- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘപരിവാറിനെ കുറിച്ച് പറയുമ്പോൾ പ്രതിപക്ഷത്തിന് പ്രത്യേക മാനസികാവസ്ഥയെന്ന് മുഖ്യമന്ത്രി; കൂത്തുപറമ്പിൽ ജനസംഘത്തിന്റെ പിന്തുണയോടെ മൽസരിച്ചയാളാണ് പിണറായിയെന്ന് ചെന്നിത്തലയും; നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹിഷ്കരണം
തിരുവനന്തപുരം: ആർ.എസ്.എസിനെയും ശിവസേനയെയും പറയുമ്പോൾ പ്രതിപക്ഷത്തിന് അസഹിഷ്ണുതയാണെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷം സംഘപരിവാറിനോട് സമരസപ്പെടുകയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ ആരോപിച്ചു. എന്നാൽ സംഘപരിവാറിനെതിരായ പോരാട്ടത്തിൽ പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി നൽകി. ശിവസേനയുടെ സദാചാരഗുണ്ടാ അക്രമത്തെപ്പറ്റിയുള്ള ചർച്ചയ്ക്കിടെ മുഖ്യമന്ത്രി നടത്തിയ പരാമർശം സഭാ രേഖകളിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് തുടർച്ചയായ രണ്ടാം ദിവസവും സഭയിൽ പ്രതിപക്ഷ ബഹളം തുടക്കത്തിലേ തുടങ്ങി. നിലപാടിൽ മുഖ്യമന്ത്രി ഉറച്ചുനിന്നതോടെ ചോദ്യോത്തരവേള തടസ്സപ്പെട്ടു. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. പ്രതിപക്ഷ നേതാവാണ് രാവിലെ ചർച്ചയ്ക്ക് തുടക്കമിട്ടത്. മുഖ്യമന്ത്രിയുടെ ശിവസേനാ പരാമർശം പിൻവലിക്കണം അല്ലെങ്കിൽ സ്പീക്കർ ഇത് സഭാ രേഖകളിൽ നിന്നും നീക്കണം എന്നിവ ആയിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം. എന്നാൽ ഇവയൊന്നും സ്പീക്കർ അംഗീകരിച്ചില്ല. സഭയിൽ ഇന
തിരുവനന്തപുരം: ആർ.എസ്.എസിനെയും ശിവസേനയെയും പറയുമ്പോൾ പ്രതിപക്ഷത്തിന് അസഹിഷ്ണുതയാണെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷം സംഘപരിവാറിനോട് സമരസപ്പെടുകയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ ആരോപിച്ചു. എന്നാൽ സംഘപരിവാറിനെതിരായ പോരാട്ടത്തിൽ പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി നൽകി.
ശിവസേനയുടെ സദാചാരഗുണ്ടാ അക്രമത്തെപ്പറ്റിയുള്ള ചർച്ചയ്ക്കിടെ മുഖ്യമന്ത്രി നടത്തിയ പരാമർശം സഭാ രേഖകളിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് തുടർച്ചയായ രണ്ടാം ദിവസവും സഭയിൽ പ്രതിപക്ഷ ബഹളം തുടക്കത്തിലേ തുടങ്ങി. നിലപാടിൽ മുഖ്യമന്ത്രി ഉറച്ചുനിന്നതോടെ ചോദ്യോത്തരവേള തടസ്സപ്പെട്ടു. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. പ്രതിപക്ഷ നേതാവാണ് രാവിലെ ചർച്ചയ്ക്ക് തുടക്കമിട്ടത്. മുഖ്യമന്ത്രിയുടെ ശിവസേനാ പരാമർശം പിൻവലിക്കണം അല്ലെങ്കിൽ സ്പീക്കർ ഇത് സഭാ രേഖകളിൽ നിന്നും നീക്കണം എന്നിവ ആയിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം. എന്നാൽ ഇവയൊന്നും സ്പീക്കർ അംഗീകരിച്ചില്ല.
സഭയിൽ ഇന്നലെ നടന്നത് ദൗർഭാഗ്യകരമായിപ്പോയെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. സംഭവത്തിൽ അംഗങ്ങൾ പശ്ചാത്തപിക്കുമെന്ന് താൻ കരുതിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മറൈൻ ഡ്രൈവിൽ സദാചാര ഗുണ്ടായിസം കാട്ടിയ ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തതാണോ എന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് തുടർച്ചയായ രണ്ടാം ദിവസവും സഭയെ പ്രക്ഷുബ്ധമാക്കിയത്. മുഖ്യമന്ത്രിയുടെ പരാമർശം പദവിക്കു നിരക്കാത്തതാണെന്നും പ്രസ്താവന പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. നിയമസഭയിൽ ചർച്ചയ്ക്കിടെ ശിവസേനയേയും സംഘപരിവാറിനേയും കുറിച്ചു പറയുമ്പോൾ പ്രതിപക്ഷത്തിന് പ്രത്യേക മാനസികാവസ്ഥയെന്ന് പിണറായി പറഞ്ഞിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമായത്.
സഭയിൽ സ്പീക്കർ പക്ഷപാതപരമായാണ് പെരുമാറിയതെന്ന് പുറത്ത് മാധ്യങ്ങളെ കണ്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എല്ലാവരുടെയും താൽപര്യങ്ങൾ സംരക്ഷിക്കേണ്ടയാളാണ് സ്പീക്കർ. നിർഭാഗ്യവശാൽ ഇക്കാര്യത്തിൽ അദ്ദേഹത്തിൽനിന്ന് അതുണ്ടായില്ല. കഴിഞ്ഞ ദിവസം താൻ നടത്തിയ പരാമർശം ആരും ആവശ്യപ്പെടാതെ തന്നെ രേഖകളിൽനിന്ന് നീക്കിയ സ്പീക്കർ, പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയുടെ പരാമർശം നീക്കാൻ തയാറായില്ലെന്നും ചെന്നിത്തല ആരോപിച്ചു. ആർഎസ്എസിനെ നേരിടാൻ പിണറായിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. പണ്ട് കൂത്തുപറമ്പിൽ ജനസംഘത്തിന്റെ പിന്തുണയോടെ മൽസരിച്ചയാളാണ് പിണറായിയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി സഭയുടെ നടുത്തളത്തിൽ ഇറങ്ങിയതിനെതിരെ സഭ ചേർന്ന ഉടൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കടുത്ത വിമർശനം ഉന്നയിച്ചു. ഇതുവരെ ഒരു മുഖ്യമന്ത്രിയും ചെയ്യാത്ത കാര്യമാണ് പിണറായി വിജയൻ ചെയ്തതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. സഭാ നേതാവാണ് മുഖ്യമന്ത്രി. സഭയിലെ അംഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടയാൾ. എന്നിട്ടും നടുത്തളത്തിലിറങ്ങി പ്രതിപക്ഷാംഗങ്ങളോട് കയർക്കുകയാണ് അദ്ദേഹം ചെയ്തതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നാൽ, സഭയിൽ നടപടിക്രമങ്ങൾ നടക്കുമ്പോഴല്ല താൻ നടുത്തളത്തിലിറങ്ങിയതെന്നും പ്രതിപക്ഷ നേതാവ് പച്ചക്കള്ളമാണ് പറയുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
സ്പീക്കർ ചെയറിൽ ഇല്ലാത്തപ്പോൾ താൻ നടുത്തളത്തിലിറങ്ങിയതിൽ പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിൽ പ്രകോപിതരായ പ്രതിപക്ഷാംഗങ്ങൾ ഭരണപക്ഷത്തിനെതിരെ ബഹളംവച്ച് പാഞ്ഞടുക്കുകയായിരുന്നു. പ്ലക്കാർഡുയർത്തിയാണ് പ്രതിപക്ഷാംഗങ്ങളിൽ ചിലർ സഭയിലെത്തിയത്.