ഫഹദ് നായകനാകുന്ന ഞാൻ പ്രകാശൻ എന്ന സിനിമയുടെ ടീസർ പുറത്തുവിട്ടു. സത്യൻ അന്തിക്കാട് ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശ്രീനിവാസൻ തിരക്കഥ എഴുതിയിരിക്കുന്നതെന്ന് പ്രത്യേകതയുമുണ്ട്. ഒരു ഇന്ത്യൻ പ്രണയകഥയ്ക്ക് ശേഷമാണ് സത്യൻ അന്തിക്കാടും ഫഹദ് ഒന്നിക്കുന്നത്. ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

നിരവധി നർമ്മരംഗങ്ങളുള്ളതായിരിക്കും ചിത്രമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റ പോസ്റ്ററും വൈറലായിരുന്നു. കുരച്ചു ചാടി ഒരു കൂറ്റൻ നായ പുറകെ വന്നാൽ ഏത് സൂപ്പർസ്റ്റാറും ജീവനും കൊണ്ട് ഓടും. പിന്നെയല്ലേ പ്രകാശൻ ! എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റർ സത്യൻ അന്തിക്കാട് പുറത്തുവിട്ടത്. നിഖില വിമൽ ആണ് ചിത്രത്തില നായിക. ആക്ഷേപ ഹാസ്യമായിരിക്കും ചിത്രം കൈകാര്യം ചെയ്യുന്നതെന്നാണ് വിവരം.

അഭിനയരീതികൾ നോക്കിയാൽ മോഹൻലാലും ഫഹദും ഒരു പോലെയാണെന്നാണ് സത്യൻ അന്തിക്കാട് നേരത്തെ പറഞ്ഞിരുന്നു. ഇരുവരും ക്യാമറയ്ക്ക് മുന്നിൽ വന്നാൽ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള പണി അഭിനയമാണെന്ന് തോന്നിപ്പോകും. ഒരു കഥാപാത്രത്തെ ഫഹദ് ഉൾക്കൊള്ളുന്ന രീതിയിൽ തന്നെ വ്യത്യാസങ്ങൾ പ്രകടമാണ്. അയാൾക്ക് കഥ പറഞ്ഞുകൊടുക്കുന്ന സമയം മുതൽ ഞാനത് അനുഭവിച്ചിട്ടുണ്ട്. ഫഹദിന്റെയുള്ളിൽ ഒരു സംവിധായകനുണ്ടെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.