തലശേരി: തന്റെ പുതിയ ചിത്രമായ സഖാവിന്റെ വിജയത്തിനായി വ്യത്യസ്ഥമായ ഒരു പ്രചാരണ പരിപാടി തെരഞ്ഞെടുത്തിരിക്കുകയാണ് നായകൻ നിവിൻ പോളി. തലശേരി മുതൽ വടകര വരെ റോഡ് ഷോ നടത്തികൊണ്ടാണ് നിവിൻ ചിത്രത്തിനു പ്രചാരണം നല്കുന്നത്. ഇടതു രാഷ്ട്രീയത്തിലെ ആദർശ വ്യക്തിത്വത്തെയാണ് ചിത്രത്തിൽ നായകൻ അവതരിപ്പിക്കുന്നത്. ഏപ്രിൽ 15നു ചിത്രം തിയേറ്ററുകളിലെത്തും.

ഏപ്രിൽ മൂന്നിന് രാവിലെ പത്ത് മണിക്ക് തലശേരിയിൽ വച്ച് എ.എൻ. ഷംസീർ എംഎൽഎ നിവിൻ പോളിയുടെ റോഡ് ഷോ ഉദ്ഘാടനം ചെയ്യും. 11 മണിക്ക് ബ്രണ്ണൻ കോളേജിലും 12.30ന് കണ്ണൂർ യൂണിവേഴ്സിറ്റിയിലും സ്വീകരണം. വൈകുന്നേരം ആറ് മണിക്ക് വടകരയിൽ റോഡ് ഷോ സമാപിക്കും.

കൃഷ്ണകുമാർ,കൃഷ്ണൻ എന്നീ കഥാപാത്രങ്ങളായി ഇരട്ട ഗെറ്റപ്പിലാണ് സഖാവ് എന്ന ചിത്രത്തിൽ നിവിൻ പോളി. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി രാകേഷ് ആണ് നിർമ്മാണം. ജോർജ്ജ് വില്യംസ് ആണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം. ഒരു വർഷത്തിലേറെയുള്ള ഇടവേള അവസാനിപ്പിച്ച് തിയറ്ററുകളിലെത്തുന്ന നിവിൻ പോളി ചിത്രവുമാണ് സഖാവ്.