തിരുവനന്തപുരം : മറൈൻ ഡ്രൈവിൽ ശിവസേന പ്രവർത്തകർ സദാചാര പൊലീസ് ചമഞ്ഞ് നടത്തിയ ആക്രമത്തിൽ പൊലീസിന്റെ വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം പൊലീസിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷം നിലപാടെടുത്തപ്പോഴാണ് മുഖ്യമന്ത്രി ഇതു ശരിവച്ചത്. അക്രമം കാട്ടിയവരെ പിന്തിരിപ്പിക്കാൻ സ്ഥലത്തുണ്ടായിരന്ന പൊലീസ് ശ്രമിച്ചില്ലെന്നും ഇത് ഗുരുതര വീഴ്ചയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയെ തുടർന്ന് അടിയന്തര പ്രമേയ ചർച്ചയ്ക്ക് അനുമതി നിഷേധിച്ചു.

ശിവസേനക്കാർ മറൈൻ ഡ്രൈവിലുണ്ടായിരുന്ന സ്ത്രീകളെയും പുരുഷന്മാരെയും അടിച്ചോടിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയക്കാരെന്ന പരിഗണന ശിവസേനയ്ക്ക് നൽകില്ല. ആവശ്യമെങ്കിൽ കാപ്പ ചുമത്തുന്നതടക്കമുള്ളവ പരിഗണിക്കും. സദാചാര ഗുണ്ടകളെ നേരിടുന്നതിൽ വീഴ്ച വരുത്തിയാൽ പൊലീസുകാർക്കെതിരെ കർശന നടപടിയെടുക്കും. മരത്തണലിരുന്നവരെ അടിച്ചോടിക്കുകയായിരുന്നുവെന്നും പിണറായി സഭയിൽ പറഞ്ഞു.

ഹൈബി ഈഡൻ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ശിവസേനക്കാർക്കെതിരെ പിണറായി പൊലീസിന്റെ ലാത്തി പൊങ്ങിയില്ലെന്ന് ഹൈബി ഈഡൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണം ഗൗരവമായി കണക്കിലെടുത്ത മുഖ്യമന്ത്രി സദാചാരക്കാർക്കെതിരെ പൊലീസിന്റെ ലാത്തി ഉയരേണ്ടതാണെന്നും പറഞ്ഞു.

മറൈൻ ഡ്രൈവിലുണ്ടായ സംഭവം കേരളത്തിനാകെ അപമാനമാണെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടി സംസാരിക്കവേ ഹൈബി ഈഡൻ എംഎൽഎ പറഞ്ഞു. പൊലീസിന്റെ ഒത്താശയോടെ ക്രമിനലുകൾ അഴിഞ്ഞാടി. കേരളത്തിൽ വേരില്ലാത്ത കടലാസുസംഘടനയാണ് ശിവസേനയെന്നും പ്രതിപക്ഷം ആരോപിച്ചു. എസ്‌ഐയെ സസ്‌പെൻഡ് ചെയ്യുകയും പൊലീസുകാരെ സ്ഥലംമാറ്റുകയും ചെയ്‌തെങ്കിലും പാളിച്ച പരിഹരിക്കാൻ ഇതൊന്നും പര്യാപ്തമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സഭയിൽ പ്രതിപക്ഷ ബഹളം തുടരുകയാണ്.

ദേശീയ വനിതാ ദിനമായിരുന്ന ഇന്നലെ മറൈൻ ഡ്രൈവിലേക്കു പ്രകടനമായെത്തിയ ശിവസേനാ പ്രവർത്തകർ ചൂരലിന് അടിച്ചും കേട്ടാലറയ്ക്കുന്ന വാക്കുകൾ പ്രയോഗിച്ചും യുവതീയുവാക്കളെ വിരട്ടിയോടിക്കുകയായിരുന്നു. എസ്‌ഐ ഉൾപ്പെടെയുള്ള പൊലീസുകാർ നോക്കിനിൽക്കുമ്പോഴായിരുന്നു ശിവസേനയുടെ അക്രമം. സംഭവവുമായി ബന്ധപ്പെട്ട് ആറു ശിവസേന പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് സെൻട്രൽ എസ്‌ഐ വിജയശങ്കറിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ടു പൊലീസുകാരെ എആർ ക്യാംപിലേക്കു സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.