- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ചെങ്കിലും ഷെഫ് ആകാൻ കഴിഞ്ഞത് മനം പോലെ മംഗല്യത്തിൽ; ക്ഷണക്കത്തിലേയ്ക്ക് അവസരം ലഭിച്ചത് സീരിയൽ സംവിധായകൻ എഎം നസീർ വഴി; ക്ഷണക്കത്തിലെ ആദ്യത്തെ കഥ മറ്റൊന്നായിരുന്നു; ഞാൻ ഗന്ധർവനിലെ ഹീറോ വേഷം കൈവിട്ടുപോയ കഥ പറഞ്ഞ് നിയാസ് മുസലിയാർ
തിരുവനന്തപുരം: ക്ഷണക്കത്ത് എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് നിയാസ് മുസലിയാർ. സുന്ദരമാർന്ന മുഖവും ആകർഷകമായ ശരീരഭംഗിയും പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന വെള്ളിക്കണ്ണുകളും നാളെയുടെ താരമെന്ന ബഹുമതി പോലും ഒരുകാലത്ത് നിയാസിന് നേടിക്കൊടുത്തു. എന്നാൽ പിന്നെ സിനിമാലോകത്ത് നിയാസ് മുസലിയാരെ തേടി വലിയ അവസരങ്ങളൊന്നും വന്നില്ല. 1989 ൽ പുറത്തിറങ്ങിയ മകയിരം മുതൽ 2018 ൽ പുറത്തിറങ്ങിയ ചാണക്യതന്ത്രം വരെ 19 സിനിമകൾ മാത്രമാണ് നിയാസ് അഭിനയിച്ചത്. സ്പിരിറ്റ്, പ്രണയം, ക്രിസ്ത്യൻ ബ്രദേഴ്‌സ്, ബസ് കണ്ടക്ടർ, ഡോൺ, തസ്‌കരവീരൻ തുടങ്ങിയ ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇപ്പോൾ സീ കേരളത്തിലെ മനം പോലെ മംഗല്യമെന്ന സീരിയലിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി നിയാസ് മാറിക്കഴിഞ്ഞു.
ഗന്ധർവനായി അഭിനയിക്കാൻ ലഭിച്ച അവസരം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട കഥയാണ് സിനിമാത്തെക്കിലെ അഭിമുഖത്തിൽ നിയാസ് മുസലിയാർ പങ്കുവച്ചത്. പ്രശസ്ത സീരിയൽ സംവിധായകനും നിയാസിന്റെ സുഹൃത്തുമായ എഎം നസീറിന്റെ സഹോദരൻ വഴിയാണ് ടികെ രാജീവ് കുമാറിന്റെ സിനിമയിൽ നിയാസിന് അവസരം ലഭിക്കുന്നത്. നവോദയ നിർമ്മിക്കുന്ന ചിത്രം ഒരു ഗന്ധർവന്റെ കഥയാണ് പറയുന്നത്. ആ സിനിമയിൽ നായക കഥാപാത്രമാണ് നിയാസിന് ലഭിച്ചത്. എന്നാൽ സമാനമായ കഥ ഞാൻ ഗന്ധർവൻ എന്ന പേരിൽ പത്മരാജൻ ചെയ്യുന്നു എന്നതറിഞ്ഞ നവോദയ പ്രോജക്ട് ഉപേക്ഷിച്ചു. ഒടുവിൽ പുതിയ കഥയിൽ, പുതിയ നിർമ്മാതാവിനെ വച്ചു എടുത്ത സിനിമയാണ് ക്ഷണക്കത്ത്. അന്ന് അങ്ങനെ സംഭവിച്ചിട്ടില്ലായിരുന്നെങ്കിൽ ഗന്ധർവനായി എത്തുക താനായിരുന്നേനെ എന്ന് നിയാസ് പറയുന്നു.
മലയാളത്തിലെ സിനിമാശൈലിയിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്. ഇന്ന് റിയലിസ്റ്റിക് സിനിമകളുടെ കാലമാണ്. ഒരുപാട് നല്ല നടന്മാർ ഇന്നുണ്ട്. എന്നാൽ ഇന്നത്തെ നടന്മാരെയൊന്നും അന്ധമായി ആരാധിക്കാൻ തോന്നിയിട്ടില്ല. എല്ലാക്കാലവും അന്ധമായി ആരാധിച്ചിട്ടുള്ളത് മോഹൻലാലിനേയും മമ്മൂട്ടിയേയുമാണ്. തമിഴിൽ രജനികാന്തിനേയും ഹിന്ദിയിൽ അമിതാഭ് ബച്ചനേയും ആരാധിക്കുന്നുണ്ടെന്നും നിയാസ് പറഞ്ഞു.
മികച്ചൊരു ഗായകൻ കൂടിയായ നിയാസ് സിനിമകൾക്ക് വേണ്ടിയും പാടിയിട്ടുണ്ട്. അതെപറ്റി ചോദിച്ചാൽ ഇപ്പോൾ പാടാത്തവരായി ആരുണ്ടെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. അഭിനേതാക്കളെല്ലാവരും പാടി തുടങ്ങി. മലയാളത്തിൽ മാത്രമല്ല, എല്ലാ ഭാഷകളിലും ഈ പ്രതിഭാസമുണ്ടെന്നാണ് നിയാസ് പറയുന്നത്. ഒരുപാട് ചെറിയ ചെറിയ ഭാഷകളിൽ മികച്ച സിനിമകൾ ഇറങ്ങുന്നുണ്ട്. എന്നാൽ സബ് ടെറ്റിലൊക്കെ വന്നതോടെ ഇപ്പോൾ ഭാഷ ഒരു തടസം അല്ലാതായി. ഇപ്പോൾ ഏത് ഭാഷയിലെ സിനിമകൾക്കും ലോകം മുഴുവൻ പ്രേക്ഷകർ ഉണ്ടെന്ന് നിയാസ് അഭിപ്രായപ്പെടുന്നു.
ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ച നിയാസിന് ഷെഫ് ആകാൻ കഴിഞ്ഞത് മനം പോലെ മംഗല്യമെന്ന സീരിയലിലൂടെയാണ്. സീ കേരളം ചാനലിൽ പ്രദർശിപ്പിക്കുന്ന ആ സീരിയലിൽ ഒരു സെലിബ്രിറ്റി ഷെഫാണ് താരം. ചില സിനിമകൾ ഷൂട്ടിങ് തുടങ്ങാനിരിക്കുമ്പോഴാണ് കോവിഡ് വരുന്നത്. അതോടെ ഷൂട്ടിങ്ങുകൾ മുടങ്ങി. സുഹൃത്തായ എഎം നസീറിനോട് നിരാശ പങ്കുവച്ചിരുന്നു. സീരിയലിൽ അഭിനയിക്കാമോ എന്ന് നസീർ ചോദിച്ചു. അങ്ങനെയാണ് അപ്രതീക്ഷിതമായി സീരിയലിൽ എത്തിയതെന്നും നിയാസ് അഭിമുഖത്തിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ