- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുല്ലപ്പെരിയാറിൽ ആശങ്കയ്ക്ക് വകയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സുപ്രീം കോടതി വിധിയെ പ്രതികൂലമായി ബാധിച്ചു; വിഷയത്തിൽ സംസ്ഥാന സർക്കാരിന് സ്ഥായിയായ നിലപാടില്ല; കോടതി ഉത്തരവ് കേരളം ചോദിച്ചു വാങ്ങിയത് എന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 139.5 അടിയായി നിലനിർത്താമെന്നുള്ള സുപ്രീംകോടതിയുടെ ഉത്തരവ് കേരളം ചോദിച്ചു വാങ്ങിയതെന്ന് ലോക്സഭാ എംപിയും കേരളത്തിന്റെ മുൻ ജലസേചന വകുപ്പ് മന്ത്രിയുമായിരുന്ന എൻ. കെ പ്രേമചന്ദ്രൻ.
മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിന് സ്ഥായിയായ നിലപാടില്ല. മുല്ലപെരിയാർ അണകെട്ടിലെ ജലനിരപ്പ് ഉയരുമ്പോൾ മാത്രം ഡാമിന്റെ സുരക്ഷയെ സംബന്ധിച്ചും അനന്തര നടപടികളെ സംബന്ധിച്ചു ചർച്ചയുണ്ടാകുകയും പിന്നീട് അതിന് വേണ്ട പരിഗണന ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്.
മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപെട്ട് ആശങ്ക ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒന്നുമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സുപ്രീംകോടതി വിധിയെ പ്രതികൂലമായി ബാധിച്ചു. അണകെട്ടിന്റെ സുരക്ഷയെ സംബന്ധിച്ചുള്ള ജനങ്ങളുടെ ആശങ്ക സ്വാഭാവികമാണ്. ആശങ്കകൾ ഒഴിവാക്കാൻ സഹായിക്കുന്ന തരത്തിലുള്ള നടപടികൾ സ്വീകരിക്കാനും സുരക്ഷാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകാനുമുള്ള ചുമതല നിറവേറ്റുന്നത്തിലും സംസ്ഥാന സർക്കാർ പരാജയപെട്ടു.
മുല്ലപ്പെരിയാർ അണകെട്ടിലെ ജലനിരപ്പ് പരമാവധി 145 അടിവരെയാണ് നിലനിർത്താൻ കഴിയുക. പക്ഷേ 2018ലേ മഹാപ്രളയത്തിന്റെ സാഹചര്യത്തിൽ 145 അടി വരെ ജലനിരപ്പ് ഉയർത്താൻ കഴിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പ്രളയ കാലത്ത് ഒരു വർഷത്തെ വ്യത്യസ്ത കാലയളവുകളിൽ ഒരു അണക്കെട്ടിൽ സംഭരിക്കാവുന്ന ജലത്തിന്റെ അളവിനെ സംബന്ധിച്ച് കേന്ദ്ര ജല കമ്മിഷൻ മുന്നോട്ടു വെച്ചിട്ടുള്ള മാർഗ നിർദ്ദേശങ്ങൾ പാലിക്കുന്നത്തിനുള്ള ഉത്തരവാദിത്വം തമിഴ്നാട് സർക്കാരിനുണ്ട്. ഇപ്പോൾ തീർച്ചപെടുത്തിയിരുക്കുന്ന 139.5 അടിയിൽ അണകെട്ടിൽ വെള്ളം നിലനിർത്തിയാൽ അപ്രതീക്ഷിതമായി വരുന്ന കനത്ത മഴയിലും നീരൊഴുക്കിലും അണകെട്ട് കവിഞ്ഞൊഴുകുന്നതിനും സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനും സാധ്യതയുണ്ട്.
അണക്കെട്ടിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ജലനിരപ്പ് ക്രമീകരിക്കുന്നതിനും 2014 ലേ സുപ്രീംകോടതി വിധിയിലൂടെ പ്രാബല്യത്തിൽ വന്ന മൂന്നംഗ മേൽനോട്ട സമിതിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ല. മേൽനോട്ട സമിതിയിൽ കേരളത്തിന്റെ പ്രതിനിധിയും ഉൾപെടുന്നെങ്കിലും അണകെട്ടിന്റെ സുരക്ഷയെയും ജലനിരപ്പിനെയും സംബന്ധിക്കുന്ന വിഷയങ്ങളിൽ തമിഴ്നാട് സർക്കാർ നൽകുന്ന വിവരമാണ് കേരളം ആശ്രയിക്കുന്നത്. 136 വർഷം പഴക്കമുള്ള അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക കേന്ദ്ര സർക്കാരിനെയും സുപ്രീംകോടതിയെയും ബോധ്യപെടുത്തുന്നതിന് സംസ്ഥാന സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്നും എൻ. കെ പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.
മുല്ലപ്പെരിയാർ അണക്കെട്ട് നിൽക്കുന്ന പ്രദേശത്തെ പ്രളയ സാധ്യത, ഭൂകമ്പ സാധ്യത തുടങ്ങിയ വിഷയങ്ങളിൽ റൂർക്കി ഐഐടി, ഡൽഹി ഐഐടി ഉൾപ്പെടെയുള്ള നിരവധി സ്ഥാപങ്ങളിൽ നിന്നുമുള്ള വിദഗ്ദ്ധർ നടത്തിയ വിശദമായ പഠനത്തിൽ അതിപ്രളയം ഉണ്ടായാൽ അണക്കെട്ട് കവിഞ്ഞൊഴുകുമെന്നും സുരക്ഷ അപകടത്തിലാകുമെന്നും കണ്ടെത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ