- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തനിക്ക് പണ്ഡിതോചിതമായി സംസാരിക്കാൻ അറിയില്ലെന്ന് മണി; മണിയുടെ സംസാരം നാട്ടുശൈലിയാണെന്ന് മുഖ്യമന്ത്രിയും; പർവ്വതീകരിക്കുന്നത് മാധ്യമങ്ങൾ; പെമ്പിളൈ ഒരുമയുടെ സമരം രാഷ്ട്രീയപ്രേരിതമെന്നും പിണറായി; മണി രാജിവയ്ക്കും വരെ പ്രതിഷേധമെന്ന് പ്രതിപക്ഷം; നിയമസഭ പ്രക്ഷുബ്ദം
തിരുവനന്തപുരം: മന്ത്രി എം.എം. മണി പെമ്പിളൈ ഒരുമൈയ്‌ക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ നിയമസഭ സ്തംഭിച്ചു. മന്ത്രി മണിയുടെ പരാമർശത്തെ ഇതുവരെ തള്ളിപ്പറഞ്ഞിരുന്ന മുഖ്യമന്ത്രി, ഇന്ന് ആരംഭിച്ച നിയമസഭാ സമ്മേളനത്തിൽ മന്ത്രിയെ പിന്തുണച്ച് രംഗത്തെത്തി. ഇതും പ്രതിപക്ഷത്തെ ചൊടിപ്പിച്ചു, മണി രാജിവയ്ക്കും വരെ നിയമസഭ സ്തംഭിപ്പിക്കുമെന്നാണ് പ്രതിപക്ഷ നിലപാട്. സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുമെന്നും പറ#്ഞു. മണിയുടെ സംസാരം നാട്ടുശൈലിയാണ് എന്ന പതിവു ന്യായീകരണവുമായാണ് മുഖ്യമന്ത്രി മണിക്കു പിന്തുണ പ്രഖ്യാപിച്ചത്. പെമ്പിളൈ ഒരുമൈയുടെ സമരം രാഷ്ട്രീയപ്രേരിതമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇടുക്കിയിലെ ഓരോ കാര്യങ്ങളും വ്യക്തമായി അറിയാവുന്നയാളാണ് മന്ത്രി മണിയെന്ന് പിണറായി അഭിപ്രായപ്പെട്ടു. മണിയുടെ സംസാരം നാട്ടുശൈലിയാണ്. അതിനെ ചിലർ പർവതീകരിച്ചു കാണിക്കുകയാണ്. മാധ്യമങ്ങളും അതു വളച്ചൊടിച്ചു. പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മണി മാപ്പു പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി
തിരുവനന്തപുരം: മന്ത്രി എം.എം. മണി പെമ്പിളൈ ഒരുമൈയ്‌ക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ നിയമസഭ സ്തംഭിച്ചു. മന്ത്രി മണിയുടെ പരാമർശത്തെ ഇതുവരെ തള്ളിപ്പറഞ്ഞിരുന്ന മുഖ്യമന്ത്രി, ഇന്ന് ആരംഭിച്ച നിയമസഭാ സമ്മേളനത്തിൽ മന്ത്രിയെ പിന്തുണച്ച് രംഗത്തെത്തി. ഇതും പ്രതിപക്ഷത്തെ ചൊടിപ്പിച്ചു, മണി രാജിവയ്ക്കും വരെ നിയമസഭ സ്തംഭിപ്പിക്കുമെന്നാണ് പ്രതിപക്ഷ നിലപാട്. സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുമെന്നും പറ#്ഞു.
മണിയുടെ സംസാരം നാട്ടുശൈലിയാണ് എന്ന പതിവു ന്യായീകരണവുമായാണ് മുഖ്യമന്ത്രി മണിക്കു പിന്തുണ പ്രഖ്യാപിച്ചത്. പെമ്പിളൈ ഒരുമൈയുടെ സമരം രാഷ്ട്രീയപ്രേരിതമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇടുക്കിയിലെ ഓരോ കാര്യങ്ങളും വ്യക്തമായി അറിയാവുന്നയാളാണ് മന്ത്രി മണിയെന്ന് പിണറായി അഭിപ്രായപ്പെട്ടു. മണിയുടെ സംസാരം നാട്ടുശൈലിയാണ്. അതിനെ ചിലർ പർവതീകരിച്ചു കാണിക്കുകയാണ്. മാധ്യമങ്ങളും അതു വളച്ചൊടിച്ചു. പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മണി മാപ്പു പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതിനിടെ, തന്റെ പരാമർശവുമായി ബന്ധപ്പെട്ട് മന്ത്രി എം.എം. മണി നിയമസഭയിൽ വിശദീകരണം നൽകി. സഭയിൽ വിശദീകരണം നൽകാനുള്ള മന്ത്രിയുടെ ശ്രമത്തെ പ്രതിപക്ഷം ആദ്യം തടസ്സപ്പെടുത്തിയിരുന്നു. മണി സംസാരിക്കാൻ എഴുന്നേറ്റപ്പോൾ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പിന്നീട് വിശദീകരണം നൽകാൻ അനുവദിക്കുകയായിരുന്നു.
തനിക്ക് പണ്ഡിതോചിതമായി സംസാരിക്കാൻ അറിയില്ലെന്നും സാധാരണക്കാരന്റെ ഭാഷയെ അറിയുകയുള്ളുവെന്നും മണി വിശദീകരിച്ചു. ചില മാധ്യമപ്രവർത്തകർക്ക് തന്നോട് വിരോധമുണ്ട്. കൈയേറ്റക്കാർക്കും ചില ഉദ്യോഗസ്ഥർക്കും ഈ മാധ്യമ പ്രവർത്തകരുമായി ബന്ധമുണ്ട്. അതിനെയാണ് താൻ വിമർശിച്ചത്. തന്റെ പ്രസംഗത്തിനിടെ ഒരു സ്ത്രീയുടെ പേരോ സ്ത്രീയെന്നോ പോലും പരാമർശിച്ചിട്ടില്ല. സ്ത്രീകളെ അപമാനിച്ചിട്ടുമില്ല. താനും സ്ത്രീകൾ ഉള്ളിടത്തു നിന്നു തന്നെയാണ് വരുന്നത്. ആയിരക്കണക്കിന് സ്ത്രീ തോട്ടം തൊഴിലാളികളുടെ ഇടയിൽ പ്രവർത്തിച്ച ആളാണ്. തനിക്ക് പെൺമക്കളുണ്ടെന്നും മണി പറഞ്ഞു. തന്റെ പ്രസംഗം എഡിറ്റ് ചെയ്ത് അപമാനിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. 17 മിനിറ്റുള്ള പ്രസംഗം മുഴുവൻ കേൾപ്പിച്ചാൽ എല്ലാ ആക്ഷേപവും തീരും. മനസിന്റെ ഭാഷയിലാണ് താൻ സംസാരിച്ചത്. പെമ്പിളൈ ഒരുമ മുമ്പ് നടത്തിയ സമരത്തിലും ഇപ്പോൾ നടത്തുന്ന സമരത്തിലും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നോക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകരും ബിജെപിക്കാരും എത്ര ശ്രമിച്ചിട്ടും സമരത്തിന് ആളെ കിട്ടുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.
മണിയുടെ വിശദീകരണത്തിനിടെ പ്രതിപക്ഷം രണ്ടു തവണ പ്രസംഗം തടസപ്പെടുത്തി. പ്രസംഗത്തിന് ശേഷവും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. പ്ലക്കാർഡുമായി നടുത്തളത്തിലെത്തിയ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു. മണി രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്നാണ് പ്രതിപക്ഷ നിലപാട്. അതുകൊണ്ട് തന്നെ മണിയെ ന്യായീകരിക്കുന്നത് സർക്കാർ തുടർന്നാൽ വരും ദിവസങ്ങളിലും സഭ പ്രക്ഷുബ്ദമാകാൻ തന്നെയാണ് സാധ്യത.
നേരത്തെ ഇടുക്കിയില് കൈയേറ്റ വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ഇടുക്കിയിലെ ഭൂപ്രശ്‌നത്തിൽ സർക്കാരിനു വ്യക്തമായ നിലപാടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വൻകിട തോട്ടം ഉടമകളുടെ കയ്യേറ്റം ഒഴിപ്പിക്കും. ഒഴിപ്പിക്കൽ നിർത്തിവയ്ക്കണമെന്ന നിലപാടില്ല. പാപ്പാത്തിച്ചോലയിലെ കയ്യേറ്റം ഒഴിപ്പിച്ച രീതി ശരിയായില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. കയ്യേറ്റമൊഴിപ്പിക്കാൻ പൊലീസിനെ വിളിച്ചില്ലെന്നും പൊലീസ് അറിയാതെയാണു നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കയ്യേറ്റമൊഴിപ്പിക്കൽ കൂട്ടായി ആലോചിച്ച് എടുക്കേണ്ട തീരുമാനമായിരുന്നുവെന്നും കയ്യേറ്റം ഒഴിപ്പിക്കൽ നിർത്തിവയ്ക്കണമെന്നു സർക്കാരിനു നിലപാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമയവായത്തിലൂടെയും ജനപിന്തുണയിലൂടെയും കയ്യേറ്റം ഒഴിപ്പിക്കുമെന്നും കയ്യേറ്റവും കുടിയേറ്റവും രണ്ടായി കാണുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ കൂട്ടായ്മയുടേതായ ഇടപെടലായിരുന്നു പെമ്പിളൈ ഒരുമൈ എന്നും അതു സംബന്ധിച്ച് എന്തെങ്കിലും അധിക്ഷേപകരമായി പറഞ്ഞിട്ടുണ്ടെങ്കിൽ അതു ശരിയായ കാര്യമല്ലെന്നുമായിരുന്നു മണിയുടെ പരാമർശത്തോടുള്ള മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം. സഭയ്ക്ക് പുറത്തായിരുന്നു ഇത് പറഞ്ഞത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മുൻ മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദൻ, വനിതാ മന്ത്രിമാർ തുടങ്ങിയവരെല്ലാം മണിയുടെ പരാമർശത്തെ തള്ളിക്കളയുന്ന നിലപാടാണ് ഇതുവരെ കൈക്കൊണ്ടിരുന്നത്. അതിനിടെയാണ് മണിയെ ന്യായീകരിക്കുന്ന നിലപാടുമായി മുഖ്യമന്ത്രി നിയമസഭയിലെത്തിയത്.