ചെന്നൈ: ഹിന്ദിയാണോ തമിഴാണോ തെലുങ്കാണോ എന്നൊന്നും നോക്കാതെ ഏതുഭാഷയിലെ സിനിമയായാലും രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളികൾ. തമിഴ്‌നാട്ടിലെ മുൻനിര നായകരുടെ സിനിമകളെല്ലാം വൻ വിജയമാക്കിയതിൽ മലയാളി പ്രേക്ഷകരുടെ പങ്ക് ചെറുതല്ല. അവിടെ റിലീസ് ചെയ്യുമ്പോൾത്തന്നെ മിക്ക തമിഴ് സിനിമകളും കേരളത്തിലും റിലീസ് ചെയ്യുന്നതും അതുകൊണ്ടുതന്നെ.

തെലുങ്കിൽ നിന്ന് അല്ലു അർജുനും മറ്റും കേരളത്തിൽ ആരാധകരെ കണ്ടെത്തി വിലസുന്നു. ഒടുവിൽ റിലീസ് ചെയ്ത രജനികാന്തിന്റെ കബാലിയും, പ്രഭാസിന്റെ ബാഹുബലിയും വിക്രമിന്റെ ഐയ്യും എല്ലാം കേരളത്തിലും വൻ വിജയമായി.

പക്ഷേ, മലയാള സിനിമയുടെ അവസ്ഥ അതാണോ? തമിഴ്‌നാട്ടിൽ മലയാളസിനിമ റിലീസ് ചെയ്താൽ എന്തുസംഭവിക്കും. തങ്ങൾക്ക് രസിക്കാൻ വകുപ്പുണ്ടെങ്കിൽ നല്ല സിനിമയാണെങ്കിൽ ഭാഷ നോക്കാതെ തമിഴ്‌നാട്ടുകാരും സ്‌നേഹിക്കുമെന്നാണ് നിവിൻപോളിയുടെ പ്രേമം തെളിയിച്ചത്. കഴിഞ്ഞവർഷം പുറത്തിറങ്ങിയ നിവിൻ പോളിയുടെ പ്രേമം 225 ദിവസമാണ് തമിഴ്‌നാട്ടിൽ പ്രദർശിപ്പിച്ചത്.

ഇതോടെ മോഹൻലാലിനെ കടത്തിവെട്ടി നിവിൻപോളി തമിഴ്‌നാട്ടിൽ താരമായി എന്നാണ് നിവിന്റെ ആരാധകർ പറയുന്നത്. ഇത്തരത്തിൽ പ്രചരണങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായി. മോഹൻലാലിന്റെ മൂന്നാംമുറ തമിഴ്‌നാട്ടിൽ 125 ദിവസമാണ് പ്രദർശിപ്പിച്ചത്. കെ മധുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും മറ്റും തമിഴ്‌നാട്ടുകാർക്ക് ഏറെ ഇഷ്ടമായതോടെയാണ് ചിത്രം അവിടെയും ഹിറ്റായത്.

പക്ഷേ നിവിൻപോളിക്കും തകർക്കാനാകാത്ത ഒരു റെക്കോഡുണ്ട് കേരളത്തിന്റെ മഹാനടൻ മമ്മുട്ടിക്ക്. ഒരു സി ബി ഐ ഡയറിക്കുറിപ്പ് എന്ന മമ്മൂട്ടി ചിത്രം തമിഴ്‌നാട്ടിൽ ഒരു വർഷത്തോളമാണ് ഓടിയത്. തമിഴിലെ സൂപ്പർസ്റ്റാറുകളുടെ ചിത്രങ്ങളെല്ലാം പിന്തള്ളി മുന്നിലെത്തിയ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും രണ്ട് സൂപ്പർ ഹിറ്റ് ചിത്രങ്ങളായിരുന്നു മൂന്നാം മുറയും സിബിഐ ഡയറിക്കുറിപ്പും. ലാലിനെ നിവിൻ കടത്തിവെട്ടിയെങ്കിലും മമ്മുട്ടിയെ തോൽപ്പിക്കാനാവില്ലെന്ന ആവേശവുമായാണ് മമ്മുട്ടിയുടെ ആരാധകർ രംഗത്തെത്തിയിട്ടുള്ളത്.

കേസന്വേഷണം പ്രമേയമാകുന്ന സിനിമകൾ ഇന്ത്യൻ സിനിമയിൽ അധികം വന്നുതുടങ്ങിയിട്ടില്ലാത്ത കാലത്തിറങ്ങിയ സിബിഐ ചിത്രം ചെന്നൈയിലെ സഫാരി തിയേറ്ററിൽ ഒരു വർഷത്തോളമാണ് പ്രദർശിപ്പിച്ചത്. എൻഎസ് സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത ഒരു സിബിഐ ഡയറിക്കുറിപ്പിന്റെ ഈ റെക്കോഡ് ഇതുവരെ ഒരു മലയാള സിനിമയും തൊട്ടിട്ടില്ല. 1988 ലാണ് ചിത്രം റിലീസ് ചെയ്തത്.

മോഹൻലാൽ നായകനായ മൂന്നാം മുറയുടെ 125 ദിവസത്തെ റെക്കോഡിനെ നിവിൻപോളി മറുകടന്നപ്പോഴും വർഷങ്ങൾക്കുമുമ്പ് മമ്മുട്ടിചിത്രം ഇട്ട റെക്കോഡ് തകരാതെ നിൽക്കുന്നു. പ്രേമം ചെന്നൈയിലെ ഒരു തിയേറ്ററിലാണ് 225 ദിവസം ഓടിയത്. സമീപകാലത്ത് ഒരു മലയാള സിനിമയ്ക്ക് തമിഴ്‌നാട്ടിൽ ലഭിച്ച ഏറ്റവും വലിയ സ്വീകരണമായി ഈ ചിത്രം മാറിയതോടെ പുതിയ മലയാള ചിത്രങ്ങൾ തമിഴ്‌നാട്ടിലും റിലീസ് ചെയ്യാനുള്ള ആലോചനയിലാണ് നിർമ്മാതാക്കൾ.