ൽഫോൻസ് പുത്രന്റെ 'പ്രേമ'ത്തിൽ 'മേരി'യുടെ അംഗരക്ഷകൻ കഥാപാത്രമായെത്തി ശ്രദ്ധിക്കപ്പെട്ട അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. നിവിൻ പോളി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 'ആക്ഷൻ ഹീറോ ബിജു'വിന് ശേഷം പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി നിർമ്മിക്കുന്ന ചിത്രമാണിത്. അഹാന കൃഷ്ണകുമാറാണ് നായിക.

സിനിമയിൽ ആരുടെയും സഹായിയായി പ്രവർത്തിക്കാതെയാണ് അൽത്താഫ്
ആദ്യചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്. 'പ്രേമ'ത്തിലെ ചില അഭിനേതാക്കളും അൾത്താഫിന്റെ സിനിമയിൽ ഉണ്ടാവുമെന്ന് അറിയുന്നു. കോമഡി എന്റർടെയ്നറായിരിക്കും ചിത്രമെന്നും കുടുംബപ്രേക്ഷകരെക്കൂടി മുന്നിൽകണ്ടുള്ള സിനിമ ആയിരുക്കുമെന്നുമാണ് സൂചന.

വിനീത് ശ്രീനിവാസന്റെ 'ജേക്കബിന്റെ സ്വർഗ്ഗരാജ്യ'മാണ് നിവിന്റേതായി അവസാനമായി തീയേറ്ററിലെത്തിയത്. ഗൗതം രാമചന്ദ്രന്റെ തമിഴ് ചിത്രമാണ് നിവിന്റെ മറ്റൊരു പ്രോജക്ട്. പ്രേക്ഷകശ്രദ്ധ നേടിയ കന്നഡ ചിത്രം 'ഉളിഡവര് കണ്ടേന്ത'യുടെ തമിഴ് റീമേക്കാണ് ഈ ചിത്രം.