തിരുവനന്തപുരം: കപതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിനുശേഷം ഭൂരിഭാഗം ഉദ്യോഗസ്ഥർക്കും കോവിഡ് പിടിപെട്ടു എന്ന തരത്തിൽ ചില സംഘടനകൾ നടത്തുന്ന പ്രചരണം തീർത്തും അടിസ്ഥാനരഹിതമാണെന്ന് നിയമസഭാ സെക്രട്ടറി. സെക്രട്ടറിയുടെ ഓഫീസിൽ നിന്നും പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇത് സംബന്ധിച്ച വിശദീകരണം.

ആയിരത്തി എഴുന്നൂറ്റി അൻപതിൽപ്പരം ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്ന നിയമസഭാ സമുച്ചയത്തിൽ നിലവിൽ നാമമാത്രമായവർക്കു മാത്രമാണ് രോഗബാധയുണ്ടായത്.സഭാ സമ്മേളനത്തിനുശേഷം നടത്തിയ പരിശോധനയിൽ കേവലം രണ്ടുപേർക്കാണ് രോഗബാധ കണ്ടെത്തിയത്.

വസ്തുതകൾ ഇങ്ങനെയായിരിക്കെ പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള ഇത്തരം പ്രചരണങ്ങളിൽനിന്നും ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്ന് നിയമസഭാ സെക്രട്ടറി അഭ്യർത്ഥിച്ചു.

പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിനു ശേഷമാണ് സെക്രട്ടേറിയറ്റ് ജീവനക്കാരിൽ കോവിഡ് പടർന്നു പിടിക്കാൻ തുടങ്ങിയത്. രോഗബാധ റിപ്പോർട്ട് ചെയ്തു തുടങ്ങിയപ്പോൾ തന്നെ ഈ കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വേണ്ടത്ര നടപടി സ്വീകരിക്കാതിരുന്നതാണ് നൂറിലധികം പേർക്ക് രോഗം വരാനും ജിവനക്കാരുടെ കുടുംബാംഗങ്ങൾക്ക് രോഗം പകരാനും കാരണമെന്നുമായിരുന്നു ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ ആരോപണം