തിരുവനന്തപുരം: മൂന്നാറിലെ പെമ്പിളൈ ഒരുമയെ പരിഹസിച്ച മന്ത്രി എംഎം മണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം. പ്ലക്കാർഡുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. നിയമസഭയുടെ ചോദ്യാത്തര വേള റദ്ദ് ചെയ്ത് മണിയുടെ വിഷയം ചർച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാൽ ഇത് സ്പീക്കർ അംഗീകരിച്ചില്ല.

ശൂന്യവേളയിലേ അടിയന്തര പ്രമേയം ചർച്ചയ്ക്ക് എടുക്കൂവെന്ന് അറിയിച്ചു. ഇതോടെ ചോദ്യത്തരവേളയുമായി പ്രതിപക്ഷം സഹകരിക്കാനും തുടങ്ങി. മണിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്ലക്കാർഡും പിടിച്ചിട്ടുണ്ട്. എംഎം മണിയുടെ വിഷയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ളവരാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് വർഗ്ഗീയ ധ്രൂവീകരണത്തിന് ആർ എസ് എസ് ശ്രമിക്കുന്നുണ്ടോയെന്ന ചോദ്യമാണ് ആദ്യം പരിഗണിച്ചത്. ഈ സാഹചര്യത്തിൽ ആർ എസ് എസിനെതിരായ ചോദ്യങ്ങളാണ് നിയമസഭയിൽ നിറയുന്നത്.