തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾക്കും അരുവിക്കര ഉപതെരഞ്ഞെടുപ്പിനും ഇട നിയമസഭാ സമ്മേളനം നാളെ വീണ്ടും തുടങ്ങും. അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സമ്മേളനം പുനഃക്രമീകരിക്കുന്നതുസംബന്ധിച്ച് തിങ്കളാഴ്ച തീരുമാനമുണ്ടാകും. അതോടെ തിരഞ്ഞെടുപ്പിനുമുമ്പ് എത്രദിവസം സമ്മേളനം നടക്കുമെന്ന് വ്യക്തമാകും. അരുവിക്കര ഉപതിരഞ്ഞെടുപ്പ് കാരണം പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ബജറ്റ് ചർച്ചയ്ക്ക് മന്ത്രിമാർക്ക് മറുപടി പറയാൻ ബുദ്ധിമുട്ടുണ്ടാവും. ഈ മാസം എട്ടു മുതൽ ജൂലായ് രണ്ടു വരെയും ഇരുപത് മുതൽ മുപ്പതു വരെയും സമ്മേളിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് പുനക്രമീകരണം.

തുടക്കദിവസംമുതൽതന്നെ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടാകും പ്രതിപക്ഷം സ്വീകരിക്കുക. ബാർകോഴ വീണ്ടും ഉയർന്നുവരും. ആദ്യ ദിവസം മാണിയുടെ ബില്ല് അവതരണമുണ്ട്. ഇത് തടസ്സപ്പെടുത്തും. എന്നാൽ ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിക്കാൻ പ്രതിപക്ഷം ശ്രമിക്കില്ലെന്നാണ് സൂചന. കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം കഴിഞ്ഞതവണ കൂട്ടയടിയിൽ കലാശിച്ചിരുന്നു. അതിന്റെ അലയൊലികൾ ഇതുവരെയും തീർന്നിട്ടില്ല. സ്പീക്കർ പക്ഷപാതപരമായി പെരുമാറിയെന്ന് ആരോപിക്കുന്ന പ്രതിപക്ഷം വീണ്ടും ആ വിഷയം സഭയിൽ കൊണ്ടുവരും.

കഴിഞ്ഞ സമ്മേളനത്തിൽ നിന്ന് ഈ സമ്മേളനത്തിലേക്ക് എത്തുമ്പോൾ ബാർകോഴയിൽ കെ.എം. മാണിയെ കുറ്റവിമുക്തനാക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തുകയാണ്. അതുതന്നെയാകും ഇത്തവണ പ്രതിപക്ഷം വിഷയമാക്കുന്നതും. മാണിയെ രക്ഷിക്കാൻ സർക്കാർ ഇടപെട്ടു എന്ന നിലയിൽ ആ വിഷയം പ്രതിപക്ഷം കത്തിച്ചുനിറുത്തും. വിജിലൻസ് എഡിജിപിയായിരുന്ന ജേക്കബ് തോമസിന്റെ വെളിപ്പെടുത്തലുകൾ ഇതിന് പ്രതിപക്ഷം ആയുധമാകും. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദവും ഉയരും. വിഴിഞ്ഞം പദ്ധതി കരാറുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കണമെന്ന ആവശ്യമാകും പ്രതിപക്ഷം ഉയർത്തുക.

അദാനിയുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിക്കും. വിഴിഞ്ഞവുമായി ബന്ധപ്പെട്ട് ഇരുപതിലേറെ ചോദ്യങ്ങൾക്ക് പ്രതിപക്ഷ എംഎ‍ൽഎമാർ നോട്ടീസ് നൽകിയിട്ടുണ്ട്. അടിയന്തരപ്രമേയവും ഉണ്ടായേക്കാം. സലിംരാജിനെ സിബിഐ അറസ്റ്റ് ചെയ്ത വിഷയവും ഉയരും. മുൻ ഗൺമാൻ പിടിയിലായതിനാൽ ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള അർഹത നഷ്ടപ്പെട്ടുവെന്നാണ് സിപിഐ(എം) അഭിപ്രായം. എന്നാൽ, ഗൺമാനായിരുന്ന ഒരുവ്യക്തി ചെയ്ത നടപടിക്ക് മുഖ്യമന്ത്രി എങ്ങനെ ഉത്തരവാദിയാകും എന്ന മറുപടിയാകും ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാകുക.

പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷവും ചില ആരോപണങ്ങൾ ഉന്നയിക്കും. മലബാർ സിമന്റ്‌സുമായി ബന്ധപ്പെട്ട് മുന്മന്ത്രി എളമരം കരീമിനെതിരെയുള്ള രഹസ്യമൊഴി ഭരണപക്ഷം ആയുധമാക്കും.