തിരുവനന്തപുരം: നിയമസഭ കൈയാങ്കളികേസിൽ പ്രതികളുടെ വിടുതൽ ഹർജി വിചാരണ കോടതി തള്ളി. മന്ത്രി വി. ശിവൻകുട്ടി, മുന്മന്ത്രി ഇ.പി. ജയരാജൻ, കെ.ടി. ജലീൽ എംഎൽഎ, സി.കെ. സദാശിവൻ, കെ. അജിത്, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് കേസിലെ പ്രതികൾ. ഇവരെല്ലാം നവംബർ 22ന് കോടതിയിൽ നേരിട്ട് ഹാജരാകണം. അന്ന് കുറ്റപത്രം വായിക്കും. വിടുതൽ ഹർജി തള്ളിയതിനെതിരെ പ്രതികൾ അപ്പീൽ പോകാൻ സാധ്യതയുണ്ട്. മേൽകോടതി സ്‌റ്റേ നൽകിയൽ വിചാരണ നീളും. അല്ലാത്ത പക്ഷം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ സർക്കാരിന്റെ തന്നെ പ്രോസിക്യൂഷൻ ക്രിമിനൽ കേസിൽ അടുത്ത മാസം വാദങ്ങൾ നിരത്തും.

നേരത്തെ കേസ് പിൻവലിക്കുന്നതിനെതിരെ നൽകിയ തടസ്സ ഹർജികൾ തിരുവനന്തപുരം സിജെഎം കോടതി തള്ളിയിരുന്നു കേസ് തള്ളി കളയണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ വിടുതൽ ഹർജികൾക്കെതിരെ രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തുമാണ് രംഗത്തു വന്നത്. ഇതിൽ അഭിഭാഷക പരിഷത്താണ് തടസ്സ ഹർജി നൽകിയത്. കൈയാങ്കളി കേസിലെ ഒരു പ്രതി മന്ത്രിയായതിനാൽ പ്രോസിക്യൂഷൻ പക്ഷപാതമായി പ്രവർത്തിക്കാൻ സാധ്യതയുണ്ടെന്ന് രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ വാദിച്ചു. അതിനാൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു.

തടസ്സ ഹർജികളെല്ലാം പബ്ലിസിറ്റിക്കു വേണ്ടിയാണെന്നും കേസ് പിൻവലിക്കുന്നത് സംസ്ഥാനത്ത് ആദ്യമല്ലെന്നുമായിരുന്നു പ്രോസിക്യൂഷന്റെ മറുവാദം. ഇതാണ് അംഗീകരിച്ചതോടെ കേസിൽ അവകാശ വാദങ്ങളുമായി ശിവൻകുട്ടി അടക്കം രംഗത്തു വന്നു. വിടുതൽ ഹർജി തള്ളുമ്പോൾ മന്ത്രി കൂടുതൽ പ്രതിരോധത്തിലാകും. കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ നിയമസഭക്കുള്ളിൽ നടന്ന കൈയാങ്കളിയിൽ പൊതുമുതൽ നശിപ്പിച്ചതാണ് ആറ് എൽഡിഎഫ് നേതാക്കൾക്കെതിരായ കേസ്.

കേസിൽ പിൻവലിക്കാനായി സുപ്രീംകോടതിയിൽ ഹർജിയുമായി പോയ കേരള സർക്കാരിന് രൂക്ഷവിമർശനമാണ് അവിടെ നിന്നും കിട്ടിയത്. അതു കൂടി പരിഗണിച്ചാമ് കീഴ് കോടതിയും വിചാരണയിലേക്ക് കടക്കുന്നത്. വിടുതൽ ഹർജിയുമായി മുകൾ കോടതിയിലേക്ക് പോയാലും ഫലം ഉണ്ടാകില്ലെന്ന് മന്ത്രിക്ക് അടക്കം നിയമോപദേശം കിട്ടിയതായും സൂചനയുണ്ട്. എന്നാലും വിചാരണ നീട്ടിക്കൊണ്ടു പോകാൻ അപ്പീൽ നൽകാനാണ് നീക്കം എന്നാണ് സൂചന. നേരത്തെ കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ അപേക്ഷ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. കേസ് തുടരുമെന്നും, കേസ് പിൻവലിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു.

സഭയിൽ ഒട്ടേറെ നാശനഷ്ടമുണ്ടായി എന്ന് കോടതി അഭിപ്രായപ്പെട്ടു. ജനപ്രതിനിധികൾ ഉൾപ്പെട്ട കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും, അതിനാൽ കേസ് പിൻവലിക്കുകയാണെന്നും സർക്കാർ അറിയിക്കുകയായിരുന്നു. എന്നാൽ ഈ വാദം കോടതി തള്ളുകയായിരുന്നു. ഇതാണ് സുപ്രീംകോടതിയും പിന്നീട് അംഗീകരിച്ചത്. 2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണി ബജറ്റ് അവതരിപ്പിക്കുമ്പോൾ സ്പീക്കറുടെ ചേംബറിൽ കയറി കസേര അടക്കം മറിച്ചിട്ടു നടത്തിയ പ്രതിഷേധത്തിൽ രണ്ടര ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് കേസ്. നിയമസഭാ സെക്രട്ടറിയുടെ പരാതിയിൽ അന്നത്തെ ആറു എംഎൽഎ മാർക്കെതിരെ പൊതുമുതൽ നശീകരണ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തി കന്റോൺമെന്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഇതിനിടെ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വി ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. ഇതിനെത്തുടർന്ന് സർക്കാർ കേസ് പിൻവലിക്കാൻ തീരുമാനിച്ചെന്നു ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പൊതുമുതൽ നശീകരണം അടക്കം ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരുന്ന കേസാണ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹർജി നൽകിയത്. ഹർജി പിൻവലിക്കരുതെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകരും കോട്ടയം സ്വദേശികളുമായ എം ടി.തോമസ്, പീറ്റർ മയിലിപറമ്പിൽ എന്നിവർ ഹർജി നൽകിയിരുന്നു. നിയമസഭയിൽ നടന്ന കൈയാങ്കളി പരസ്യമായി ടി.വി. ചാനലുകളിലൂടെ നാട്ടുകാർ കണ്ടിട്ടുള്ളതാണ്. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികൾ ചെയ്ത പ്രതികൾക്കെതിരേ യാതൊരു നിയമനടപടിയുമുണ്ടായില്ലെങ്കിൽ അത് നിയമവ്യവസ്ഥയോടുള്ള പൊതുസമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് ഹർജിക്കാർ വാദിച്ചു. ഇതെല്ലാം അംഗീകരിക്കപ്പെട്ടു.

പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻ മുൻ ധനമന്ത്രി കെ.എം.മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ്, ബജറ്റ് അവതരണത്തിനു ശ്രമിച്ച മാണിയെ തടയാൻ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. ഇതിനിടയിലാണ് പ്രതിപക്ഷ എംഎൽഎ.മാർ സ്പീക്കറുടെ ഡയസ്സിൽ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകർത്തത്. സഭയ്ക്കുള്ളിൽ അക്രമം നടത്തി രണ്ടര ലക്ഷം രൂപയുടെ നാാശം നഷ്ടം വരുത്തിയെന്നായിരുന്നു കേസ്. നിയമസഭാ സെക്രട്ടറിയുടെ പരാതിയിൽ അന്നത്തെ ആറു എംഎൽഎ മാർക്കെതിരെ പൊതുമുതൽ നശീകരണ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തി കന്റോൺമെന്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

ആറ് എംഎൽഎ.മാർ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നും പൊതുമുതൽ നശിപ്പിച്ചുവെന്നും ക്രൈംബ്രാഞ്ചും റിപ്പോർട്ട് നൽകിയിരുന്നു. ജനപ്രതിനിധികൾക്കെതിരായ പരാതി പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയിലാണ് കേസ് ആദ്യം പരിഗണിച്ചത്. പിന്നീട് ഹൈക്കോടതി നിർദ്ദേശ പ്രകാരം തിരുവനന്തപുരം സി.ജെ.എം കോടതിയിലേക്ക് കേസ് മാറ്റുകയായിരുന്നു.