കൊച്ചി: സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജി(18)യുടെ അസ്വാഭാവിക മരണം അന്വേഷിക്കണമെന്ന വീട്ടുകാരുടെ ആവശ്യത്തിനു പിന്തുണ പ്രഖ്യാപിച്ച് നടൻ നിവിൻ പോളി. ഇക്കഴിഞ്ഞ അഞ്ചിനു കാണാതായ ഇലഞ്ഞി പെരിയപ്പുറം സ്വദേശിയായ മിഷേൽ ഷാജിയുടെ മൃതദേഹം പിറ്റേന്നു കായലിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇതിനുപിന്നാലെയാണ് ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യത്തിനു പിന്തുണയുമായി നിവിൻ പോളി രംഗത്തെത്തിയത്.

കുടുംബത്തിന്റെ സ്വപ്‌നങ്ങളും പ്രതീക്ഷകളും തകർത്തുകൊണ്ടാണ് മിഷേൽ ഷാജിയുടെ മരണം സംഭവിച്ചിരിക്കുന്നത്. അന്വേഷണം വേണമെന്ന കുടുംബത്തിന്റെ നീതിപൂർവകമായ ആവശ്യത്തെ നമുക്കും പിന്തുണയ്ക്കാം. നാം ഉയർത്തുന്ന ചെറിയ ശബ്ദങ്ങൾ ഇക്കാര്യത്തിൽ സഹായകരമാകും. അധികാരികളേ ഉണരുക.... എന്നാണു നിവിൻ പോളി ഫേസ്‌ബുക്കിൽ കുറിപ്പ് ഇട്ടിരിക്കുന്നത്.

മിഷേലിന്റെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. ആത്മഹത്യയെന്നാണു പൊലീസിന്റെ നിലപാടെങ്കിലും ദുരൂഹതയുണ്ടെന്നാണു സൂചനയുണ്ട്. പാലാരിവട്ടത്തെ സ്ഥാപനത്തിൽ സിഎ വിദ്യാർത്ഥിനിയായിരുന്നു മിഷേൽ. കച്ചേരിപ്പടിയിലെ ഹോസ്റ്റലിലായിരുന്നു താമസം. ഇവിടെനിന്നു കലൂർ പള്ളിയിൽ പോകുന്നെന്നു പറഞ്ഞാണ് അഞ്ചിനു വൈകിട്ടു പുറത്തിറങ്ങിയത്.

അന്ന് ഉച്ചകഴിഞ്ഞു മൂന്നോടെ അമ്മയെ ഫോണിൽ വിളിച്ചിരുന്നു. അവധി ദിവസങ്ങളിൽ സാധാരണ പെൺകുട്ടി വീട്ടിലേക്കു പോകുകയോ വീട്ടുകാർ ഹോസ്റ്റലിലേക്കു വരുകയോ ആണു പതിവ്. പരീക്ഷയായതിനാൽ ഇത്തവണ വരേണ്ടെന്നു വീട്ടുകാർ പറഞ്ഞു. കാണാതായ രാത്രി ബന്ധുക്കൾ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുണ്ടായി.

അതേസമയം മിഷേലിന്റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. ഒരു യുവാവ് പ്രണയാഭ്യാർത്ഥനയുമായി പെൺകുട്ടിയുടെ പിന്നാലെ നടന്നിരുന്നു. ഈ ശല്യം സഹിക്കാൻ വയ്യാതെ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് വാദം. എന്നാൽ, യുവാവ് ശല്യം ചെയ്തതിനെ തുടർന്ന് ഒരു പെൺകുട്ടി എന്തിന് ആത്മഹത്യ ചെയ്യണം എന്ന ചോദ്യം അവിടെയും അവശേഷിക്കുന്നു. ഒടുവിൽ പെൺകുട്ടിയുടെ ഫോണിലേക്കു വന്ന കോൾ ഈ യുവാവിന്റേതായിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണ് പൊലീസ്.

മൃതദേഹത്തിൽ പരുക്കേറ്റതിന്റെയോ, ആക്രമിക്കപ്പെട്ടതിന്റെയോ തെളിവുകളില്ല. എന്നാൽ ഈ വാദങ്ങൾ തള്ളുന്ന സൂചനകളാണു ബന്ധുക്കൾക്കു ലഭിച്ചത്. യുവാവ് പിന്നാലെ നടന്നു ശല്യം ചെയ്യുന്നതായി പെൺകുട്ടി സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. ഇയാളോടു പ്രണയമുള്ളതായി സൂചന നൽകിയില്ല. സംഭവത്തിന് ഒരാഴ്ച മുൻപു കലൂർ പള്ളിക്കു സമീപം മറ്റൊരു യുവാവ് വഴിയിൽ തടഞ്ഞുനിർത്തി മോശമായി സംസാരിച്ചു. ഇതു സഹപാഠികളാണു മരണശേഷം വെളിപ്പെടുത്തിയത്.

കാണാതായ ദിവസം പെൺകുട്ടി പള്ളിയിൽ പോയിരുന്നു. വൈകിട്ട് 5.37നു പള്ളിയിൽ കയറുന്നതിന്റെയും 6.12നു തിരിച്ചിറങ്ങുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളുണ്ട്. തിരിച്ചിറങ്ങിയപ്പോൾ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ നിരീക്ഷിക്കുന്നതും പിന്തുടരാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. റോഡ് കുറുകെ കടക്കാൻ ശ്രമിച്ച പെൺകുട്ടി ആരെയോ കണ്ടു ഭയന്നെന്നപോലെ പിന്മാറുന്നതും കാണാം. മൃതദേഹം കണ്ടെടുത്തതിനു ദൃക്സാക്ഷികളായ മൽസ്യത്തൊഴിലാളികൾ പറയുന്നതു വിശ്വസിക്കാമെങ്കിൽ ഒരു പകലിൽ കൂടുതൽ പഴക്കം മൃതദേഹത്തിനില്ല. മീൻ കൊത്തിയ അടയാളം പോലുമില്ല.

അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയില്ലെങ്കിലും ആത്മഹത്യ തന്നെയെന്ന നിഗമനത്തിലാണു പൊലീസ്. കേസുമായി ബന്ധപ്പെട്ടു പലർക്കു നേരെയും സംശയങ്ങളുണ്ട്. പക്ഷേ, ഇതുവരെ ആരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ പൊലീസ് തയാറായിട്ടില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. മകളുടെ മരണം ആത്മഹത്യയാണെന്ന പൊലീസ് നിഗമനം വിശ്വാസയോഗ്യമല്ലാത്തതിനാൽ വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു പിറവം പെരിയപ്പുറം സ്വദേശി ഷാജി വർഗീസ് മുഖ്യമന്ത്രിക്കു നിവേദനം നൽകി.