തിരുവനന്തപുരം: ശബരിമലയിൽ നിയമസഭ പ്രക്ഷുബ്ദമാകുമെന്ന് ഉറപ്പായി. സഭയുടെ ആദ്യ ദിനത്തിൽ ചരമോപചാരം അർപ്പിക്കൽ മാത്രമായിരുന്നു. നടപടി ക്രമങ്ങൾ തുടങ്ങിയതോടെ സഭയിലെ സംഘർഷം വ്യക്തമായി. ഇന്ന് ചോദ്യോത്തര വേളമുതൽ തന്നെ പ്രശ്‌നമായിരുന്നു. സംഘർഷം കൈവിട്ടു പോയതോടെ സഭാ സമ്മേളനം തന്നെ സ്പീക്കർ നിർത്തി വച്ചു. സഭയിൽ കറുപ്പ് വസ്ത്രം ധരിച്ചെത്തിയ പിസി ജോർജും ഒ രാജഗോപാലും താരമായിരുന്നു. ബിജെപിയും ജനപക്ഷവും ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെയാണ് ശബരിമലയിൽ ആഞ്ഞടിച്ച് പ്രതിപക്ഷം എത്തിയതും. സഭയിൽ സംഘർഷമുണ്ടായതും.

പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതിനെത്തുടർന്ന് സ്പീക്കർ സഭ നിർത്തിവെച്ചു. ചോദ്യോത്തരവേളയുടെ അവസാനമാണ് അൻവർ സാദത്ത് എംഎൽഎയും ഐ.സി ബാലകൃഷ്ണൻ എംഎൽഎയും സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്. ശബരിമല വിഷയം ഉന്നയിച്ച് പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളുമുണ്ടാക്കുന്ന സമയത്താണ് ഇവർ ഡയസിലേക്ക് കയറാൻ ശ്രമിച്ചത്. പ്രതിപക്ഷ അംഗങ്ങൾ തന്നെ ഇവരെ തടഞ്ഞു. ഡയസിലേക്ക് കയറാൻ ശ്രമിച്ച ഐ.സി ബാലകൃഷ്ണെ ഹൈബി ഈഡനും കെ.എം ഷാജിയും ബലം പ്രയോഗിച്ചാണ് പിന്തിരിപ്പിച്ചത്. ഇതോടെ സഭാ നടപടികൾ അവസാനിപ്പിച്ച് സ്പീക്കർ ഇറങ്ങിപ്പോയി. സഭ ആരംഭിച്ചപ്പോൾ തന്നെ ശബരിമല വിഷയം ഉയർത്തിക്കാട്ടി പ്രതിപക്ഷ ബഹളം തുടങ്ങിയിരുന്നു.

ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രി അംഗങ്ങളുടെ അവകാശം കവർന്നെടുത്തുവെന്നും പ്രതിപക്ഷം ആരോപിച്ചു. ആരേയും ചോദ്യം ചോദിക്കാനനുവദിക്കാതെ മുഖ്യമന്ത്രി മുക്കാൽ മണിക്കൂറോളം സംസാരിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ചോദ്യങ്ങൾ ക്ലബു ചെയ്ത് ആരേയും ചോദ്യങ്ങൾ ചോദിക്കാനനുവദിക്കാതെ മുഖ്യമന്ത്രി സംസാരിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ആരോഗ്യം പ്രകടിപ്പിക്കേണ്ടത് നിയമസഭയിലല്ല. എട്ടര മുതൽ 10 വരെയാണ് ചോദ്യോത്തര വേള. അംഗങ്ങളുടെ അവകാശം കവർന്നെടുത്ത് മുഖ്യമന്ത്രി 45 മിനിട്ട് സംസാരിച്ചു. ആരേയും ചോദ്യം ചോദിക്കാൻ അനുവദിച്ചില്ല. ഇങ്ങനെയാണോ സഭ നയിക്കേണ്ടതെന്ന് സ്പീക്കർ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതിനിടെ ആരോഗ്യമുള്ളതു കൊണ്ടാണ് താൻ ചോദ്യോത്തര വേളയിൽ കാര്യങ്ങളെല്ലാം വിശദീകരിച്ചതെന്ന് പിണറായിയും മറുപടി നൽകി.

എന്നാൽ സഭ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ ബഹളമായതിനാലാണ് അങ്ങനെ സംഭവിച്ചതെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. സഭ ആരംഭിച്ചപ്പോൾ തന്നെ ശബരിമല വിഷയം ഉയർത്തിക്കാട്ടി പ്രതിപക്ഷ ബഹളം തുടങ്ങിയിരുന്നു. ശബരിമലയിലെ നിയന്ത്രണങ്ങൾ നീക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ ബഹളം. മുദ്രാവാക്യം വിളികളും ബാനറുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. ബഹളത്തിനിടയിലും മുഖ്യമന്ത്രി പ്രസംഗം തുടർന്നു. ഇന്നലെയാണ് സഭാസമ്മേളനം ഔദ്യോഗികമായി ആരംഭിച്ചത്. 13 ദിവസമാണ് സഭ സമ്മേളിക്കുന്നത്.ആദ്യദിവസമായ ചൊവ്വാഴ്ച പി.ബി. അബ്ദുൾ റസാഖിന് ചരമോപചാരം അർപ്പിക്കുന്നതല്ലാതെ മറ്റു നടപടികൾ ഉണ്ടായിരുന്നില്ല.

എന്നാൽ സഭയിൽ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിരുന്നു, നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസവും ശബരിമല പ്രശ്‌നത്തിൽ പ്രക്ഷോഭം ശക്തമാക്കുകയാണ് യുഡിഎഫ് എംഎൽഎമാർ. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കും വരെ സഭ തടസപ്പെടുത്തുമെന്നാണ് പ്രതിപക്ഷം വ്യക്തമാക്കിയത്. ചോദ്യോത്തര വേളയിൽ ആദ്യത്തെ ചോദ്യം പ്രളയം സംബന്ധിച്ചായിരുന്നു.