വി പി സത്യനെ മലയാളി പ്രേക്ഷകർക്ക് മുമ്പിലെത്തിച്ച നടൻ ജയസൂര്യ ഇനി മേരിക്കുട്ടിയാ വിനുള്ള തയ്യാറെടുപ്പിലാണ്. അതിനായി കാത്ത് കുത്തൽ ചടങ്ങ് നടത്തിയതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയുമൊന്നിക്കുന്ന ചിത്രമാണ് ഞാൻ മേരിക്കുട്ടി. ഒരു കാത് കുത്തൽ ചടങ്ങിലൂടെ മേരിക്കുട്ടിയിലേയ്ക്കുള്ള പ്രയാണം തുടങ്ങിയിരിക്കുകയാണെന്ന് ജയസൂര്യ വീഡിയോയിലൂടെ പറയുന്നുണ്ട്. രണ്ട് കാതും കുത്തിയാണ് ജയസൂര്യ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോവാനുള്ള താരത്തിന്റെ അർപ്പണം തന്നെയാണിതിന് കാരണം.

ഒട്ടിച്ചു വയ്ക്കുന്ന തരം കമ്മലുകൾ ഉപയോഗിച്ചു നോക്കിയെങ്കിലും തൃപ്തി തോന്നാത്ത തിനാലാണ് കാതുകുത്താൻ തീരുമാനിച്ചതെന്ന് ജയസൂര്യ പറഞ്ഞു.'കാതു കുത്തുന്നവരുടെ ശ്രദ്ധക്ക്, വലിയ വേദനയുള്ള കാര്യമൊന്നുമല്ല. ഒരാന കുത്തുന്ന വേദനയേ ഉള്ളൂ', 'കഥാപാത്രത്തിന്റെ വേദന മനസിലാക്കാൻ സംവിധായകനും കാതു കുത്താവുന്നതാണ്'- വേദനയ്ക്കിടയിലും ജയസൂര്യയുടെ കമന്റ്.ചടങ്ങിന് ഭാര്യയും മകനും ചിത്രത്തിന്റെ സംവിധായകനും സാക്ഷികളായാത് വീഡിയോയിൽ കാണാം.

പുണ്യാളൻ അഗർബത്തീസ്, സു.സു സുധീ വാത്മീകം, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ഇതിനു മുമ്പ് രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിച്ച ചിത്രങ്ങൾ. ഇരുവരുടെയും വിതരണക്കമ്പനിയായ പുണ്യാളൻ സിനിമാസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത്തും ചേർന്നാണ് നിർമ്മാണം.