- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
1995ൽ ആന്റണിയുടെ മുഖ്യമന്ത്രിക്കസേര സംരക്ഷിച്ച തിരൂരങ്ങാടി; യുഡിഎഫിന്റെ ഭൂരിപക്ഷം കുറച്ചത് നിയാസ് പുളിക്കലകത്ത്; മജീദിനെ ചൊല്ലിയുള്ള അസ്വാരസ്യങ്ങൾ മുതലെടുക്കാൻ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിൻവലിക്കാനൊരുങ്ങി എൽഡിഎഫ്; ലീഗിനെ ഞെട്ടിക്കാൻ നിയാസ് വീണ്ടും എത്തുമോ?
മലപ്പുറം: മുസ്ലിം ലീഗിന് ഉറപ്പിക്കാവുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തിരൂരങ്ങാടി. മലപ്പുറത്തെ പല മണ്ഡലങ്ങളിലും പലവർഷങ്ങളിലും എൽഡിഎഫ് മുസ്ലിം ലീഗിനെ തോൽപിച്ച് അട്ടിമറി വിജയം നേടിയപ്പോഴും എക്കാലത്തും മുസ്ലിം ലീഗിന്റെ ഉറച്ചകോട്ടയായി തിരൂരങ്ങാടി നിലനിന്നിരുന്നു. എന്നാൽ ഇത്തവണ തിരൂരങ്ങാടിയെ ചൊല്ലി മുസ്ലിം ലീഗിൽ കലഹം രൂക്ഷമായിരിക്കുകയാണ്. കെപിഎ മജീദിനെ സ്ഥാനാർത്ഥിയാക്കിയത് മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ അനുമതിയില്ലാതെയാണ്.
കഴിഞ്ഞ ദിവസം തിരൂരങ്ങാടിയിൽ നിന്നുള്ള പ്രവർത്തകരും പ്രാദേശിക നേതാക്കളും പാണക്കാടെത്തി കെപിഎ മജീദിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം കെപിഎ മജീദിനെ തോൽപിക്കാൻ വേണ്ടി പ്രവർത്തിക്കുമെന്നും പ്രവർത്തകർ പറഞ്ഞിരിക്കുകയാണ്. പകരം തിരൂരങ്ങാടിക്കാരനായ പിഎംഎ സലാമിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. കെപിഎ മജീദിനെ ചൊല്ലി യുഡിഎഫിൽ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി മുതലെടുക്കാനൊരുങ്ങുകയാണ് തിരൂരങ്ങാടിയിൽ എൽഡിഎഫ്. ഇതിന്റെ ഭാഗമായി നേരത്തെ നിശ്ചയിച്ച സ്ഥാനാർത്ഥിയെ പിൻവലിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
സിപിഐയിലെ അജിതുകൊളാടിയാണ് എൽഡിഎഫ് സ്ഥാനാർത്ഥി. അദ്ദേഹത്തെ പിൻവലിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട നിയാസ് പുളിക്കലകത്തിനെ ഒരിക്കൽ കൂടി സ്വതന്ത്ര പരിവേശത്തിൽ രംഗത്തിറക്കാനുള്ള ആലോചനകൾ തുടങ്ങിക്കഴിഞ്ഞു. 2011ൽ 36000ൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പികെ അബ്ദുറബ് തിരൂരങ്ങാടിയിൽ നിന്നും വിജയിച്ചിരുന്നതെങ്കിൽ 2016ൽ ആ ഭൂരിപക്ഷം കേവലം ആറായിരത്തിലേക്ക് താഴ്‌ത്തിക്കൊണ്ടുവരാൻ നിയാസ് പുളക്കലകത്തിനായി എന്നതാണ് അദ്ദേഹത്തെ ഒരിക്കൽ കൂടി തിരൂരങ്ങാടിയിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നിൽ. ഇതിനായി മണ്ഡലത്തിൽ പ്രഖ്യാപിച്ച സിപിഐ സ്ഥാനാർത്ഥിയെ പിൻവലിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. മത്സരത്തിൽ നിന്ന് പിന്മാറാൻ അജിതുകൊളാടി സമ്മതം അറിയിച്ചതായാണ് വിവരം.
നിയാസ് പുളിക്കലകത്ത് തുടക്കത്തിൽ മത്സരിക്കാനില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥി കെപിഎ മജീദ് ആണെന്നുള്ളതും അദ്ദേഹത്തിനെതിരെ മണ്ഡലത്തിൽ പ്രതിഷേധം ശക്തമായതും മുതലെടുക്കാനാകുമെന്ന തിരിച്ചറിവിൽ എൽഡിഎഫ് നേതൃത്വത്തം വീണ്ടും നിയാസ് പുളിക്കലകത്തിനെ സമീപിച്ചിരിക്കുകയാണ്. മജീദിനെതിരെ ലീഗിൽ തന്നെയുള്ള പ്രതിഷേധം തങ്ങൾക്ക് അനുകൂലമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. നിയാസ് പുളിക്കലകത്തിന് മണ്ഡലത്തിലുള്ള സ്വീകാര്യത മുതലെടുക്കാനാകുമെന്നും എൽഡിഎഫ് പ്രതീക്ഷിക്കുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടത്താനിരുന്ന എൽഡിഎഫ് മണ്ഡലം കൺവെൻഷനും മാറ്റിവെച്ചിട്ടുണ്ട്. അജിതുകൊളാടിയെ പിൻവലിച്ച് ഒരിക്കൽ കൂടി നിയാസ് പുളിക്കലകത്തിനെ മത്സരിപ്പിച്ച് തിരൂരങ്ങാടിയിൽ അട്ടിമറി വിജയം നേടാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്.
തെരഞ്ഞെടുപ്പ് ചരിത്രത്തിൽ എല്ലായിപ്പോഴും യുഡിഎഫിനെയും മുസ്ലിം ലീഗിനെയും പിന്തുണച്ച മണ്ഡലമാണ് തിരൂരങ്ങാടി. തിരൂരങ്ങാടിയിൽ വിജയിച്ചവരിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും മന്ത്രിമാരാവുകയും ചെയ്തിട്ടുണ്ട്. രണ്ട് പേർ മുഖ്യമന്ത്രിയും ഒരാൾ ഉപമുഖ്യമന്ത്രിയുമായി. 1957 മുതൽ 1965 വരെയും 1970 മുതൽ 1987 വരെയും അവുക്കാദർ കുട്ടി നഹയാണ് തിരൂരങ്ങാടിയിൽ നിന്ന് ജയിച്ചത്. സി.പി. കുഞ്ഞാലിക്കുട്ടി കേയി, യു.എ. ബീരാൻ, കെ. കുട്ടി അഹമ്മദ് കുട്ടി, പി.കെ. അബ്ദുറബ്ബ് എന്നിവരും ഇവിടെ നിന്നും ജയിച്ചു. മുസ്ലിം ലീഗുകാരനല്ലാതെ തിരൂരങ്ങാടിയിൽ നിന്നും വിജയിച്ച ഏക വ്യക്തി എകെ ആന്റണിയാണ്.
ഐഎസ്ഐർഒ ചാരക്കേസിൽ പെട്ട് കെ കരുണാകരൻ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോൾ ഡൽഹിയിൽ നിന്നെത്തി എകെ ആന്റണി കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു. എന്നാൽ ആന്റണിക്ക് മുന്നിലുള്ള ഏക വെല്ലുവിളി ആറ് മാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിട്ട് എംഎൽഎ ആകണമെന്നതായിരുന്നു. കോൺഗ്രസ് മണ്ഡലങ്ങളിൽ പോലും അത്തരമൊരു സാഹചര്യം ഇല്ലാതിരുന്ന ഘട്ടത്തിൽ മുസ്ലിം ലീഗ് ആ വെല്ലുവിളി ഏറ്റെടുത്തു. ആ സമയത്ത് മുസ്ലിം ലീഗിൽ നിന്നും രാജിവെച്ച് ഐഎൻഎൽ പാർട്ടിയിലേക്ക് കൂറുമാറിയ യുഎ ബീരാൻ രാജിവെച്ച് ഒഴിവുവന്ന തിരൂരങ്ങാടിയിൽ ആന്റണിയെ മത്സരിപ്പിച്ചു. ഇടതുമുന്നണി സാംസ്‌കാരിക പ്രവർത്തകനായിരുന്ന ഡോ. എൻഎ കരീമിനെയും മത്സരിപ്പിച്ചു. മൂന്ന് തവണ മാത്രമാണ് ആന്റണി മണ്ഡലത്തിൽ പ്രചണരണത്തിന് വന്നത്.
ആ തെരഞ്ഞെടുപ്പിൽ ആന്റണിയെ 22161 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചുകൊണ്ട് മുസ്ലിം ലീഗ് കോൺഗ്രസിന് നൽകിയ ഉറപ്പ് പാലിച്ചു. ആന്റണിയുടെ മുഖ്യമന്ത്രിക്കസേര തിരൂരങ്ങാടി സംരക്ഷിച്ചു. ആന്റണി പ്രചരണത്തിന് വന്നില്ലെങ്കിലും പികെ കുഞ്ഞാലിക്കുട്ടിക്കായിരുന്നു അന്ന് തിരൂരങ്ങാടിയിൽ തെരഞ്ഞടുപ്പിന്റെ മേൽനോട്ട ചുമതല. അങ്ങനെ തിരൂരങ്ങാടിയിൽ നിന്നും ജയിച്ച മുസ്ലിം ലീഗുകാരനല്ലാത്ത ഏക വ്യക്തിയായി എകെ ആന്റണി. ഇത്തരത്തിൽ എകെ ആന്റണിയുടെ മുഖ്യമന്ത്രി കസേര സംരക്ഷിച്ച യുഡിഎഫിന്റെ ഉറച്ച കോട്ടയായ തിരൂരങ്ങാടിയിലാണ് ഇപ്പോൾ യുഡിഎഫിൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി തർക്കം രൂക്ഷമായിരിക്കുന്നത്. ഈ തർക്കം എങ്ങനെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റാമെന്ന ചിന്തയിലാണ് എൽഡിഎഫുള്ളത്.
യുഡിഎഫിലെ തർക്കം തങ്ങൾക്ക് അനുകൂലമാക്കി മാറ്റണമെങ്കിൽ ഇപ്പോൾ പ്രഖ്യാപിച്ച സ്ഥാനാർത്ഥി മതിയാവില്ലെന്ന ബോധ്യവും എൽഡിഎഫിനുണ്ട്. അതു കൊണ്ട് തന്നെയാണ് വീണ്ടും നിയാസ് പുളിക്കലകത്തിനെ രംഗത്തിറക്കാൻ എൽഡിഎഫ് ആലോചിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നിയാസ് പുളിക്കലകത്ത് നടത്തിയ പ്രകടനം തന്നെയാണ് എൽഡിഎഫിന്റെ പ്രതീക്ഷ.പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകളും എടരിക്കോട്, നന്നമ്പ്ര, തെന്നല, പെരുമണ്ണ, ക്ലാരി പഞ്ചായത്തുകളും ചേർന്നതാണ് തിരൂരങ്ങാടി നിയമസഭ മണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം യുഡിഎഫിന് പ്രതീക്ഷ നൽകുന്നതാണ്.