കൊച്ചി: മികച്ച നടനായുള്ള സംസ്ഥാന പുരസ്‌ക്കാരം തനിക്ക് ലഭിച്ചത് അപ്രതീക്ഷിതമാണെന്ന് നടൻ നിവിൻ പോളി. കലാമൂല്യങ്ങളുള്ള ചിത്രങ്ങൾ ചെയ്യാൻ പ്രചോദനമാണ് പുരസ്‌കരം. സിനിമയിൽ നല്ല സമയമാണെന്നാണ് തോന്നുന്നത്. രണ്ടു സിനിമയിലും വ്യത്യസ്തമായ വേഷമായിരുന്നു. രണ്ടു സിനിമകളുടെയും സംവിധായകർക്ക് നന്ദി പറയുന്നു. അവാർഡ് ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും നിവിൻ പ്രതികരിച്ചു.

പുരസ്‌ക്കാരം 1983യിലെ എബ്രിഡ് ഷൈൻ ചേട്ടന് സമർപ്പിക്കുന്നുവെന്ന് നിവിൻ പോളി. കൂടാതെ അവാർഡ് കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ട്. 1983ലെ കഥാപാത്രം ഇപ്പോഴും മനസിൽ നിന്ന് പോകാതെ ഉണ്ടെന്നും അവാർഡ് വാർത്തയറിഞ്ഞ നിവിൻ പോളി പ്രതികരിച്ചു. ഇപ്പോൾ ഞാൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന ആക്ഷൻ ഹീറോ ബൈജു എന്ന സിനിമയും ഷൈൻ ചേട്ടന്റെതാണെന്നതും സന്തോഷം പകരുന്നുവെന്ന് നിവിൻപോളി പറഞ്ഞു. അവാർഡ് കൂടുതൽ ഉത്തരവാദിത്വത്തങ്ങളാണ് തന്നിലേൽപ്പിക്കുന്നതെന്നും നിവിൻ വ്യക്തമാക്കി.

എന്നാൽ, വിവാഹത്തിനു ശേഷം അഭിനയരംഗത്തു നിന്നു വിട്ടു നിൽക്കുന്ന നസ്‌റിയ വീണ്ടും സിനിമയിലേക്ക് മടങ്ങിവരുമെന്ന് പ്രതികരിച്ചു. അവർഡ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും നസ്‌റിയ പറഞ്ഞു. ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്‌സ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് നസ്!റിയക്ക് പുരസ്‌കാരം ലഭിച്ചത്.

മുന്നറിയിപ്പിലെ അഭിനയത്തിന് മമ്മൂട്ടിയും ഇയ്യോബിന്റെ പുസ്തമെന്ന ചിത്രത്തിലെ അഭിനയത്തിന് ലാലും അപ്പോത്തിക്കരിയിലെയും ഇയ്യോബിന്റെ പുസ്തകത്തിലെയും പ്രകടനത്തിന് ജയസൂര്യയും മികച്ച നടനുള്ള പുരസ്‌കാരത്തിന് അവസാന പട്ടികയിൽ ഉണ്ടായിരുന്നു. ഇവരെ പിന്തള്ളിയാണ് നിവിൻ പോളിയും സുദേവ് നായരും മികച്ച നടനുള്ള അവാർഡ് പങ്കിട്ടത്.