കൊച്ചി: ജയസൂര്യ കാതുകുത്തി. ക്യാപ്ടനും അട് 2വിനും ശേഷം പുതിയ ഹിറ്റൊരുക്കാനാണ് നായകന്റെ ശ്രമം. ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നപ്പോൾ തന്നെ ഏറ്റവും കൂടുതൽ ചർച്ചയായ ചിത്രമാണ് 'ഞാൻ മേരിക്കുട്ടി'. ഇതിലേക്ക് വേണ്ടി ജയസൂര്യ കാത്ത് കുത്തുന്ന രംഗത്തിന്റെ വീഡിയോ പുറത്തുവിടുകയാണ് അണിയറ പ്രവർത്തകർ. സ്വാഭാവികത കഥാപാത്രത്തിന് വരുത്താൻ വേണ്ടിയാണ് ഒർജിനൽ കാതുകുത്തെന്ന് ജയസൂര്യ വിശദീകരിക്കുന്നു

ജയസൂര്യ, രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിലുയരുന്ന നാലാമത്തെ ചിത്രമാണ് ഞാൻ മേരിക്കുട്ടി. പുണ്യാളൻ അഗർബത്തീസ്, സു സു സുധീവാന്മീകം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ചിത്രങ്ങൾ നൽകിയ വിജയത്തിന് ശേഷമെത്തുന്ന സിനിമ എന്ന നിലയിൽ വൻ പ്രതീക്ഷയാണ് ആരാധകർക്ക് മേരിക്കുട്ടിയിൽ. ആദ്യ ടീസർ പുറത്തു വന്നതോടെ ഈ പ്രതീക്ഷ വാനോളം ഉയർന്നിരിക്കുകയാണ്. ഇത് നിലനിർത്തുന്നതാണ് ജയസൂര്യയുടെ കാത് കുത്ത് വീഡിയോയും.

ജയസൂര്യയുടെ മറ്റൊരു മേക്കോവറും, ഗംഭീര പ്രകടനവും വാഗ്ദാനം ചെയ്യുന്നതാണ് ഫസ്റ്റ് ടീസർ. ജയസൂര്യയുടെ സ്ത്രീ വേഷമാണ് ടീസറിന്റെ ഹൈലൈറ്റ്. കാതു കുത്തിയ താടിക്കാരനായ ജയസൂര്യ കണ്ണാടിയിൽ നോക്കുമ്പോൾ തെളിയുന്നത് മേരിക്കുട്ടിയെന്ന തന്റെ സ്ത്രീ രൂപത്തേയാണ്. മേരിക്കുട്ടിക്കായി കാതു കുത്തുന്ന ജയസൂര്യയുടെ വീഡിയോയും വൈറലായിരുന്നു. മേരിക്കുട്ടി അനുഭവിക്കുന്ന വേദനകൾ വെച്ചു നോക്കുമ്പോൾ ഇത് ചെറിയ വേദനയാണെന്നും താരം പറയുന്നു.