- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്ലൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന കൊച്ചിയിലെ ജിമ്മുകളിലെ നിത്യസന്ദർശകൻ; കൽക്കിയിലെ വില്ലന് കൂടുതൽ ഇഷ്ടം മോഡലിങ്; ഷോകൾക്കായി ഗോവയിലും ബംഗളൂരുവിലും മോഡൽ യുവതികളെ എത്തിക്കുന്ന ഇടനിലക്കാരൻ; കല്ലൂർ സ്വദേശിനയെ വിവാഹം ചെയ്ത് ബന്ധം ഉപേക്ഷിച്ച അരൂരുകാരൻ; സഞ്ജനാ ഗിൽറാണിയെ കുടുക്കിയത് പബ്ബുകളിൽ ലഹരി നിറച്ച ഈ മലയാളി; സംശയ മുന നീളുന്നത് മലയാളം സിനിമയിലേക്കും; ലഹരിയും സ്വർണ്ണക്കടത്തും മോളിവുഡിനേയും പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ
കൊച്ചി: ബെംഗളൂരുവിൽ ലഹരിമരുന്നു കേസിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്ത നടൻ നിയാസ് മുഹമ്മദന് മലയാള സിനിമയിലും അടുത്ത ബന്ധം. മലയാളത്തിൽ ടൊവീനൊ നായകനായ കൽക്കിയിൽ വില്ലൻ വേഷത്തിൽ നിയാസ് അഭിനയിച്ചിരുന്നു. കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അതിലുപരി സിനിമയിലെ ഡ്രഗ് എത്തിക്കുന്നവരിൽ പ്രധാനിയായിരുന്നു നിയാസ്.
ബെംഗളൂരുവിൽ നിയാസിന് പങ്കാളിത്തമുണ്ടെന്നു കരുതുന്ന പബ്ബിലൂടെയും ഫാഷൻ ഷോകൾ, സിനിമാ സെറ്റുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം ലഹരി ഇടപാട് നടത്തിയിരുന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. നേരത്തെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത സീരിയൽ നടി അനിഘ, അനൂപ് മുഹമ്മദ് തുടങ്ങിയവരുമായി ഇദ്ദേഹത്തിനുള്ള ബന്ധവും സിസിബി പരിശോധിക്കുന്നുണ്ട്. അതിനിടെ സ്വർണക്കടത്തിലും മയക്കുമരുന്ന് കേസിലും അന്വേഷണം മലയാള സിനിമയിലേക്കും നീളുകയുമാണ്. സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചു.
കേരളത്തിൽ സിനിമകളിലൂടെ അത്ര പരിചിതനല്ലെങ്കിലും റാംപ് ഷോകളിലെ സജീവ സാന്നിധ്യമാണ് നിയാസ്. മോഡൽ എന്ന നിലയിൽ സിനിമാ മേഖലയിലുള്ളവർക്കും നിയാസിനെ അറിയാം. കൊച്ചി, ബെംഗളൂരു, ഗോവ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം റാംപ് ഷോകളിലെ പതിവു മോഡലാണ് നിയാസ്. ഷോകൾക്കായി മോഡലുകളെ എത്തിക്കാറുമുണ്ട്. കോറമംഗലയിൽ പ്രവർത്തിക്കുന്ന പ്രമുഖ പബ്ബുകളിൽ ഒന്നിൽ ബിസിനസ് പങ്കാളിയുമാണ്. ഈ പബ്ബ് കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് ബിസിനസ്.
കൊച്ചി കലൂരിൽ വാടകയ്ക്കാണ് താമസം. കൊച്ചിയിലെ ജിമ്മുകളിൽ സ്ഥിരമായി എത്തിയിരുന്നു. അരൂർ സ്വദേശിയാണെന്നാണു സിസിബിയോട് അറിയിച്ചിരുന്നത്. എന്നാൽ അരൂരിൽ ഇദ്ദേഹത്തിന്റെ വീട് കണ്ടെത്താനായില്ലെന്നു പൊലീസ് പറഞ്ഞു. നിയാസ് ബെംഗളൂരുവിൽ സ്ഥിരതാമസം ആക്കിയിട്ട് അഞ്ചു വർഷത്തിലേറെയായി. മോഡലിങ്ങിലും അഭിനയത്തിലും സജീവമാകുന്നതിനാണു ബെംഗളൂരുവിലേക്കു ചുവടുമാറ്റുന്നത് എന്നാണ് സുഹൃത്തുക്കളോട് അറിയിച്ചിരുന്നത്. എറണാകുളം കലൂർ സ്വദേശിനിയെ വിവാഹം കഴിച്ചിരുന്നെങ്കിലും പിന്നീട് ആ ബന്ധം ഒഴിഞ്ഞിരുന്നു.
സിനിമകളിൽ കാര്യമായ വേഷം ലഭിച്ചിരുന്നില്ലെങ്കിലും സിനിമാക്കാരുടെ അടുപ്പക്കാരനും ഇവർക്കു ലഹരി എത്തിക്കുന്നതിൽ പ്രമുഖനുമായിരുന്നു നിയാസ്. ബംഗളൂരുവിൽ അറസ്റ്റിലായ നടി സഞ്ജന ഗിൽറാണിയുടെ അടുത്ത സുഹൃത്താണെന്നു വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. സഞ്ജനയ്ക്കൊപ്പം നിരവധി പാർട്ടികളിലും മറ്റും പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും കേന്ദ്ര ഏജൻസിക്ക് ലഭിച്ചിരുന്നു. നിയാസാണ് സഞ്ജനയ്ക്കെതിരേയും തെളിവ് നൽകിയത്. ഇതിന് ശേഷം അവരുടെ വീട്ടിൽ റെയ്ഡ് നടന്നു. പിന്നെ അറസ്റ്റും.
സഞ്ജനയോട് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവർ ഹാജരായിരുന്നില്ല. സ്ഥലത്തില്ല എന്നായിരുന്നു അറിയിച്ചിരുന്നത്. തുടർന്ന് ഇവർ വീട്ടിലുണ്ടെന്നു വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു സിസിബി റെയ്ഡ്. നിയാസിന്റെ അറസ്റ്റോടെ അന്വേഷണം കേരളത്തിലേക്കും നീളും. മലയാള സിനിമയിലും ഡ്രഗിന്റെ സ്വാധീനം കേന്ദ്ര ഏജൻസികൾ തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയത്.
2019 ജനുവരി 1 മുതലുള്ള മലയാള സിനിമകളുടെ വിശദാംശങ്ങളാണ് സംഘം പ്രധാനമായും പരിശോധിക്കുന്നത്. കള്ളപ്പണം, സ്വർണക്കടത്ത്, മയക്കുമരുന്ന് സംഘങ്ങളുടെ മലയാള സിനിമാ ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായായിട്ടാണ് നടപടിയെന്നാണ് സൂചന. 2019 ജനുവരി 1 മുതലുള്ള മലയാള സിനിമകളിലെ അഭിനേതാക്കൾ, ഇവർക്ക് നൽകിയ പണം, ആകെ ചെലവായ തുക, പണത്തിന്റെ ഉറവിടം എന്നീ വിവരങ്ങളാണ് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്താൻ ശ്രമിക്കുന്നത്.
സിനിമ നിർമ്മാണ മേഖലയിലേക്ക് കള്ളപ്പണം ഒഴുക്കുന്നു എന്ന ആരോപണം ഉയരുന്നതിന് പിന്നാലെയാണ് അന്വേഷണം മലയാള സിനിമാ വ്യവസായത്തിലേക്കും നീളുന്നത്.മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദ് പ്രമുഖ സംവിധായകൻ ഖാലിദ് റഹ്മാനെ 22 തവണ ഫോണിൽ വിളിച്ചുവെന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ജൂൺ ജൂലായ് മാസങ്ങളിലായി 22 തവണയാണ് ഖാലിദ് റഹ്മാൻ അനൂപ് മുഹമ്മദിനെ ഫോണിൽ വിളിച്ചത്.
അനൂപ് മുഹമ്മദ് മൂന്ന് മാസത്തിനിടെ 76 തവണ ബിനീഷ് കോടിയേരിയുമായി ഫോണിൽ ബന്ധപ്പെട്ടതായി റിപ്പോർട്ട് പുറത്തു വന്നിരുന്നു. ബിനിഷ് കോടിയേരിയും അനൂപ് മുഹമ്മദും ജൂണിൽ മാത്രം 58 കാളുകളാണ് നടത്തിയത്. ബിനീഷിനും സിനിമാ ബന്ധങ്ങളുണ്ട്. ിനീഷും അനൂപിനും ഒപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത അബി വെള്ളിമുറ്റം 12 തവണ അനൂപുമായി സംസാരിച്ചു. റമീസ് എന്ന പേരിലുള്ള ഒരാളുടെ 2 നമ്പറുകളിലേക്ക് പല തവണ വിളിച്ചിട്ടുണ്ട്. ഇത് സ്വർണ്ണക്കടത്ത് കേസിലെ പ്രതി റമീസാണോയെന്ന് വ്യക്തമല്ല.
വ്യവസായ, സിനിമ,മേഖലകളിലൊക്കെ നല്ല ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുന്നതാണ് അനൂപിന്റെ കോൾ ലിസ്റ്റ്. തൽക്കാലം ഈ കോൾ ലിസ്റ്റിലെ കർണ്ണാടക സ്വദേശികളുടെ പട്ടിക തയ്യാറാക്കി അവരിലേക്ക് അന്വേഷണം നീട്ടി പിന്നീട് കേരള ബന്ധത്തിലേക്ക് നീങ്ങാനാണ് നാർക്കോട്ടിക് ബ്യൂറോയുടെ ആലോചന.
മറുനാടന് മലയാളി ബ്യൂറോ