന്നു ആരാധർക്ക് അറിയേണ്ടിയിരുന്നത്. താരം തന്നെ മറുപടി നൽകണമെന്നാണ് നിരവധി പേർ ആവശ്യപ്പെട്ടത്. എന്നാൽ, ആരാധകർ തന്നെ കമന്റുകൾ എഴുതി. ആരാധകർ സ്വന്തം ഇഷ്ടത്തിന് ഡയലോഗുകൾ എഴുതി ഇരുവരുടെയും സംഭാഷണം പൂർത്തിയാക്കുകയാണ്.

സത്യത്തിൽ ജ്യോതിക എന്താണ് ചോദിച്ചതെന്ന് നിവിൻ തന്നെ പറയണമെന്ന് ആരാധകർ പറയുന്നു. 'ആരാധകന് കിട്ടുന്ന പ്രിയനിമിഷം' എന്ന കുറിപ്പോടെയാണ് ജ്യോതികക്കൊപ്പം നിൽക്കുന്നൊരു ചിത്രം നിവിൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. പ്രേമത്തിലെ 'ഷർട്ട് നല്ലായിരിക്ക്' എന്ന ഡയലോഗ് ജ്യോതിക പറയുന്ന രീതിയിലാണ് മാറ്റിയിരിക്കുന്നത്. ബ്ലാങ്കറ്റ് നല്ലായിരിക്ക് എന്ന് ജ്യോതിക ചോദിക്കുമ്പോൾ 'ഇത് ബ്ലാങ്കറ്റ് അല്ല... കോട്ട് കോട്ട്' എന്ന് നിവിൻ പറയുന്ന രസകരമായ കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്നത്.