തിരുവനന്തപുരം: സ്വപ്‌നാ സുരേഷിന്റെ ആരോപണങ്ങൾ ആദ്യ ദിവസം നിയമസഭയിൽ ഉയർന്നില്ല. ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും എതിരായ ആരോപണങ്ങളിൽ മുഖ്യമന്ത്രിക്ക് മറുപടിയും പറയേണ്ടി വന്നില്ല. അങ്ങനെ ഇന്നത്തെ നിയമസഭയിൽ നടന്നതെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ ആഗ്രഹിച്ചത് തന്നെ. പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയസഭ ഇന്നത്തേക്ക് പിരിഞ്ഞു. വരും ദിവസങ്ങളിലും ഇത് തുടരാനാണ് സാധ്യത. വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ എസ് എഫ് ഐ നടത്തിയ അക്രമത്തിന് പിന്നിലെ ഗൂഢാലോചനയും ഇതോടെ പുതിയ തലത്തിൽ ചർച്ചയാകും.

ചോദ്യോത്തര വേളയിൽ പ്രതിപക്ഷം കടുത്ത പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയതോടെയാണ് സഭ നിർത്തിവെച്ചത്. പ്ലക്കാർഡുകളും ബാനറുകളുമായി ആയിരുന്നു പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം. സഭ ടിവിയിലൂടെ മാത്രമാണ് നിയമസഭയിലെ സംഭവങ്ങൾ പുറം ലോകത്ത് എത്തുന്നത്. ഇന്നത്തെ പ്രതിപക്ഷ പ്രതിഷേധം സഭാ ടിവി കണ്ടതുമില്ല. അങ്ങനെ നിയമസഭയിലെ പ്രതിഷേധവും പുറത്തെത്താതെ നോക്കാൻ സർക്കാരിന് കഴിഞ്ഞു. അങ്ങനെ എല്ലാം ആഗ്രഹിച്ചതു പോലെ നടന്ന ആദ്യ ദിനം. വരും ദിവസങ്ങളിലും പ്രതിപക്ഷ ബഹളം സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.

അതിനിടെ, സമ്മേളനത്തിൽ മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരുന്നത്. അനിത പുല്ലയിൽ ലോക കേരളസഭ നടക്കുമ്പോൾ പാസ് ഇല്ലാതെ നിയമസഭയിൽ എത്തിയത് മാധ്യമങ്ങളാണ് പുറത്ത് വിട്ടത്. ഇതിന് പിന്നാലെ സുരക്ഷ ശക്തമാക്കുമെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി മീഡിയ റൂമിൽ ഒഴികെ മറ്റെല്ലാ സ്ഥലങ്ങളിലും കടുത്ത നിയന്ത്രണമാണുള്ളത്. പ്രസ് ഗാലറിയിൽ മാധ്യമ പ്രവർത്തകർക്ക് പോകാം. അല്ലാത്തിടത്താണ് നിയന്ത്രണം.

പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പുറത്തുവരാതിരിക്കാനാണ് സഭാ ടിവിയെ സമർത്ഥമായി ഉപയോഗിച്ചതെന്നാണ് വിവരം. സഭ ആരംഭിച്ച ഉടനെ പ്രതിപക്ഷം ചോദ്യോത്തര വേളയിൽ തന്നെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. സഭ ടി.വിയിൽ ഇതിന്റെ ദൃശ്യങ്ങൾ കാണിച്ചില്ല. ഭരണപക്ഷ അംഗങ്ങളുടെ ദൃശ്യങ്ങൾ മാത്രമാണ് സംപ്രേഷണം ചെയ്തത്. പ്രതിപക്ഷ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യരുതെന്ന് സഭ ടി.വിക്ക് വാക്കാൽ നിർദ്ദേശവും നൽകിയിരുന്നു എന്നാണ് സൂചന.

നിയമസഭാ സമുച്ചയത്തിൽ പ്രവേശിക്കുന്നതിന് പാസ് കാണിക്കണമെന്നത് കാലങ്ങളായുള്ള കീഴ്‌വഴക്കമാണ്. എന്നാൽ സഭാ നടപടികൾ റിപ്പോർട്ട് ചെയ്യാൻ മീഡിയാ റൂമിൽ മാത്രം ഇരിക്കണമെന്നതാണ് പുതിയ സാഹചര്യം. ഇവിടെ നിന്ന് ക്യാന്റീനിലേക്കോ പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്കോ മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേക്കോ പോകുന്നതിന് വിലക്കുണ്ട്. ചായ കുടിക്കാനുൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് പുറത്തേക്ക് പോകുന്നതിന് അടക്കം വാച്ച് ആൻഡ് വാർഡിന്റെ നിയന്ത്രണമുണ്ട്

സാധാരണഗതിയിൽ സഭ നിർത്തിവച്ചാൽ അതിന്റെ അനുരഞ്ജന ചർച്ചകൾ നടക്കുക സ്പീക്കറുടെ ഓഫീസിലാണ്. ചർച്ചയ്ക്കായി ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഇവിടേക്ക് എത്തുകയാണ് പതിവ്. ഇത്തരം സാഹചര്യങ്ങളിൽ മാധ്യമപ്രവർത്തകർക്ക് ഇവിടെയെത്താൻ അവസരം നൽകാറുണ്ട്. എന്നാൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കാരണം മീഡിയ റൂമിൽ മാത്രമാണ് മാധ്യമപ്രവർത്തകർക്ക് ഇരിക്കാൻ കഴിയുന്നത്.

കോവിഡ് കാലത്ത് ചാനലുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നിയമസഭയ്ക്കുള്ളിലെ ദൃശ്യങ്ങൾ എടുക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. പകരം സഭാ ടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകി. കോവിഡ് ഇളവുകളുടെ കാലത്ത് ഇത് മാറ്റണമെന്ന് മാധ്യമ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് സ്പീക്കർ ചെയ്തില്ല. പകരം സഭാ ടിവിയിൽ നിന്ന് പോലും പ്രതിപക്ഷ പ്രതിഷേധ ദൃശ്യങ്ങൾ മാറ്റി. ഇതോടെ അതൊന്നും ചാനലുകൾക്ക് കാണിക്കാൻ പറ്റാത്ത സ്ഥിതിയും വന്നു.