- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെപിസിസി സെക്രട്ടറി പിഎം നിയാസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ; നേതാവ് പണംവാങ്ങി യുഡിഎഫ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയെന്ന് ആരോപണം; പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പരാതികളായിരിക്കാം പോസ്റ്ററുകളിലെന്ന് പിഎം നിയാസ് മറുനാടനോട്
കോഴിക്കോട്: കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിൽ കെപിസിസി സെക്രട്ടറിയും ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ പിഎം നിയാസിനെതിരെ പോസ്റ്ററുകൾ. നിയാസിനെ പുറത്താക്കി കോൺഗ്രസിനെ രക്ഷിക്കൂ എന്നാണ് പോസ്റ്ററുകളിലുള്ളത്. പിഎം നിയാസ് എൽഡിഎഫിൽ നിന്നും പണം വാങ്ങി യുഡിഎഫ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയെന്നും പോസ്റ്ററുകളിൽ പറയുന്നു.
കോഴിക്കോട് ഡിസിസി ഓഫീസിന് പരിസരത്തും നഗരത്തിൽ പലയിടങ്ങളിലുമായാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കോഴിക്കോട് നഗരസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പക്കൽ നിന്നും ലക്ഷങ്ങൾ കൈപറ്റി യുഡിഎഫ് സ്ഥനാർത്ഥികളെ തോൽപിക്കാൻ കളമൊരുക്കിയ കെപിസിസി ജനറൽ സെക്രട്ടറി പിഎം നിയാസിനെ പുറത്താക്കുക, എൽഡിഎഫുമായുള്ള വോട്ടുകച്ചവടം അവസാനിപ്പിക്കുക എന്നെല്ലാമാണ് പോസ്റ്ററുകളിൽ പറയുന്നത്. നേരത്തെ ഡിസിസി യോഗത്തിലും നിയാസിനെ കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ഭാരവാഹികൾ ആവശ്യമുന്നയിച്ചിരുന്നു. കോവിഡ് കാരണം ഈ യോഗത്തിൽ നിയാസ് പങ്കെടുത്തിരുന്നില്ല. നാലു സ്ഥാനാർത്ഥികളുടെ തോൽവി ഉറപ്പാക്കിയത് നിയാസ് ആണെന്നായിരുന്നു യോഗത്തിൽ ഉയർന്ന പരാതി. ഇതിനു പിന്നാലെയാണ് ഇപ്പോൾ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അതേ സമയം പോസ്റ്ററുകൾക്ക് പിന്നിൽ പാളയം ഡിവിഷനിൽ നിന്നും പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർത്ഥി സക്കരിയ ആയിരിക്കാമെന്ന് പിഎം നിയാസ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു. കോവിഡ് പിടിപെട്ട് വീട്ടിൽ കഴിയുകയാണ്. അതുകൊണ്ട് തന്നെ പോസ്റ്ററുകൾ ശ്രദ്ധയിൽ പെട്ടിട്ടില്ല. പാളയം ഡിവിഷനിൽ നിന്നും മത്സരിച്ച് പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പരാതികളുണ്ടായിരുന്നു. ആ പരാതികളായിരിക്കാം പോസ്റ്റർ രൂപത്തിൽ വന്നിട്ടുള്ളത് എന്നാണ് മനസ്സിലാക്കുന്നത്. അതല്ലാതെ മറ്റാർക്കും എന്നോട് എതിരഭിപ്രായങ്ങളൊന്നുമില്ല.
പാളയം ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥി സക്കരിയയുടെ സ്ഥാനാർത്ഥിത്വത്തിന്റെ സമയത്ത് തന്നെ എം പ്രവീൺ, സുബ്രഹ്മണ്യൻ അടക്കമുള്ള കോഴിക്കോട്ടെ കോൺഗ്രസ് നേതാക്കളും ഞാനും അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തെ എതിർത്തിരുന്നു. വാർഡിലെ കോൺഗ്രസ് പ്രവർത്തകരുടെയും വോട്ടർമാരുടെയും അഭിപ്രായവും അദ്ദേഹമല്ലാതെ മറ്റാരെയെങ്കിലും അവിടെ മത്സരിപ്പിക്കണമെന്നായിരുന്നു. പ്രവർത്തകരുടെ നിർദ്ദേശ പ്രകാരമാണ് അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തെ എതിർത്തത്. എന്നാൽ എംകെ രാഘവൻ എംപിയടക്കമുള്ളവരുടെ ശുപാർശയിൽ അദ്ദേഹം തന്നെ അവിടെ സ്ഥാനാർത്ഥിയാവുകയായിരുന്നു.
നാലാം തവണയാണ് അദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഈ തവണ പാളയത്ത് അദ്ദേഹം പരാജയപ്പെടുക മാത്രമല്ല അദ്ദേഹത്തേക്കാൾ അധികം വോട്ട് വിമതന് ലഭിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തന്നെ അദ്ദേഹം എനിക്കെതിരെ പരാതി പറഞ്ഞിരുന്നു. ഈ പരാതികളായിരിക്കാം ഇപ്പോൾ പോസ്റ്റർ രൂപത്തിൽ പുറത്ത് വന്നത് എന്നാണ് കരുതുന്നതെന്നും പിഎം നിയാസ് മറുനാടൻ മലയാളിയോട് പറഞ്ഞു. പിഎം നിയാസ് നിലവിൽ കോവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിലാണ്.