- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഫ്ബിയിൽ സിഎജി റിപ്പോർട്ടിനെ പിന്തുണച്ച് പ്രതിപക്ഷം നിയമസഭയിൽ; ഗവർണറേയും സഭയേയും ധനമന്ത്രി തെറ്റിദ്ധരിപ്പിച്ചു; സി.എ.ജിയുടെ കണ്ടെത്തൽ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കി; അടിയന്തര പ്രമേയം തള്ളി; പ്രതിപക്ഷം സഭവിട്ടു; തോമസ് ഐസക് രാജിവച്ച് ഒഴിയണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കിഫ്ബിയിൽ സിഎജി റിപ്പോർട്ടിനെ പിന്തുണച്ച് പ്രതിപക്ഷം നിയമസഭയിൽ. ഗവർണറെയും നിയമസഭയെയും ധനമന്ത്രി തെറ്റിദ്ധരിപ്പിച്ചുവെന്ന് അടിയന്തര പ്രമേയ ചർച്ചയിൽ വി.ഡി.സതീശൻ എംഎൽഎ ആരോപിച്ചു. ഭരണഘടനയുടെ 293ാം വകുപ്പിനെ കിഫ്ബി മറികടന്നു. കിഫ്ബിയെ അല്ല ബജറ്റിന് പുറത്തുള്ള കടമെടുപ്പിനെയാണ് സിഎജി വിമർശിക്കുന്നതെന്നും വി ഡി സതീശൻ വ്യക്തമാക്കി.
കിഫ്ബിയുടെ മുഴുവൻ വായ്പകളും ഭരണഘടനാ ലംഘനമാണെന്ന സിഎജി റിപ്പോർട്ടിലെ വാദം തെറ്റാണെന്നു മന്ത്രി ടി.എം.തോമസ് ഐസക് അടിയന്തര പ്രമേയത്തിന് മറുപടി പറയവെ വ്യക്തമാക്കി. ചർച്ചകൾക്കൊടുവിൽ പ്രമേയം സഭ തള്ളി. ധനമന്ത്രിയുടെ മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപോയി.
സർക്കാരിനോട് ചർച്ച ചെയ്യുകയോ പരിശോധിക്കുകയോ ചെയ്യാതെയാണ് സിഎജി റിപ്പോർട്ടു തയാറാക്കിയതെന്നു ധനമന്ത്രി പറഞ്ഞു. നിയമസഭയോട് ഇതിനേക്കാൾ അനാദരവ് കാണിക്കാനില്ല. ഒരു ബോഡി കോർപറേറ്റായ കിഫ്ബിയാണ് വിദേശ വായ്പയെടുത്തത്. ഫെമ നിയമപ്രകാരം അവർക്കു വായ്പ എടുക്കാൻ അവകാശമുണ്ട്. വായ്പയ്‌ക്കെതിരെ റിസർവ് ബാങ്ക് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. കേരളമെന്ന സംസ്ഥാനത്തുള്ള കിഫ്ബി ലോക വിപണിയിലേക്കിറങ്ങുന്നു എന്നതിന്റെ സന്ദേശം നൽകുകയാണ് മസാല ബോണ്ടിലൂടെ ചെയ്തതെന്നു ധനമന്ത്രി പറഞ്ഞു.
കിഫ്ബിക്കെതിരായ പ്രതിപക്ഷനീക്കം ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടും. കിഫ്ബി പദ്ധതികൾ വേണോ വേണ്ടയോ എന്നകാര്യം യുഡിഎഫ് ജനങ്ങളോട് പറയണം. കിഫ്ബിയിലൂടെ ഇതുവരെ 7300 കോടി ചെലവഴിച്ചു. ദേശീയപാത സ്ഥലമേറ്റെടുപ്പിനു 700 കോടി അനുവദിക്കുന്നതോടെ ചെലവഴിച്ച തുക 8000 കോടി ആകും. മാർച്ചിനകം 12,000കോടിരൂപ കിഫ്ബി പദ്ധതികൾക്കു നൽകാനാണ് തയ്യാറെടുക്കുന്നത്. സാമ്പത്തിക ബാധ്യതയുണ്ടെങ്കിലും 60,000 കോടിയുടെ പദ്ധതികളാണ് കിഫ്ബിയിലൂടെ നടപ്പിലാക്കാക്കുന്നത്. കിഫ്ബി പദ്ധതികൾ നടപ്പിലായാൽ കേരളം മാറുമെന്നും ധനമന്ത്രി അവകാശപ്പെട്ടു.
എന്തിനാണ് സിഎജി ഇത്ര ധൃതി കാണിച്ചതെന്നു ധനമന്ത്രി ചോദിച്ചു. കിഫ്ബി വായ്പയെടുക്കുന്നതിനു സർക്കാർ ഗാരന്റി നൽകുന്നുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി സർക്കാർ തങ്ങളുടെ ഇംഗിതത്തിനു അനുസരിച്ച് നിർത്തുകയാണ്. സിഎജി എക്‌സിറ്റ് മീറ്റിങ്ങിന്റെ മിനിട്ട്‌സ് എജി ഓഫിസിൽനിന്ന് ധനകാര്യവകുപ്പിലേക്കു അയച്ചില്ലെന്നും മന്ത്രി പറഞ്ഞു.
കിഫ്ബി ഭരണഘടനാ വിരുദ്ധമെന്നല്ല, വിദേശ വായ്പ എടുത്തതാണ് ഭരണഘടനാവിരുദ്ധമെന്ന് വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി. ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വിദേശത്തുനിന്നു കടമെടുത്തതെന്നു ധനമന്ത്രി വ്യക്തമാക്കണം. സംസ്ഥാന സർക്കാരിന് എങ്ങനെയാണ് വിദേശ കടമെടുക്കാൻ കഴിയുകയെന്നു സതീശൻ ചോദിച്ചു.
എക്സിറ്റ് മീറ്റിങ് മിനിറ്റ്സ് സിഎജി നൽകിയിട്ടും കിട്ടിയില്ലെന്ന് മന്ത്രി പറഞ്ഞു. കിഫ്ബിക്ക് വിശദീകരണം നൽകാൻ അവസരം നൽകിയില്ലെന്ന വാദം തെറ്റാണ്. മന്ത്രി ഐസക്കിന്റേത് രാഷ്ട്രീയകൗശലമാണ്. ധനമന്ത്രി സിഎജി റിപ്പോർട്ട് ചോർത്തിയത് വിവാദം മുൻകൂട്ടിക്കണ്ടാണ്. തന്ത്രപൂർവം രാഷ്ട്രീയ നിറംകലർത്തി സിഎജിയെ അപമാനിക്കാൻ ശ്രമിച്ചുവെന്നും സതീശൻ കുറ്റപ്പെടുത്തി.
ഭരണഘടനയുടെ 293 ലംഘിച്ചാണ് വിദേശത്ത് പോയി മസാല ബോണ്ട് വിറ്റ് ലോൺ വാങ്ങിയത്. മസാല ബോണ്ടിനെ ചീഫ് സെക്രട്ടറി എതിർത്തിരുന്നു. സിഎജി സർക്കാരിന് മിനിറ്റ്‌സ് അയച്ചെന്ന് ആധികാരികമായി പറയുന്നു. ഒപ്പിടേണ്ട ധനസെക്രട്ടറി മിനിറ്റ്‌സ് തിരിച്ചയച്ചില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
വി.ഡി. സതീശനു ശേഷം സംസാരിച്ച സിപിഎം എൽഎൽഎ ജയിംസ് മാത്യു സതീശന്റെ ആരോപണങ്ങളെ ഖണ്ഡിച്ചു. ആർട്ടിക്കിൾ 293 സർക്കാരിന് മാത്രമാണ് ബാധകമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരല്ല ബോണ്ട് ഇറക്കിയത്. സർക്കാർ ബോണ്ട് ആണെങ്കിൽ മാത്രമാണ് ആർട്ടിക്കിൾ 293 ബാധകമാകുകയെന്നും അദ്ദേഹം പറഞ്ഞു. കോർപറേറ്റ് ബോഡിയായ കിഫ്ബിക്ക് ബാധകമല്ല. സർക്കാർ ഭരണഘടന ലംഘിച്ചിട്ടില്ല. ഭരണഘടനാ ലംഘനം ഇല്ലാത്തതുകൊണ്ടാണ് ആരും നപടിയെടുക്കാത്തതെന്നും ജയിംസ് മാത്യു ചൂണ്ടിക്കാട്ടി.
സിഎജിയെക്കുറിച്ച് ധനമന്ത്രി നടത്തിയ പരാമർശത്തെ സതീശൻ എതിർത്തു. തുടർന്ന്, വ്യക്തിപരമായ പരാമർശങ്ങൾ പിൻവലിക്കുന്നതായി ധനമന്ത്രി അറിയിച്ചു. സിഎജി എക്‌സിറ്റ് മീറ്റിങ്ങിന്റെ മിനിട്ട്‌സ് ധനവകുപ്പിലേക്ക് അയച്ചിട്ടുണ്ടെന്നു താനതു തെളിയിക്കുമെന്നും സതീശൻ വ്യക്തമാക്കി.
ഭരണഘടനാ ലംഘനം നടത്തിയ ധനമന്ത്രി തോമസ് ഐസക്ക് രാജിവച്ച് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഒരുനിമിഷം പോലും അധികാരത്തിൽ തുടരാൻ തോമസ് ഐസകിന് അവകാശമില്ലെന്ന് ചെന്നിത്തല പറഞ്ഞു. അടിയന്തര പ്രമേയം തള്ളിയതിനെത്തുടർന്ന് നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ചെന്നിത്തല ആവശ്യം ഉന്നയിച്ചത്.
ഭരണഘടനയ്ക്ക് അനുസൃതമായി പ്രവർത്തിക്കേണ്ട സർക്കാർ ഭരണഘടന ലംഘിക്കുകയും കേന്ദ്രസർക്കാരിന്റെ അധികാരത്തിൽ കടന്നുകയറുകയും ചെയ്തിരിക്കുകയാണെന്ന് സിഎജി വളരെ വ്യക്തമായി കണ്ടെത്തി. ഒരു ഗവൺമെന്റിനും ഭരണഘടനയ്ക്ക് അതീതമായി പ്രവർത്തിക്കാൻ സാധിക്കില്ല. കിഫ്ബിയിലൂടെ വിദേശത്തുനിന്ന് കടമെടുത്തതും നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിന് മുമ്പ് സിഎജി റിപ്പോർട്ട് ചോർത്തിയതും ഐസക് ചെയ്ത ഗുരുതരമായ തെറ്റാണെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു.
സി.എ.ജിയുടെ കണ്ടെത്തൽ സംസ്ഥാനത്ത് ഗുരുതമായ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കി. അതുകൊണ്ടാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ പ്രതിപക്ഷം ചോദിച്ച ഒരു ചോദ്യങ്ങൾക്കും നീതിപൂർവ്വമായ മറുപടി മന്ത്രി പറഞ്ഞില്ല. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. മന്ത്രിയുടെ നടപടി ജനാധിപത്യ വിരുദ്ധമാണ്. അതുകൊണ്ടാണ് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഈ രണ്ട് തെറ്റുകളും ഐസക് ബോധപൂർവ്വം ചെയ്തതാണ്. മസാല ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് അറിയാത്ത ആളല്ല ധനമന്ത്രി. നിയമസഭയിൽ വയ്ക്കുന്നതിന് മുമ്പ് സിഎജി റിപ്പോർട്ട് ചോർത്തിക്കൊടുത്ത സംഭവം എത്തിക്സ് കമ്മിറ്റിയല്ല മറ്റേത് കമ്മിറ്റി ന്യായീകരിക്കാൻ ശ്രമിച്ചാലും അംഗീകരിക്കാൻ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്