രു ചെറിയ ഇടവേളയ്ക്ക് ശേഷം അമലാ പോൾ മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന ചിത്രമായിരുന്നു ചരിത്രപുരുഷനായി നിവിൻ പോളി എത്തുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രം. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിന്റെ നായികയായി നിശ്ചയിച്ചിരുന്നത് അമല പോളിനെയായിരുന്നു. എന്നാൽ ചിത്രത്തിൽ അമല ഉണ്ടാകില്ലെന്നാണ് പുതിയ വാർത്തകൾ. ചിത്രത്തിൽ അമലാപോളിന് പകരം എത്തുന്നത് തെന്നിന്ത്യൻ താരം പ്രിയ ആനന്ദ് ആണ്. പൃഥ്വിരാജിന്റെ ഇസ്രയിലൂടെ നേരത്തെ തന്നെ പ്രിയ മോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

എന്നാൽ അമലയെ ഒഴിവാക്കിയതല്ലെന്നും ചിത്രീകരണത്തിന് എത്തിച്ചേരാൻ സാധിക്കാത്തതിനാൽ സ്വമേധയാ പിന്മാറുകയായിരുന്നുവെന്നും റോഷൻ ആൻഡ്രൂസ് പറഞ്ഞു. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ശ്രീലങ്കയാണ്. കേരള കർണാടക അതിർത്തിയായ രാമാടി ഗ്രാമത്തിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന കായംകുളം കൊച്ചുണ്ണി അടുത്ത വർഷം മാർച്ചോടെ തീയേറ്ററുകളിൽ എത്തും.

ചിത്രീകരണത്തിന് അവധി നൽകി അമല പോൾ ഇപ്പോൾ യാത്രയിലാണെന്നാണ് സൂചന. യാത്രാ വിശേഷങ്ങളും ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടിരുന്നു. വെള്ളിയാഴ്ച തിയറ്ററിലെത്തിയ തമിഴ് ചിത്രം തിരുട്ടുപയലേ 2 ആണ് അമലയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.