പുതുമുഖങ്ങൾ മുതിർന്ന സംവിധായകരെ ആക്ഷേപിച്ചെന്നും നിന്ദിച്ചെന്നുമൊക്കെ എന്നും ഗോസിപ്പ് വരാറുള്ളതാണ്. ആദ്യമൊക്കെ നിവിൻ പോളിയുടെ പേരിലും അത്തരത്തിൽ ഗോസിപ്പുകൾ വന്നിട്ടുണ്ട്. അത്തരം വാർത്തകൾ ഏതെങ്കിലും സംവിധായകനെ വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നു എന്ന് നിവിൻ പോളി

കുറഞ്ഞ കാലം കൊണ്ട് സൂപ്പർതാര പദവിയിലേക്കുയർന്ന യുവതാരമാണ് നിവിൻ പോളി. തുടർച്ചയായ ഹിറ്റുകളിലൂടെ മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള താരമാണ് നിവിൻ. മുതിർന്ന സംവിധായകരെ വട്ടം ചുറ്റിക്കുന്ന യുവതാരമാണ് നിവിൻ പോളിയെന്ന് ചില ഗോസിപ്പ് കോളങ്ങളിൽ ശ്രുതി പരന്നിരുന്നു. ഇക്കാര്യം ശരിവച്ച് മുതിർന്ന സംവിധായകൻ ഹരികുമാർ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഫെഫ്കാ ഡയറക്ടേഴ്‌സ് യൂണിയനിൽ ഇതുമായി ബന്ധപ്പെട്ട് പരാതി പറഞ്ഞിട്ടുണ്ടെമന്നും ഹരികുമാർ പറഞ്ഞു. പല സംവിധായകരെയും അവിടെ വാ ഇവിട വാ എന്നൊക്കെ പറഞ്ഞ് നിവിൻ പോളി ചുറ്റിച്ചതായി ഡയറക്‌ടേഴ്‌സ് യൂണിയനിൽ പരാതി ലഭിച്ചിരുന്നതായി ഹരികുമാർ വെളിപ്പെടുത്തിയിരുന്നു. ഒരു മുതിർന്ന സംവിധായകനെ നിവിൻ പോളി കുളമ്പ് രോഗം പിടിപെട്ടയാൾ എന്ന് വിളിച്ച് ആക്ഷേപിച്ചെന്നാണ് മറ്റൊരു പരാതി . നിവിൻ പോളിയുടെ സാന്നിധ്യത്തിൽ തന്നെയാണ് ഹരികുമാർ ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാൽ ഇതെല്ലാം തന്നെക്കുറിച്ചുണ്ടായ തെറ്റിദ്ധാരണയെന്ന് നിവിൻ വിശദീകരിച്ചു. ഏതെങ്കിലും സംവിധായകർക്ക് താൻ നിമിത്തം ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിൽ മാപ്പ് പറയുന്നതായി നിവിൻ പോളി പറഞ്ഞു. ഒരു സംവിധായകനെയും തന്റെ പക്കൽ കഥ പറയാൻ വന്നതിന്റെ പേരിൽ വട്ടം കറക്കിയിട്ടില്ല. അത്തരത്തിൽ തെറ്റിദ്ധാരണകളുണ്ടായിട്ടുണ്ടാകാമെന്നും നിവിൻ പോളി. മനോരമാ ന്യൂസ് ചാനലിന്റെ ന്യൂസ് മേക്കർ സംവാദത്തിലാണ് നിവിൻ ഇക്കാര്യം പറഞ്ഞത്. സംവിധായകൻ ഹരികുമാറിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നിവിൻ.

മുതിർന്ന സംവിധായകരോട് ബഹുമാനത്തോടെയാണ് പെരുമാറിയിട്ടുള്ളത്. അവർ വിളിക്കുമ്പോൾ സന്തോഷവും അഭിമാനവുമാണ് തോന്നിയിട്ടുള്ളതെന്നും നിവിൻ മനോരമാ ന്യൂസ് സംവാദത്തിൽ പറയുന്നു. മനോരമാ ന്യൂസ് ന്യൂസ്‌മേക്കറിലെ അന്തിമറൗണ്ടിലേക്ക് പ്രവേശിച്ച ഒരാൾ നിവിൻ പോളിയാണ്. തെറ്റിദ്ധാരണയാവാം ചില പരാതികൾക്കിടായാക്കിയത്. ഞാൻ കാരണം ഏതെങ്കിലും സംവിധായകന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ഇവിടെ വച്ച് മാപ്പ് ചോദിക്കുന്നു എന്നും നിവിൻ പറഞ്ഞു.