തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവർക്കെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ കുറ്റങ്ങൾ. സുപ്രീം കോടതി ഉത്തരവ് എത്തിയാലുടൻ പ്രതികൾക്കു സമൻസ് അയച്ചു വിചാരണ നടപടികൾ ആരംഭിക്കും. അതിവേഗ വിചാരണയ്ക്കും സാധ്യതയുണ്ട്.

വിചാരണ ഉടൻ ആരംഭിക്കുന്നതിനു തടസ്സമായി 6 പ്രതികളും നൽകിയ വിടുതൽ ഹർജികൾ ഇതേ കോടതിയുടെ പരിഗണനയിലുണ്ട്. അടുത്ത മാസം ഒൻപതിന് പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്. ഈ ഹർജിയിലും പ്രതികൾക്ക് എതിരായി വിധി വരാനാണ് സാധ്യത. അതിന് ശേഷം അപ്പീലുകൾക്കും വഴിയൊരുങ്ങും. ഇതെല്ലാം പൂർത്തിയായ ശേഷമേ വിചാരണ നടക്കാൻ ഇടയുള്ളൂ.

2020 സെപ്റ്റബറിലായിരുന്നു കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ ആവശ്യം സിജെഎം ആയിരുന്ന ആർ ജയകൃഷ്ണൻ തള്ളിയത്. ഇന്ന് ആർ രേഖയാണ് സിജെഎം. അതുകൊണ്ട് തന്നെ രേഖയാകും ഇനി ഈ കേസ് പരിഗണിക്കുക. നിലവിൽ ഫാസ്‌റ്് ട്രാക്ക് പ്രത്യേക കോടതിയിൽ ജഡ്ജിയാണ് ജയകൃഷ്ണൻ. എന്നാൽ ജഡ്ജി മാറ്റവും കേസിൽ പ്രതികളെ സഹായിക്കില്ല. അത്രയേറെ പഴുതില്ലാത്ത വിധിയാണ് സുപ്രീംകോടതി ഇന്നലെ പുറപ്പെടുവിച്ചത്.

വിചാരണയ്ക്കുള്ള തടസ്സങ്ങൾ നീങ്ങിയാൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി കേസ് പരിഗണിക്കുന്ന തീയതി തീരുമാനിച്ച് പ്രതികൾക്ക് സമൻസ് അയയ്ക്കും. നേരത്തെ കോടതിയിൽ സമർപ്പിച്ചു കഴിഞ്ഞ കുറ്റപത്രം പ്രതികളെ വായിച്ചു കേൾപ്പിക്കലാണ് അടുത്ത നടപടി. അവർ കുറ്റം നിഷേധിക്കുന്നതോടെ വിചാരണ നടപടികൾ ആരംഭിക്കും. സാക്ഷി വിസ്താരമാണ് ആദ്യം. ദൃശ്യ തെളിവുകൾ അതിനിർണ്ണായകമാകും. അതുകൊണ്ട് തന്നെ പൊതുമുതൽ നശീകരണത്തിന് തെളിവുകൾ ഏറെയുണ്ട്.

ടിവി ചാനലുകൾ കയ്യാങ്കളി തത്സമയം സംപ്രേഷണം ചെയ്തിരുന്നു. നിയമസഭ സെക്രട്ടേറിയറ്റ് തന്നെ പകർത്തിയ ദൃശ്യങ്ങളുമുണ്ട്. കയ്യാങ്കളിക്കേസിൽ പ്രതികൾക്കെതിരായി ക്രൈംബ്രാഞ്ച് ചുമത്തിയ വകുപ്പുകളും ലഭിക്കാവുന്ന ശിക്ഷയും വിലയിരുത്തിയാൽ അഞ്ചു കൊല്ലം വരെ പ്രതികൾക്ക് തടവു ശിക്ഷ കിട്ടാൻ ഇടയുണ്ട്.

ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) 447 അതിക്രമിച്ചു കടക്കൽ എന്ന കുറ്റത്തിന് 3 മാസം വരെ തടവ്, 500 രൂപ പിഴ (രണ്ടും ഒരുമിച്ചുമാകാം)യും ലഭിക്കും ഐപിസി 427 50 രൂപയ്ക്കു മുകളിൽ മൂല്യമുള്ള സാധനങ്ങൾ നശിപ്പിക്കൽ എന്ന വകുപ്പിൽ 2 വർഷം വരെ തടവ്, പിഴ (രണ്ടും ഒരുമിച്ചുമാകാം)യും ആണ് ശിക്ഷ. പൊതുമുതൽ നശീകരണം തടയൽ നിയമം (പിഡിപിപി ആക്ട്) 3(1) ആണ് പ്രധാനം. 5 വർഷം വരെ തടവ്, പിഴ (രണ്ടും ഒരുമിച്ചുമാകാം) കിട്ടുന്നതാണ് കുറ്റകൃത്യം. 3 കുറ്റങ്ങളും തെളിഞ്ഞാലും ഒരേ കുറ്റകൃത്യത്തിന്റെ ഭാഗമായതിനാൽ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. എങ്കിലും അഞ്ചു കൊല്ലം വരെ തടവു കിട്ടാൻ സാധ്യത ഏറെയാണ്.

ഭരണഘടനയുടെ 194ാം വകുപ്പ് സംസ്ഥാന നിയമനിർമ്മാണ സഭകളിലെ അംഗങ്ങളുടെ അധികാരങ്ങളും അവകാശങ്ങളും സംബന്ധിച്ചതാണ്. എന്നാൽ ഇതൊന്നും ഈ കേസിൽ ഇനി വില പോകില്ല. വിചാരണകോടതിയിലും സുപ്രീംകോടതി വിധിയുടെ സ്വാധീനമുണ്ടാകും. നിയമസഭയിലെ അക്രമ ദൃശ്യങ്ങൾ തന്നെ സത്യം പറയുന്നതിനാൽ അത് നിർണ്ണായകമായി മാറും. ജനപ്രതിനിധി എന്ന നിലയിലെ പരിരക്ഷ ആർക്കും കിട്ടുകയുമില്ല. ഇക്കാര്യത്തിൽ സുപ്രീംകോടതി വ്യക്തത വരുത്തിയിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി. വ്യത്യസ്ത ഭാഗങ്ങളായാണ് ജസ്റ്റിസ് ചന്ദ്രചൂഡ് വിധി പ്രസ്താവിച്ചത്.

ആദ്യഭാഗത്തിൽ എംഎ‍ൽഎമാർക്ക് നിയമസഭയിൽ പരിരക്ഷ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിലാണ് വ്യക്തത വരുത്തുന്നത്. നിയമസഭയ്ക്കുള്ളിൽ ജനപ്രതിനിധി എന്ന നിലയിലുള്ള പരിരക്ഷ മാത്രമാണുള്ളത്. അല്ലാതെ എന്തെങ്കിലും വിധത്തിലുള്ള ക്രിമിനൽ നടപടികൾക്കുള്ള പരിരക്ഷ ഇന്ത്യൻ ഭരണഘടനയോ മറ്റേതെങ്കിലും നിയമനിർമ്മാണ സഭ നൽകുന്നില്ല. അതിനാൽത്തന്നെ ഈ കേസിലെ പ്രതികൾക്ക് ജനപ്രതിനിധി എന്ന നിലയിലുള്ള പരിരക്ഷ അവകാശപ്പെടാനാവില്ല.

ഒരു പബ്ലിക് പ്രോസിക്യൂട്ടർക്ക് ഈ കേസ് പിൻവലിക്കാനുള്ള അധികാരം ഉണ്ടോ ഇല്ലയോ എന്ന കാര്യത്തെ കുറിച്ചാണ് വിധി പ്രസ്താവത്തിന്റെ രണ്ടാം ഭാഗം. തെളിവുകളുടെ അഭാവം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഈ കേസ് പിൻവലിക്കാൻ പ്രോസിക്യൂട്ടർ അപേക്ഷ നൽകിയത്. പബ്ലിക് പ്രോസിക്യൂട്ടറുടെ നടപടി തെറ്റാണെന്നും നിരീക്ഷിച്ചു. ഈ ഹർജി ആദ്യം തള്ളിയ തിരുവനന്തപുരം സി.ജെ.എം. കോടതിയുടെ നടപടി സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തു. ഫലത്തിൽ തെളിവുകൾ കൂടി അംഗീകരിക്കപ്പെടുന്നു. കോടതിയുടെ പരാമർശങ്ങൾ എതിരാണെന്നു ബോധ്യമായി നേരത്തെ കേസ് പിൻവലിച്ചിരുന്നെങ്കിൽ ഇത്രയും വലിയ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല.

എല്ലാ അർത്ഥത്തിലും ഈ കേസ് സർക്കാരിന് വലിയ തിരിച്ചടിയായി. ഇടതു മുന്നണിക്ക് പോലും രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാക്കി. ബാർക്കോഴക്കേസിൽ കെ.എം.മാണിയെ ശത്രുപക്ഷത്ത് നിർത്തിയാണ് സഭയിൽ പ്രശ്നമുണ്ടാക്കിയത്. എന്നാൽ മാണിയുടെ പാർട്ടിയായ കേരള കോൺഗ്രസ് ഇന്ന് എൽഡിഎഫിലാണ്. അതുകൊണ്ടു തന്നെ ഈ കേസിന്റെ വിചാരണാ ഘട്ടത്തിൽ പോലും മാണിയെ കുറ്റപ്പെടുത്തുന്നതൊന്നും സർക്കാരിന് അനുവദിക്കാൻ കഴിയില്ല. ഇത് പ്രതികൾക്ക് പ്രതിസന്ധിയാകും. അതായത് ഇടതുപക്ഷത്തെ നേതാക്കളെ കുടുക്കിലേക്ക് തള്ളി വിടുമെന്ന അവസ്ഥ.