തിരുവനന്തപുരം: ഗവർണ്ണർ പി സദാശിവത്തിന്റെ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ നിയമസഭ ഇന്ന് വീണ്ടും ചേർന്നത്. സഭയിൽ അക്രമം കാട്ടിയ എംഎൽഎമാർക്കെതിരെ നടപടി എടുക്കണമെന്ന് ഗവർണ്ണറുടെ നിർദ്ദേശം അംഗീകരിക്കേണ്ടിയും വന്നു.

നിയമസഭയിൽ അതിക്രമം കാണിച്ച എംഎൽഎമാർക്കെതിരെ അച്ചടക്കനടപടി സംബന്ധിച്ച തീരുമാനം ഇന്നുണ്ടായതിന് കാരണവും ഗവർണ്ണറുടെ റിപ്പോർട്ടാണ്. സഭാ സമ്മേളനം തന്നെ ഇനി അധികദിവസം നീളാൻ സാധ്യതയില്ല. പൊതുമുതൽ നശിപ്പിച്ചതിനു നേതൃത്വം കൊടുത്തവർക്കെതിരെ ക്രിമിനിൽ കേസുമുണ്ടാകും. സ്പീക്കറുടെ കസേര മറിച്ചിട്ടതിനും കമ്പ്യൂട്ടറും മൈക്കും തകർത്തതിനുമെതിരെയാണ് നടപടി.

വനിതാ സാമാജികരുമായി ഏറ്റുമുട്ടിയ ഭരണപക്ഷ എംഎ!ൽഎമാരായ കെ. ശിവദാസൻ നായർ, എം.എ. വാഹിദ്, എ.ടി. ജോർജ്, ഡൊമിനിക് പ്രസന്റേഷൻ, മന്ത്രി മാണിക്ക് ചുറ്റും നിന്ന് ലഡു വിതരണം ചെയ്ത കോൺഗ്രസിന്റെയും ലീഗിന്റെയും കേരള കോൺഗ്രസിന്റെയും അംഗങ്ങളായ മോൻസ് ജോസഫ്, തോമസ് ഉണ്ണിയാടൻ, സി. മമ്മൂട്ടി, പി.കെ. ബഷീർ, ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, കെ.എം. ഷാജി തുടങ്ങിയവർക്കെതിരെ നടപടി വേണമെന്ന് പ്രതപക്ഷം ആവശ്യപ്പെടുന്നത് തുടരുകയാണ്.

രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകുമെന്ന് വ്യക്തമാക്കിയതിന് പുറമേ 356ാം വകുപ്പിനെക്കുറിച്ച് ഗവർണർ ഓർമ്മിപ്പിച്ചത് സർക്കാരിന് ഒരു ഭീഷണി തന്നെയാണ്. രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണ് 356ാം വകുപ്പ്. 356ാം വകുപ്പ് പ്രകാരം റിപ്പോർട്ട് അയച്ചാൽ പോലും സാധൂകരിക്കാനാവുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സഭയിലെ അലങ്കോലവുമായി ബന്ധപ്പെട്ട് ഭരണഘടനയുടെ 356ാം വകുപ്പിനെക്കുറിച്ചുള്ള ഗവർണറുടെ പരാമർശം ഉയർത്തി സർക്കാരിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭമാവും സഭയ്ക്കകത്തും പുറത്തും ഇനി പ്രതിപക്ഷം ഉയർത്തുക.

ബജറ്റ് അവതരിപ്പിച്ചിട്ടില്ലെന്ന നിലപാടിൽ നിൽക്കുന്ന പ്രതിപക്ഷം, അംഗങ്ങൾക്കെതിരെ നടപടി കൂടി വരുന്നതോടെ കൂടുതൽ വീറോടെ പ്രതിപക്ഷ സഭയിൽ നിലപാട് എടുക്കും. സംസ്ഥാനത്ത് ഭരണത്തകർച്ച ഉണ്ടായി എന്നതിന് തെളിവാണ് ഗവർണറുടെ പ്രസ്താവനയെന്നാണ് പ്രതിപക്ഷ വ്യാഖ്യാനം. അതേസമയം ഗവർണറുടെ പരാമർശം കാര്യമായി എടുക്കേണ്ടതില്ലെന്ന നിലപാടാണ് ഭരണപക്ഷത്തിന്. വിവാദപരമായ 356ാം വകുപ്പ് പ്രയോഗിക്കാൻ തക്ക സാഹചര്യങ്ങളൊന്നും സംസ്ഥാനത്ത് നിലനിൽക്കുന്നില്ലെന്ന് ഭരണപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഗവർണർ ഒരു മുന്നറിയിപ്പ് നൽകിയെന്നേ ഉള്ളൂ. അല്ലാതെ പ്രതിസന്ധിയൊന്നും ഇല്ലെന്ന് അവർ പറയുന്നു.

സിപിഎമ്മും ഇടതു മുന്നണിയും കരുതലോടെയാണ് ഇക്കാര്യത്തിൽ നിലപാടെടുത്തിരിക്കുന്നത്. 356ാം വകുപ്പ് പ്രയോഗിക്കണമെന്ന് അവർക്ക് അഭിപ്രായമില്ല. ഈ വകുപ്പ് റദ്ദാക്കണമെന്ന് ദീർഘകാലമായി ആവശ്യപ്പെടുന്നവരാണവർ. അതേസമയം, ഗവർണർ പറഞ്ഞത് ഗൗരവമേറിയ കാര്യമാണെന്നും സിപിഐ(എം) കരുതുന്നു. ഭരണത്തകർച്ച ബോദ്ധ്യപ്പെട്ടിട്ടാണല്ലോ ഗവർണർ ഇത്രത്തോളം പറഞ്ഞത് എന്ന് സിപിഐ(എം) നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പിണറായി വിജയന്റെ പ്രതികരണവും ഇതനുസരിച്ചുള്ളതാണ്. അതേസമയം, നിയമസഭയിൽ ബഡ്ജറ്റവതരണം നടന്നു എന്ന സ്പീക്കറുടെ തീരുമാനത്തെ ഗവർണർ നിരാകരിച്ചിട്ടില്ലെന്ന് ഭരണപക്ഷം ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷത്തിന്റെ നിലപാട് ബഡ്ജറ്റവതരണം നടന്നില്ല എന്നാണ്. ഗവർണർ അത് ശരിവച്ചിട്ടില്ല. സ്പീക്കറുടെ തീർപ്പ് അന്തിമമാണെന്ന് ഗവർണറും അംഗീകരിക്കുന്നു.

സഭയിൽ ബഡ്ജറ്റവതരണം നടന്നതായി ഗവർണറും അംഗീകരിക്കുന്നതിനാൽ ഭരണഘടനാ പ്രതിസന്ധിയുണ്ടെന്ന് പറയാനാവില്ല. വോട്ട് ഓൺ അക്കൗണ്ടിന്റെ കാര്യമാണ് ശേഷിക്കുന്നത്. മാർച്ച് 31 ന് മുൻപ് അത് പാസാക്കിയാൽ മതി.