തിരുവനന്തപുരം: ബില്ലുകളിൽ വലിയ ചർച്ചകളൊന്നും നടക്കാൻ ഇടയില്ല. 3 ദിവസം കൊണ്ടു ബില്ലുകളെല്ലാം അവതരിപ്പിച്ചു സബ്ജക്ട് കമ്മിറ്റിക്കു വിടേണ്ടി വരും. കമ്മിറ്റിയുടെ പരിഗണനയ്ക്കു ശേഷം മടങ്ങിയെത്തുന്ന ബില്ലുകൾ ചർച്ച ചെയ്തു പാസാക്കാനും 3 ദിവസമേ ലഭിക്കൂ. 12 ബില്ലുകൾ ഉള്ളതിനാൽ ദിവസം നാലെണ്ണം വീതം പരിഗണിക്കേണ്ടി വരും. ഇതിനു പുറമേ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിക്കാനുള്ള ബില്ലും പാസാക്കണം. ഓണം വരുന്നതിനാൽ സമ്മേളനം നീട്ടുന്നതിനു തടസ്സമുണ്ട്. സഭാ സമ്മേളനത്തിൽ പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളും പ്രതിഷേധമായി മാറും. അതുകൊണ്ട് തന്നെ ബില്ലുകളുടെ അവതരണവും പാസാക്കലുമെല്ലാം വെറും നടപടി ക്രമമായി മാറാൻ സാധ്യതയുണ്ട്.

വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ, നിയമ നിർമ്മാണത്തിനായി ചേരുന്ന നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ 23നു തന്നെ പരിഗണിക്കാൻ സാധ്യത. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ തുടർന്നുള്ള ദിവസങ്ങളിലാവും പരിഗണിക്കുക. 22നു ചേരുന്ന കാര്യോപദേശക സമിതി ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. റദ്ദായ ഓർഡിനൻസുകൾക്കു പകരമുള്ള 11 ബില്ലുകളും ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലുമാണു കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ഇതെല്ലാം സഭയിൽ അംഗീകരിക്കും.

സഭാ സമ്മേളനത്തിന്റെ ആദ്യ ദിവസമായ 22ന് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട ചർച്ച മാത്രമാണ്. 23 മുതൽ ബില്ലുകൾ പരിഗണിച്ചു തുടങ്ങും. സിപിഐയുടെ ആവശ്യപ്രകാരം 24 മുതൽ 26 വരെ സഭയ്ക്ക് അവധി നൽകേണ്ടി വരും. അങ്ങനെ വന്നാൽ 6 ദിവസമേ നിയമനിർമ്മാണത്തിനു ലഭിക്കൂ. സെപ്റ്റംബർ 2 വരെയാണു സമ്മേളനം. 75-ാം വാർഷികവുമായി ബന്ധപ്പെട്ട ചർച്ചയിൽ കെടി ജലീലിന്റെ കാശ്മീർ പരാമർശവും ചർച്ചയാകും. ഇതിനൊപ്പം നിരവധി വിവാദ വിഷയങ്ങൾ പ്രതിപക്ഷം ഉയർത്താൻ സാധ്യത ഏറെയാണ്.

ലോകായുക്താ സർവ്വകലാശാല നിയമഭേദഗതിക്കൊപ്പം കെടി ജലീൽ വിഷയവും കുഴിയും എല്ലാം പ്രതിപക്ഷം ആയുധമാക്കും. ഈ ചർച്ചകളിൽ സ്പീക്കർ എംബി രാജേഷ് എടുക്കുന്ന നിലപാടും നിർണ്ണായകമാണ്. 22ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനം സിപിഐ നേതാക്കളുടെ അസൗകര്യം പരിഗണിച്ച് 24, 25 തീയതികളിൽ ഒഴിവാക്കിയേക്കും. അങ്ങനെ വന്നാൽ വീണ്ടും സമയം കുറയും. സിപിഐയുടെ ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലാ സമ്മേളനങ്ങൾ ഈ ദിവസങ്ങളിലാണു നടക്കുന്നത്. വിവാദ ബില്ലുകൾ പാസാക്കാനാണ് നിയമസ ചേരുന്നത്. പല വിവാദങ്ങളും സഭയിൽ ചർച്ചയാകും. സ്വർണ്ണ കടത്ത് കേസ് അടക്കം പ്രതിപക്ഷം ഉയർത്തും. പാലക്കാട്ടെ കൊലയും ചർച്ചയാകും.

സെപ്റ്റംബർ 2 വരെ നിയമസഭ ചേരാനാണ് ധാരണ. 22ന് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം പ്രമാണിച്ചുള്ള പ്രത്യേക സമ്മേളനമാണ്. 3 മണിക്കൂർ നീളുന്ന യോഗത്തിൽ മറ്റ് അജൻഡകളില്ല. 23 മുതൽ നിയമനിർമ്മാണം. സെപ്റ്റംബർ 2 വെള്ളിയാഴ്ചയാണെങ്കിലും അന്നു സ്വകാര്യ ബില്ലുകൾക്കു പകരം നിയമനിർമ്മാണം നടത്തും. പല വിഷയങ്ങളിലും പ്രതിപക്ഷം ബഹിഷ്‌കരണത്തിന് വരും. പ്രതിഷേധവും കടുപ്പിക്കും. സ്വർണ്ണ കടത്തിലെ മുഖ്യമന്ത്രി കുടുംബവുമായി ബന്ധപ്പെട്ട അവകാശ ലംഘനത്തിന് മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല. ഇതിൽ സ്പീക്കറുടെ റൂളിംഗും നിർണ്ണായകമാകും. ജലീലിന്റെ പാക് അനുകൂല കാശ്മീർ പ്രസ്താവന വിവാദവും ചർച്ചകളിൽ എത്തും. ജലീലിനെതിരെ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടും സഭയിൽ അറിയാം. അതുകൊണ്ടു തന്നെ സമ്മേളനം പ്രക്ഷുബ്ദമാകാനാണ് സാധ്യത. കുഴി വിവാദവും സഭയിൽ സജീവമാകും.

പ്രതിപക്ഷ ബഹളം അതിരുവിട്ടാൽ എല്ലാ ബില്ലും പെട്ടെന്ന് പാസാക്കി നിയമസഭ പിരിയും. ഇതും സർക്കാർ ആലോചനകളിലുണ്ട്. ജലീലും കുഴിയുമാകും ഇത്തവണ സഭയിലെ പ്രധാന വിഷമാകുക എന്ന വിലയിരുത്തിലാണ് സർക്കാരും. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ കടന്നാക്രമിക്കാനുള്ള ശ്രമത്തെ എന്തു വില കൊടുത്തും ചെറുക്കും. ദേശീയ പാതയിലെ കുഴയിലേക്ക് ചർ്ച്ച കൊണ്ടു വരാനാകും ശ്രമം. ഈ വിഷയത്തിൽ സ്പീക്കർ എടുക്കുന്ന നിലപാട് നിർണ്ണായകമാകും. മുഖ്യമന്ത്രിക്കെതിരായ അവകാശ ലംഘനത്തിൽ അടക്കം സ്പീക്കർ എന്തു പറയുമെന്നതാണ് നിർണ്ണായകം.

നിയമസഭാ സമിതിയുടെ ഭാഗമായിട്ടായിരുന്നു ജലീലിന്റെ കാശ്മീർ സന്ദർശനം. അതുകൊണ്ട് ചട്ട ലംഘനം 'ആസാദി കാശ്മീർ' പരാമർശത്തിലുണ്ടെന്നാണ് വിലയിരുത്തൽ. ജലീലിനെതിരെ സ്പീക്കർക്ക് നടപടികൾ എടുക്കേണ്ട സാഹചര്യമുണ്ട്. സഭാ ചട്ടങ്ങളുടെ ലംഘനം ഉണ്ടായി എന്നാണ് പൊതുവേയുള്ള നിരീക്ഷണങ്ങൾ.