തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് പ്രതിപക്ഷം നിയമസഭയിൽ. വി ഡി സതീശൻ എംഎൽഎയാണ് ആരോപണം ഉന്നയിച്ചത്. സ്വാശ്രയ ഫീസ് വർധന വിഷയത്തിൽ സർക്കാരും മാനേജ്‌മെന്റുകളും ഒത്തുകളിച്ചുവെന്നാണ് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നോട്ടീസ് നൽകിയ വി ഡി സതീശന്റെ ആരോപണം.

ആരോഗ്യ മന്ത്രിയെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഫീസ് വർധനക്കായി ഇടപെട്ടെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ സർക്കാരിന്റെ ഭാഗത്ത് വീഴ്‌ച്ചയുണ്ടായില്ലെന്ന് ആരോഗ്യ മന്ത്രി നിയമസഭയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മാനേജ്മെന്റുകളുമായി ചർച്ച നടത്തി. ഇതിനു ശേഷമാണ് ഫീസ് കുത്തനെ ഉയരുന്നത്. ആരോഗ്യ വകുപ്പിനും ആരോഗ്യ വകുപ്പ് സെക്രട്ടറിക്കും ഇടപെടാനാവാത്ത വിധം അവരെ നോക്കു കുത്തിയാക്കി വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. വിഷയത്തിൽ ആരോഗ്യ മന്ത്രി വേണ്ട രീതിയിൽ ഇടപെട്ടില്ല എന്നിവയാണ് വി ഡി സതീശൻ ഉന്നയിച്ച പ്രധാന ആരോപണങ്ങൾ.

സുപ്രീം കോടതിയിൽ വേണ്ട വിധം സംസ്ഥാനത്തിനായി ഹാജരായ അഭിഭാഷകൻ വാദിക്കാതിരുന്നുവെന്നും സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അവതരിപ്പിച്ചില്ല എന്നും പ്രതിപക്ഷം ആരോപിച്ചു. പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടു എന്ന പ്രതിപക്ഷ ആരോപണത്തിന് സർക്കാർ മറുപടി നൽകിയില്ല.

കോടതിയിൽ മാനേജ്‌മെന്റുകൾ പോയതുകൊണ്ടുള്ള പ്രശ്‌നങ്ങളാണ് നിലവിലുള്ളതെന്നും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയാലും ഇതിൽ സർക്കാരിന് കൂടുതലായി ഒന്നും പറയാനില്ലെന്നും ആരോഗ്യ മന്ത്രി നിയമസഭയെ അറിയിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇന്നത്തേക്ക് സഭ പരിഞ്ഞു.