നിയമസഭ കൈയാങ്കളികേസ് പിൻവലിക്കുന്നതിനെതിരെ നൽകിയ തടസ്സ ഹർജികൾ തള്ളി;കൈയാങ്കളി കേസിലെ ഒരു പ്രതി മന്ത്രിയായതിനാൽ പ്രോസിക്യൂഷൻ പക്ഷപാതമായി പ്രവർത്തിക്കാൻ സാധ്യതയുണ്ടെന്ന വാദം അംഗീകരിക്കാതെ കോടതി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: നിയമസഭ കൈയാങ്കളികേസ് പിൻവലിക്കുന്നതിനെതിരെ നൽകിയ തടസ്സ ഹർജികൾ തള്ളി. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറഞ്ഞത്. കേസ് തള്ളി കളയണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ വിടുതൽ ഹർജികൾക്കെതിരെ രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തുമാണ് രംഗത്തു വന്നത്. ഇതിൽ അഭിഭാഷക പരിഷത്താണ് തടസ്സ ഹർജി നൽകിയത്.
കൈയാങ്കളി കേസിലെ ഒരു പ്രതി മന്ത്രിയായതിനാൽ പ്രോസിക്യൂഷൻ പക്ഷപാതമായി പ്രവർത്തിക്കാൻ സാധ്യതയുണ്ടെന്ന് രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ വാദിച്ചു. അതിനാൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. തടസ്സ ഹർജികളെല്ലാം പബ്ലിസിറ്റിക്കു വേണ്ടിയാണെന്നും കേസ് പിൻവലിക്കുന്നത് സംസ്ഥാനത്ത് ആദ്യമല്ലെന്നുമായിരുന്നു പ്രോസിക്യൂഷന്റെ മറുവാദം. ഇതാണ് അംഗീകരിക്കപ്പെടുന്നത്.
മുൻ വിധിയോടെ കാര്യങ്ങളെ കാണുന്നതുകൊണ്ടാണ് പ്രോസിക്യൂഷനെ വിമർശിക്കുന്നതെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ നിയമസഭക്കുള്ളിൽ നടന്ന കൈയാങ്കളിയിൽ പൊതുമുതൽ നശിപ്പിച്ചതാണ് ആറ് എൽഡിഎഫ് നേതാക്കൾക്കെതിരായ കേസ്.
മന്ത്രി വി. ശിവൻകുട്ടി, മുന്മന്ത്രി ഇ.പി. ജയരാജൻ, കെ.ടി. ജലീൽ എംഎൽഎ, സി.കെ. സദാശിവൻ, കെ. അജിത്, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് കേസിലെ പ്രതികൾ. കേസിൽ പിൻവലിക്കാനായി സുപ്രീംകോടതിയിൽ ഹർജിയുമായി പോയ കേരള സർക്കാരിന് രൂക്ഷവിമർശനമാണ് അവിടെ നിന്നും കിട്ടിയത്. അതുകൊണ്ട് തന്നെ കീഴ് കോടതിയും വിചാരണയിലേക്ക് കടക്കാനാണ് സാധ്യത. വാദം കേട്ട് വിടുതൽ ഹർജി തള്ളുമെന്നാണ് വിലയിരുത്തൽ.