- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് സന്ദർശിച്ചു; ഞെളിയൻ പറമ്പ് മാലിന്യ പ്രശ്നത്തിന് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: നഗരത്തിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ഞെളിയൻപറമ്പിലെ മാലിന്യ ഷെഡിന്റെ മേൽക്കൂരയുടെഅറ്റകുറ്റപണികൾ അടിയന്തിരമായിനടത്തിമഴ വെള്ളം അകത്തേക്ക് വീഴാനുള്ള സാധ്യത ഇല്ലാതാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.മഴവെള്ളം ഒഴുകിയെത്തി മാലിന്യങ്ങൾ കൂടുതൽ അഴുകിയാൽ അത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നതിനാൽ കർശനമായി തടയണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നഗരസഭാ സെക്രട്ടറിക്ക് ഉത്തരവ് നൽകി. ഞെളിയൻ പറമ്പിലെ മാലിന്യപ്രശ്നത്തിൽ ശാശ്വതമായ പരിഹാരം അനിവാര്യമാണെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇക്കാര്യം നഗരസഭ ഗൗരവമായെടുക്കണം.
ഞെളിയൻ പറമ്പ് സന്ദർശിച്ച് പ്രദേശവാസികളുടെ പരാതികൾ വിലയിരുത്തിയ ശേഷമാണ് കമ്മീഷൻ നഗരസഭക്ക് ഉത്തരവ് നൽകിയത്. മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസമുണ്ടായ തീ പിടുത്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദർശനം. പ്രദേശവാസികളുടെ പരാതികൾ പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ ഉൾക്കൊള്ളിച്ചു നഗരസഭാ സെക്രട്ടറി 10 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
കോഴിക്കോട് നഗരസഭയിലെ മാലിന്യങ്ങളെല്ലാം നിക്ഷേപിക്കുന്ന ഞെളിയൻ പറമ്പിലുണ്ടായ തീപിടുത്തത്തിൽ പരിസരവാസികൾക്ക് ശാരീരിക അസ്വസ്ഥതതകൾ ഉണ്ടായതായി പരാതിക്കാരനായ മുൻ നഗരസഭാ കൗൺസിലർ എസ് വി സയ്യിദ് മുഹമ്മദ് ഷമീൽ സമർപ്പിച്ച പരാതിയിൽ പറയുന്നു.മാലിന്യ നിക്ഷേപത്തിനെതിരെ സമരം ചെയ്തതിന്റെ പേരിൽ പ്രദേശവാസികൾ കേസുകളിൽപ്രതിയായതു കാരണം പ്രതികരിക്കാൻ മടിക്കുകയാണെന്നും പരാതിയിൽ പറയുന്നു. കോഴിക്കോട് നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.
കഴിഞ്ഞ ദിവസമാണ് തെളിയൻ പറമ്പിൽ സംസ്ക്കരണത്തിനെത്തിച്ച മാലിന്യ കൂമ്പാരത്തിന് തീ പിടച്ചത്. പുക പടർന്നതിനെത്തുടർന്ന് പരിസര വാസികൾക്ക് വീടുകളിൽ കഴിയാൻ പറ്റാത്ത അവസ്ഥ വരെയുണ്ടായി. അഗ്നിശമന സേനയെത്തി മണിക്കൂറുകളോളം പണിപ്പെട്ടാണ് തീയണച്ചത്. ഇവിടെ നിന്ന് പുറത്തേക്കൊഴുകുന്ന അഴുക്കു വെള്ളം സമീപത്തെ ജല സ്രോതസ്സുകൾ മലിനപ്പെടുത്തുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. പുതിയ മാലിന്യ സംസ്ക്കരണ പദ്ധതി എത്രയും പെട്ടന്ന് യാഥാർത്ഥ്യമാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ചെറുവണ്ണൂർ ഞെളിയൻപറമ്പിൽ ആധുനിക രീതിയിലുള്ള സംസ്കരണ പ്ലാന്റ് നിർമ്മിക്കുന്ന ജോലി കോവിഡിൽ കുടുങ്ങി കിടക്കുകയാണ്. 2020 ജനുവരി ആറിനാണ് 200 കോടി ചെലവു വരുന്ന പ്രതിദിനം 300 ടൺ മാലിന്യം സംസ്ക്കരിക്കാൻ ശേഷിയുള്ള പ്ലാന്റിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്രോജക്ടാണിത്. ആറ് മെഗാവാട്ട് വൈദ്യുതി പ്രതിദിനം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഞെളിയൻപറമ്പിൽ 16 ഏക്കറോളം സ്ഥലമുണ്ട്. ഇതിൽ 12 ഏക്കർ ഭൂമി പ്ലാന്റ് നിർമ്മാണത്തിനും അനുബന്ധ പ്രവൃത്തികൾക്കുമായി വിട്ടു നൽകിയിട്ടുണ്ട്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.