നിവിൻ പോളി നായകനായി എത്തുന്ന പ ചിത്രം കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നതായി അഭ്യൂഹം. രണ്ടര മണിക്കൂറിലേറെ ദൈർഘ്യമുള്ള ചിത്രത്തിൽ ഏതാണ്ട് 20 മിനിറ്റ് നീളുന്ന കഥാപാത്രത്തിന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നതെന്നാണ് സ്ഥിരികരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സംവിധായകൻ റോഷൻ ആൻഡ്രൂസുമായുള്ള സൗഹൃദമാണ് ലാലിനെ ചിത്രത്തിലേക്ക് എത്തിച്ചതെന്നാണ് അണിയറ പ്രവർത്തകരിൽ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ ഏതു കഥാപാത്രമായാകും മോഹൻലാൽ എത്തുക എന്നത് സംബന്ധിച്ച വിവരങ്ങൾ അറിവായിട്ടില്ല.

ടൈറ്റിൽ കഥാപാത്രമായ കൊച്ചുണ്ണിയെ അവതരിപ്പിക്കുന്നത് നിവിനാണ്. ചിത്രത്തിനായി കളരി പയറ്റും കുതിര സവാരിയുമടക്കമുള്ള അഭ്യാസമുറകൾ താരം അഭ്യസിച്ചിരുന്നു. പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക. നേരത്തെ അമലാ പോളിനെയായിരുന്നു നായികയായി നിശ്ചയിച്ചിരുന്നതെങ്കിലും തിരക്കുകൾ കാരണം അമല പിന്മാറുകയായിരുന്നു.

ബാബു ആന്റണിയും ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. വിഷ്വൽ എഫ്ക്ടിന് വലിയ പ്രാധന്യം കൊടുത്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി-സഞ്ജയ് ടീമിന്റേതാണ്.