തിരുവനന്തപുരം: ലോക്ഡൗൺ കാരണം സെക്രട്ടേറിയറ്റിൽ ജീവനക്കാർ കുറഞ്ഞത് നിയമസഭാ പ്രവർത്തനങ്ങളെയും ബാധിച്ചു. തമിഴിൽ സത്യപ്രതിജ്ഞ ചെയ്ത ദേവികുളം അംഗം എ. രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് നിയമവകുപ്പ് നിർദേശിച്ചു. തമിഴ് പരിഭാഷയിൽ വന്ന പിഴവാണ് രാജയുടെ സത്യപ്രതിജ്ഞ ചട്ടവിരുദ്ധമാകാൻ കാരണം.

നിയമവകുപ്പിന്റെ തമിഴ് പരിഭാഷയിൽ ദൃഢപ്രതിജ്ഞയാണോ ദൈവനാമത്തിലാണോ എന്ന് വ്യക്തമാക്കിയിരുന്നില്ല. ഈ പിഴവ് വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിവേണമെന്ന് നിയമവകുപ്പിനോട് നിയമസഭാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. എഡിറ്റ് ചെയ്തപ്പോൾ ആ ഭാഗം ഒഴിവായിപ്പോയി എന്നാണ് നിയമവകുപ്പ് അറിയിച്ചത്. എഡിറ്റ് ചെയ്ത ഉദ്യോഗസ്ഥൻ വിരമിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ എന്ത് നടപടി വേണമെന്ന ആലോചനയിലാണ് നിയമവകുപ്പ്.

അതിനിടെ കോവിഡ് നിയമസഭയുടെ പ്രവർത്തനത്തേയും ബാധിക്കും. എംഎ‍ൽഎ.മാരുടെ ചോദ്യങ്ങൾക്ക് ഉത്തരം ശേഖരിച്ചുനൽകാൻ വിവിധ വകുപ്പുകളിൽ ഉദ്യോഗസ്ഥരില്ലാത്തതിനാൽ ജൂൺ ആറുവരെ നിയമസഭയിൽ ചോദ്യോത്തരം റദ്ദാക്കി. ഈ പ്രതിസന്ധി ഒഴിവാക്കാൻ ഇതുമായി ബന്ധപ്പെട്ട കൂടുതൽ ജീവനക്കാർ സെക്രട്ടേറിയറ്റിൽ ഹാജരാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

കൂടുതൽപേർ ഓഫീസുകളിൽ എത്തിയതിനാൽ എഴുമുതലുള്ള നാലുദിവസങ്ങളിൽ ചോദ്യോത്തരവേളയുണ്ടാവും. എംഎ‍ൽഎ.മാർ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾക്ക് മന്ത്രിമാർ മറുപടി പറയുന്ന സബ്മിഷൻ തിങ്കളാഴ്ച മുതൽ തുടങ്ങുമെങ്കിലും എണ്ണം പരിമിതപ്പെടുത്തും.