തിരുവനന്തപുരം: നിയമസഭയിൽ ചോദ്യോത്തരവേള ഇന്ന് ബഹളത്തിൽ മുങ്ങി. കറുപ്പുടുത്ത് എത്തിയ പിസി ജോർജും ഒ രാജഗോപാലും എല്ലാത്തിനും സാക്ഷികളായി. നിയമസഭയിലെ ചോദ്യോത്തരവേളയിലെ ആദ്യ ചോദ്യത്തിന് ഉത്തരം പറയാൻ മുഖ്യമന്ത്രിയെടുത്തത് 35 മിനിറ്റാണ്. സാധാരണ ചോദ്യോത്തര വേളയിൽ പ്രസംഗങ്ങൾ ഒഴിവാക്കാറാണ് പതിവ്. നീണ്ട ഉത്തരമുണ്ടെങ്കിൽ അത് സഭയുടെ മേശപ്പുറത്ത് വയ്ക്കും. ഇതാണ് ഇത്തവണ തെറ്റിയത്. ശബരിമലയിൽ പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെയായിരുന്നു പിണറായിയുടെ ഉത്തരം പറച്ചിൽ. ഇതിനിടെയാണ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ മറുപടി പറച്ചിലിലെ സമയക്കൂടുതൽ ഉയർത്തിയത്. ഇതോടെ ബഹളവുമായി ഭരണപക്ഷവും എഴുന്നേറ്റു. കൂട്ട പ്രശ്‌നത്തിലേക്ക് സഭ മാറി. ഏതായാലും ചോദ്യോത്തര വേള സസ്‌പെന്റ് ചെയ്യാതെ മുന്നോട്ട് കൊണ്ടു പോകാൻ സ്പീക്കർക്ക് കഴിഞ്ഞു.

പ്രതിപക്ഷ ബഹളത്തോടെ നിയമസഭാ സമ്മേളനം ആരംഭിച്ചത്. ശബരിമലയിലെ നിയന്ത്രണങ്ങൾ നീക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ ബഹളം. മുദ്രാവാക്യം വിളികളും ബാനറുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. ബഹളത്തിനിടയിലും മുഖ്യമന്ത്രി പ്രസംഗം തുടർന്നു. ഇത് നിർത്തിയപ്പോഴാണ് സമയം കൂടുതലെടുത്തുവെന്ന ആരോപണം പ്രതിപക്ഷം ഉയർത്തിയത്. അംഗങ്ങളുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് മുഖ്യമന്ത്രി നടത്തിയെത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതോടെ ഭരണപക്ഷവും ബഹളം തുടങ്ങി. ആരോഗ്യമുള്ളതു കൊണ്ടാണ് മുഴുവൻ കാര്യങ്ങളും പറഞ്ഞതെന്നും ആരോഗ്യമില്ലാത്തവരാണ് സഭയുടെ മേശപ്പുറത്ത് രേഖവയ്ക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ മുഖ്യമന്ത്രിയുടെ ആരോഗ്യം തെളിയിക്കാനുള്ള സ്ഥലമല്ലിതെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിക്കുകയും ചെയ്തു.

ശബരിമലയിലെ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് കറുപ്പ് വസ്ത്രം ധരിച്ചാണ് പി.സി ജോർജ് എംഎ‍ൽഎയും ബിജെപി അംഗം ഒ.രാജഗോപാലും സഭയിലെത്തിയത്. ശബരിമല പ്രശ്നത്തിൽ നിയമസഭയിൽ ഒ. രാജഗോപാലും പി.സി. ജോർജും യോജിച്ചു പ്രവർത്തിക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇരുവരും ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുത്തുമില്ല. ഇന്നലെയാണ് സഭാസമ്മേളനം ഔദ്യോഗികമായി ആരംഭിച്ചത്. 13 ദിവസമാണ് സഭ സമ്മേളിക്കുന്നത്.ആദ്യദിവസമായ ചൊവ്വാഴ്ച പി.ബി. അബ്ദുൾ റസാഖിന് ചരമോപചാരം അർപ്പിക്കുന്നതല്ലാതെ മറ്റു നടപടികൾ ഉണ്ടായിരുന്നില്ല.