നിവിൻ പോളി നായകനായി ഓണത്തിന് റിലീസിനെത്തുന്ന ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയുടെ അണിയറ വിശേഷങ്ങൾ കൊർത്തിണക്കിയ മേക്കിങ് വീഡിയോ പുറത്ത് വി്ട്ടു. സിനിമയുടെ ലൊക്കേഷനിൽ നിന്നുമെടുത്ത രസകരമായ വീഡിയോ നിവിൻ പോളി തന്നെയാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

നവാഗതനായ അൽത്താഫ് സലീം തിരക്കഥയും സംവിധാനവും നിർമ്മിക്കുന്ന ചിത്രമാണ് 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള'.പ്രേമം, സഖാവ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്ത അൽത്താഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ആദ്യ ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയക്ക്. ഷൂട്ടിങ് ലൊക്കേഷനിലെ തമാശകളും താരങ്ങളുടെ വിശേഷങ്ങളും പങ്കുവെക്കുന്നതാണ് വീഡിയോ.

'ചില കാര്യങ്ങൾ നിങ്ങളുടെ ജീവിത്തിൽ നിന്നു പോകുമെങ്കിലും ചിലത് നിങ്ങളോടൊപ്പം തന്നെ നിൽക്കും. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് അനുഭവങ്ങൾ മറക്കാനാവത്ത അനുഭവമായി എന്നും ഞങ്ങളോടൊപ്പമുണ്ടാകും.' എന്നു പറഞ്ഞാണ് നിവിൻ മേക്കിങ്ങ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

ലാൽ, ദിലീഷ് പോത്തൻ, ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണകുമാർ, തുടങ്ങിയ വൻ താര നിരയും ചിത്രത്തിലുണ്ട്. പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സെപ്റ്റംബർ ഒന്നിനാണ് ചിത്രം തിയറ്ററിലെത്തുക.