- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടി സർക്കാരിനു വിവാദങ്ങളിൽ പ്രതിച്ഛായ നഷ്ടമായി; വിവാദങ്ങൾക്ക് ചാരക്കേസിന്റെ ഗതി തന്നെ, ബിജെപി വോട്ടു വാങ്ങിയെന്ന ആരോപണം കൊല്ലത്ത് പറയാൻ ബാലഗോപാൽ തയ്യാറുണ്ടോ; ലണ്ടനിൽ എത്തിയ എൻകെ പ്രേമചന്ദ്രൻ മറുനാടൻ മലയാളിയോട് പറഞ്ഞത്
ലണ്ടൻ: രാഷ്ട്രീയത്തിലെ മാന്യതയുടെ മുഖം, വാക്കുകളിലെ മിതത്വം പറയുന്ന കാര്യങ്ങളിലെ തെളിമ, പാർലിമെന്റിൽ വാചകമടിക്കു പകരം വിഷയം പഠിച്ചു പറയുന്ന അപൂർവ്വം പേരിലൊരാൾ, നീണ്ട കാലത്തെ രാഷ്ട്രീയ ജീവിതത്തിലും ആരോപണങ്ങൾ കേൾക്കേണ്ടി വന്നിട്ടില്ലാത്ത നേതാവ്, കൊല്ലം എംപി എൻകെ പ്രേമചന്ദ്രനെക്കുറിച്ച് ഇങ്ങനെ വിശേഷിപ്പിച്ചാൽ അതൊട്ടും കൂടുതലല
ലണ്ടൻ: രാഷ്ട്രീയത്തിലെ മാന്യതയുടെ മുഖം, വാക്കുകളിലെ മിതത്വം പറയുന്ന കാര്യങ്ങളിലെ തെളിമ, പാർലിമെന്റിൽ വാചകമടിക്കു പകരം വിഷയം പഠിച്ചു പറയുന്ന അപൂർവ്വം പേരിലൊരാൾ, നീണ്ട കാലത്തെ രാഷ്ട്രീയ ജീവിതത്തിലും ആരോപണങ്ങൾ കേൾക്കേണ്ടി വന്നിട്ടില്ലാത്ത നേതാവ്, കൊല്ലം എംപി എൻകെ പ്രേമചന്ദ്രനെക്കുറിച്ച് ഇങ്ങനെ വിശേഷിപ്പിച്ചാൽ അതൊട്ടും കൂടുതലല്ല. പാർലിമെന്റിലെ മികച്ച പ്രവർത്തനത്തിന്റെ പേരിൽ ഇവിടെയും മുംബൈ ആസ്ഥാനമായ കശ്മീർ റ്റു കേരള സോഷ്യൽ ഫൗണ്ടേഷൻ കണ്ടെത്തിയ മികച്ച പർലമെന്റേറിയനും അദ്ദേഹം തന്നെ ആയിരുന്നു.
ഇപ്പോൾ പാർലമെന്റിലെ മികച്ച 9 എംപിമാരെ ബ്രിട്ടീഷ് സർക്കാർ പരിശീലന പരിപാടിക്കായി തിരഞ്ഞെടുത്തപ്പോൾ സ്വാഭാവികമായും എൻകെപി യും സംഘത്തിൽ അംഗമായി. ലണ്ടൻ കിങ്ങ്‌സ് കോളേജിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് നേതൃത്വം നൽകുന്ന പരിശീലന പരിപാടിയിൽ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. കാലാവസ്ഥ വ്യതിയാനം, സാമ്പത്തികം, സ്മാർട്ട് സിറ്റി, പാർലമെന്റ് പ്രവർത്തനം തുടങ്ങി 20 വിഷയങ്ങളാണ് 5 ദിവസം കൊണ്ട് ചർച്ച ചെയ്യുന്നത്. കഴിഞ്ഞ ദിവസം പാർലമെന്റിൽ പ്രധാനമന്ത്രിയുടെ ചോദ്യോത്തര പരിപാടിയിലും സംഘം സന്നിഹിതരായി. നാളെ പരിശീലന പരിപാടി സമാപിക്കാനിരിക്കെ എൻകെ പ്രേമചന്ദ്രനുമായി മറുനാടൻ മലയാളി പ്രതിനിധി കെആർ ഷൈജുമോൻ നടത്തിയ അഭിമുഖത്തിൽ നിന്ന്:
ഇന്ത്യൻ ബ്രിട്ടീഷ് പാർലമെന്റ് സംവിധാനത്തിൽ അനുഭവപ്പെടുന്ന പ്രധാന വത്യാസം എന്താണ്?
ഒട്ടേറെ വ്യത്യാസം ഉണ്ട്. എഴുതപ്പെട്ട ഭരണ ഘടനയും നടപടി ക്രമങ്ങളും ചട്ടങ്ങളും ഒക്കെയായി നിയതമായ മാതൃകയിലാണ് നമ്മുടെ പ്രവർത്തനം. എന്നാൽ ബ്രിട്ടനിൽ അങ്ങനെ ഒന്നില്ല. ഭരണഘടന പോലും ഇല്ല എന്നതാണ് വാസ്തവം. പക്ഷെ ഇതൊക്കെയായിട്ടും കാര്യപ്രധാന ചർച്ചകളാണ് ബ്രീട്ടീഷ് പാർലമെന്റിൽ നടക്കുന്നത്. നമ്മുടെ പാർലമെന്റിൽ ഇല്ലാതെ പോകുന്നതും അതുതന്നെ. നടപടിക്രമങ്ങൾ തടസ്സപ്പെടുത്തുന്ന ഇന്ത്യൻ രീതി ഒട്ടും ശരിയല്ല. മാറി മാറി വരുന്ന പാർട്ടികൾ ഇക്കാര്യത്തിൽ ഒരേ തരത്തിൽ കുറ്റക്കാരാണ്. ഇത്തരം ഒരു പ്രവണത ബ്രിട്ടീഷ് പർലമെന്റിനു സങ്കൽപ്പിക്കാൻ പോലും കഴിയില്ല.
വാക്കൗട്ട് നടത്തേണ്ടി വരുമ്പോൾ കുറ്റബോധം തോന്നാറുണ്ടോ?
ചില അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളിൽ സർക്കാരിന്റെ നിലപാടും ശ്രദ്ധയും തിരിക്കാൻ
ചിലപ്പോൾ അത്തരം പ്രതിഷേധങ്ങൾ വേണ്ടി വരും. പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാൽ എല്ലാ കാര്യത്തിലും എന്ന പോലെ ഇതിലും വീണ്ടു വിചാരം വേണം. രാഷ്ട്രീയത്തിലെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തുന്ന നടപടികൾ ശരിയല്ല. ജനത്തിന് രാഷ്ട്രീയത്തോടുള്ള പ്രതിബദ്ധത നഷ്ടപ്പെടുത്തുന്നത് വലിയ പ്രതിസന്ധിക്ക് കാരണമാകും. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ ഒരേ പോലെ കുറ്റക്കാരാണ്.
പാർലമെന്റിൽ പ്രതിപക്ഷം തീരെ ദുർബലമായ സാഹചര്യം പ്രശ്‌നം സൃഷ്ടിക്കുന്നുണ്ടോ?
തീർച്ചയായും. പല വിഷയങ്ങളിലും പ്രതിപക്ഷത്തിന്റെ സ്വരം ദുർബലമാണ്. എന്നാൽ ഉള്ള പരിമിതികളിൽ വിഷയങ്ങളിൽ ആവശ്യമായ ചർച്ചകൾക്ക് പരമാവധി ശ്രമിക്കുന്നു. അംഗ സംഖ്യാ കുറവാണെന്ന് കരുതി ഗവൺമെന്റിനു കീഴടങ്ങുന രീതിയിലല്ല പ്രതിപക്ഷം പ്രവർത്തിക്കുന്നത്. ബിജെപിക്കാകട്ടെ വൻ ഭൂരിപക്ഷം ഉണ്ടായിട്ടും പുറമേ പറയുന്ന കാര്യങ്ങൾ അല്ലാതെ വലിയ നേട്ടം ഒന്നും ഉണ്ടാക്കാൻ കഴിയുന്നില്ല. സാമ്പത്തിക രംഗമൊക്കെ കഴിഞ്ഞ സർക്കാരിന്റെ കലത്തേതിനേക്കാൾ ഒട്ടും മെച്ചമായിട്ടില്ല. അന്താരാഷ്ട്ര വില ക്രൂഡ് ഓയിലിന് 100 ഡോളറിൽ നിന്ന് 28 ആയിട്ടും അതിന്റെ ഗുണം ജനത്തിന് നൽകുന്നതിന് പകരം എക്‌സൈസ് തീരുവ കൂട്ടി വില കുറയുന്നത് തടയുകയാണ് സർക്കാർ. ഇത്തരം ജനദ്രോഹ നടപടികൾ പർലിമെന്റിലും പുറത്തും ഉയർത്താനുള്ള ശ്രമമാണ് പ്രതിപക്ഷം ഇപ്പോൾ ശ്രദ്ധ നൽകുന്നത്.
ബിജെപി യുടെ അപ്രമാധിത്വമാണോ പർലമെന്റിൽ സംഭവിക്കുന്നത്?
കഴിഞ്ഞ ഒരു വർഷം വരെ ഏകദേശം അങ്ങനെയായിരുന്നു. തികച്ചും അഡമന്റായ തരത്തിലുള്ള നടപടികളായിരുന്നു ബിജെപി അംഗങ്ങളുടേത്. എന്നാൽ ബീഹാർ ിരഞ്ഞെടുപ്പിലെ തിരിച്ചടികൾ കാര്യങ്ങളിൽ മാറ്റം വരുത്തി. പെരുമാറ്റത്തിൽ പോലും വ്യത്യാസം അനുഭവപ്പെട്ടു തുടങ്ങി. വളരെ ഗുണപരമായ മാറ്റമായി ഇത് അനുഭവപ്പെടുകയാണ്.
ലളിത് മോദി വിഷയത്തിൽ താങ്കളെ കേന്ദ്രീകരിച്ചു ബിജെപി നീക്കം ഉണ്ടായല്ലോ?
ലളിത് മോദി വിഷയത്തിൽ പർലമെന്റിൽ പ്രതിപക്ഷത്തുനിന്നും ശക്തമായി ഇടപെടാൻ ഞാൻ ആയിരുന്നു നിയോഗിക്കപ്പെട്ടത്. ഞാൻ പിറ്റേന്ന് പാർലമെന്റിൽ എന്തൊക്കെ വിഷയങ്ങൾ ഉയർത്തും എന്ന് ബിജെപി മനസ്സിലാക്കിയിരുന്നു. വിഷയത്തിൽ ഏറ്റവും കൂടുതൽ നോട്ടീസ് നൽകിയതും മന്ത്രി സുഷമയക്ക് എതിരെ അവിശ്വാസ നീക്കം നടത്തിയതുമൊക്കെ എന്നെ കേന്ദ്രീകരിക്കാൻ ബിജെപിക്ക് അവസരമുണ്ടാക്കി. പക്ഷേ എന്റെ മണ്ഡലത്തിലെ ഒരു സാധു മനുഷ്യൻ ഗൾഫിൽ കടയിൽ സാധനം എടുത്തു കൊടുക്കാൻ നിൽക്കെ അവിടെ നിന്ന് വാങ്ങിയ കത്തി ഉപയോഗിച്ച് ഒരു കൊല നടത്തിയതിനു 18 വർഷമായി ജയിലിലാണ്. ആ കേസിൽ ഇടപെട്ട് അയാളെ പുറത്തു കൊണ്ടുവരണം എന്നാണ് ഞാൻ മന്ത്രാലത്തിനു കത്തെഴുതിയത്. അത് സാധാരണ എല്ലാ എംപി മാരും ചെയ്യുന്നതാണെന്ന് അന്ന് സ്പീക്കർ തന്നെ റൂളിങ് നൽകിയിരുന്നു. പക്ഷേ സുഷമ ചെയ്തതെന്താ, നേരിട്ട് ബ്രിട്ടീഷ് ഗവൺമെന്റിനു മറ്റാരും അറിയാതെ കത്തെഴുതി. ഞാൻ ഗൾഫ് മന്ത്രാലയത്തിനല്ല എഴുതിയത്. ഇന്ത്യൻ സർക്കാരിനാണ്. ലളിത് മോദി വിഷയത്തിൽ ഒട്ടേറെ അവിഹിത മാർഗ്ഗത്തിൽ അയാൾക്ക് ഇന്ത്യ ഗവൺമെന്റിൽ നിന്നും സഹായം കിട്ടി. സുഷമയുടെ ഭർത്താവും മകളുമൊക്കെ ആ വിവാദത്തിൽ അകപ്പെട്ടു. അതും കൊല്ലത്തെ ഒരു സാധു മനുഷ്യന്റെ കേസും തമ്മിൽ എങ്ങനെ ബിജെപി ക്ക് താരതമ്യം ചെയ്യാനായി എന്നത് തന്നെ അവരുടെ വിലകുറഞ്ഞ രാഷ്ട്രീയം വെളിപ്പെടുത്തുന്നു. നിയമവിരുദ്ധമോ ചട്ട വിരുദ്ധമോ ആയി ഞാൻ ഒന്നും ചെയ്തിട്ടില്ല. അങ്ങനെ ചെയ്‌തെങ്കിൽ എനിക്കെതിരെ നടപടിയെടുക്കാൻ ഞാൻ ബിജെപിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മോദി ഭരണം വൻ വികസനത്തിന് കേരളത്തിലും വഴി ഒരുക്കുമോ?
ഈ പറഞ്ഞു കേൾക്കുന്നത് പോലെ ഒന്നുമല്ല കാര്യങ്ങൾ. പറച്ചിലും പ്രവർത്തിയും തമ്മിൽ ഒരു സ്പീഡും ഇല്ല. മെക് ഇൻ ഇന്ത്യ പദ്ധതിയിൽപ്പെടുത്തി ഞാനും ഷിബു ബേബി ജോണും കരിമണൽ അനുബന്ധ പദ്ധതിയുടെ പ്രോജക്ട് റിപ്പോർട്ട് പ്രധാനമന്ത്രിക്ക് നൽകിയിട്ട് 6 മാസമായിട്ടും ഒരു മറുപടി പോലും ലഭിച്ചിട്ടില്ല. ഇപ്പോൾ നടക്കുന്ന വികസന പ്രവർത്തനങ്ങളൊക്കെ സ്വാഭാവികമായി സംഭവിക്കുന്നതാണ്. സാധാരണ കേന്ദ്രസർക്കാർ പദ്ധതികളിൽ അങ്ങനെ പ്രത്യേക വിവേചനം ഉണ്ടാകാറില്ല. കൊല്ലത്തിനു രണ്ടാം ടെർമിനൽ, എൻഎച്ച് ബൈപ്പാസ്, കൊല്ലം ചെങ്കോട്ട ഗേജ് മാറ്റം 2017 പൂർത്തിയാക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ നടന്നു കൊണ്ടിരിക്കുകയാണ്.
താങ്കൾ ബിജെപി വോട്ടു വാങ്ങിയാണ് ജയിച്ചതെന്ന് കൊല്ലം സിപിഐ(എം) സെക്രട്ടറിയും എംപിയുമായ കെഎൻ ബാലഗോപാൽ കഴിഞ്ഞ ആഴ്ച ലണ്ടനിൽ എത്തിയപ്പോൾ ആരോപണം ഉയർത്തിയിരുന്നു എന്താണ് മറുപടി?
അതാണ് സിപിഐ(എം). എന്ത് വിലകുറഞ്ഞ കാര്യവും അവർ പറഞ്ഞു കളയും. ബാലഗോപലിനെ പോലെയുള്ള നേതാക്കളാണ് ആ പാർട്ടിയെ ഈവിധം ആക്കുന്നത്. ഇന്നേവരെ കൊല്ലത്ത് പറയാത്ത ഇത്തരമൊരു ആരോപണം ലണ്ടനിൽ വന്നു പറയുന്നതിൽ എന്ത് കാര്യം? എന്തുകൊണ്ട് ബാലഗോപാൽ ഇക്കാര്യം കൊല്ലത്ത് വന്നു പറയുന്നില്ല. വാസ്തവം അംഗീകരിക്കാൻ എല്ലാക്കാലത്തും മടിയുള്ളവരാണ് കമ്മ്യൂണിസ്റ്റുകാർ. കേരളമൊന്നാകെ ഉറ്റുനോക്കിയ തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ തവണ കൊല്ലത്തേത്. അവരുടെ പ്രെസ്റ്റീജ് മത്സരം. എന്നെ തോൽപ്പിക്കാൻ കഴിവിന്റെ പരമാവധി ശ്രമം നടത്തി. സംസ്ഥാന നേതാക്കൾ കൊല്ലത്ത് തമ്പടിച്ചു. പണവും വാരി എറിഞ്ഞു. ഒടുവിൽ അവർക്ക് ഉൾക്കൊള്ളാനാകാത്ത ജനവിധി ഉണ്ടായപ്പോൾ ജാള്യത മറയ്ക്കാൻ ഓരോ കാരണവും പറഞ്ഞു നടക്കുന്നു.
മത്സര സമയത്ത് പിണറായി താങ്കൾക്കെതിരെ നടത്തിയ അരോചക പരാമർശം വിഷമം ഉണ്ടാക്കിയോ, അതിനു ശേഷം സംസാരിച്ചിട്ടുണ്ടോ?
സംസാരിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. തീർച്ചയായും അദ്ദേഹത്തിന്റെ പരാമർശം വിഷമം ഉണ്ടാക്കിയിരുന്നു. എത്രയോ കാലം ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ട്. ഞാൻ കാലു മാറിപ്പോയതല്ലല്ലോ. ഞങ്ങളുടെ പാർട്ടി ഒരു നിലപാട് എടുത്തപ്പോൾ എനിക്കത് അനുസരിക്കേണ്ടി വന്നു. അതിന് എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടു എന്ത് കാര്യം. അന്നു മുതൽ ആർഎസ്‌പിയെ തകർക്കാനുള്ള ശ്രമമാണ് സിപിഐ(എം) ചെയ്യുന്നത്. അതിന്റെ ഭാഗമായാണ് ഇപ്പോൾ കോവൂർ കുഞ്ഞുമോൻ എംഎൽഎ പാർട്ടി വിട്ടു പോയിരിക്കുന്നത്. ബാലഗോപലിനെപ്പോലുള്ള നേതാക്കളാണ് ആർഎസ്‌പി നേതാക്കളെ അടർത്തിയെടുത്തു പാർട്ടിയെ ഉന്മൂലനം ചെയ്യാൻ നോക്കുന്നത്. പിണറായി കഴിഞ്ഞ ദിവസം വി എം സുധീരനെയും മോശം ഭാഷയിൽ തന്നെയല്ലേ അധിക്ഷേപിച്ചത്.
ആർഎസ്‌പി രാഷ്ട്രീയ മാറ്റം നടത്തിയത് തെറ്റായി എന്ന് തോന്നുന്നുണ്ടോ?
ഇല്ല, നിലവിൽ യുഡിഎഫിന്റെ ഭാഗത്ത് നിന്നും പൂർണ്ണ സഹകരണം തന്നെയാണ്.
ഉമ്മൻ ചാണ്ടി സർക്കാരിന് എത്ര മാർക്ക് നൽകും?
മാർക്ക് നൽകാനൊന്നും ഞാനില്ല. പക്ഷേ വിവാദങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു. ഒട്ടേറെ വികസന പദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കിയ സർക്കാരാണിത്. പക്ഷേ എല്ലാം വിവാദത്തിൽ മുങ്ങിപ്പോയി. സ്മാർട്ട്‌സിറ്റി, മെട്രോ, വിഴിഞ്ഞം, കൊല്ലം ആലപ്പുഴ ബൈപ്പാസുകൾ (ഇതിന്റെ പകുതി ഫണ്ടും സംസ്ഥാനം നൽകിയതാണ്), സ്റ്റാർട്ട് അപ്പ് പദ്ധതികൾ അങ്ങനെ ഒട്ടേറെ കാര്യങ്ങളുണ്ട്. പക്ഷേ ഈ വിവാദങ്ങളൊക്കെ അൽപ്പയുസുകളാണ് ചാരക്കേസുപോലെ. ആ കേസിൽ മാദ്ധ്യമങ്ങൾ എത്രയോ എഴുതി കൂട്ടിയതാണ്. എന്നിട്ട് അവസാനമെന്തായി. ഒടുവിൽ അൽപ്പയുസ്സുകളായ ഇത്തരം വിവാദങ്ങള ആരും ശ്രദ്ധിക്കാത്ത സ്ഥിതിയാകും.
സോളാർ വിവാദം മറ്റൊരു ചാരക്കേസായി മാറുമോ?
അങ്ങനെ പറയുന്നില്ല.
വിവാദം മാദ്ധ്യമ സൃഷ്ടി ആണെന്നാണോ പറഞ്ഞു വരുന്നത്?
ഞാൻ ഇതിനു പറയുന്ന മറുപടി പ്രത്യേകം കൊടുക്കണം. കഴിഞ്ഞ ദിവസം ഞങ്ങൾ ബിബിസി സ്റ്റുഡിയോ സന്ദർശിച്ചിരുന്നു. 34 മണിക്കൂർ അവിടെ ചെലവിട്ടു. സർക്കാർ ഗ്രാന്റ് വാങ്ങിയാണ് ബിബിസി പ്രവർത്തിക്കുന്നത്. എങ്കിലും അവർ ഗൗരവമുള്ള, തെളിവുള്ള, സർക്കാരിനെതിരെയുള്ള വാർത്തകളും പ്രാധാന്യത്തോടെ നൽകും. ഒരു വാർത്ത കിട്ടിയാൽ ഏറ്റവും ചുരുങ്ങിയത് 2 സോഴ്‌സുകളിലെങ്കിലും അന്വേഷിച്ചു ഉറപ്പാക്കിയേ ടെലികാസ്റ്റ് ചെയ്യൂ എന്നാണ് അവർ ഞങ്ങളോട് പറഞ്ഞത്. എന്നാൽ നാട്ടിലെ സ്ഥിതിയോ. മത്സരബുദ്ധിയിൽ മുൻപിൻ നോക്കാതെ ഉടൻ തന്നെ വാർത്തകൾ കൊടുക്കുകയാണ്. രാഷ്രീയത്തിനുണ്ടാകുന്ന പോലെ തന്നെ മാദ്ധ്യമരംഗത്ത് വിശ്വാസം നഷ്ടമായാലും അപകടമാണ്. ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാദ്ധ്യമങ്ങൾ. മാദ്ധ്യമങ്ങൾ പറയുന്നത് ഒരു പരിധി വരെ ജനം വിശ്വസ്സിക്കുന്നുണ്ട്. എന്നാൽ ആ വിശ്വാസം തകർന്നാൽ പിന്നെ ജനം ഒന്നും വിശ്വസിക്കില്ല എന്ന അവസ്ഥയുണ്ടാകും. ഇപ്പോൾ സോഷ്യൽ മീഡിയ, ഇലക്ട്രോണിക് മീഡിയ ഇവയൊക്കെ ആരെയും എന്തും പറയാവുന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. അതൊക്കെ ഗുണത്തേക്കാൾ ദോഷം തന്നെയാകും ചെയ്യുക.
അടുത്ത നിയമസഭയിൽ കൊല്ലത്ത് യുഡിഎഫിന് എത്ര സീറ്റ് കിട്ടും?
കൊല്ലത്ത് കോൺഗ്രസ് ഒന്നിച്ചു നിന്നാൽ, വിമതശല്യം ഉണ്ടായില്ലെങ്കിൽ ഭൂരിപക്ഷം സീറ്റിൽ ജയിക്കും. പാർട്ടിയും യുഡിഎഫുമൊക്കെ തോന്നിയ മട്ടിൽ പ്രവർത്തിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ തിരച്ചടിയുണ്ടായത്. അതൊക്കെ മാറും. കോൺഗ്രസിന് അതിനു കഴിയും. മുമ്പ് കഴിഞ്ഞിട്ടുമുണ്ട്. നോമിനേഷൻ പിൻവലിക്കാൻ അവസാന സമയം ബാക്കി നിൽക്കെയല്ലെ കരുണാകരൻ 4 സ്ഥാനാർത്ഥികളെ മാറ്റി പകരം ആളുകളെ ജയിപ്പിച്ചെടുത്തത്. അതൊക്കെ കോൺഗ്രസിനു പറ്റും.
ചങ്ങനാശ്ശേരിയിൽ ഡോക്ടറായ ഗീതയാണ് പ്രേമചന്ദ്രന്റെ പത്‌നി. ഏക മകൻ കാർത്തിക് ബിടെക് സിവിൽ എഞ്ചിനീയറിങ്ങിനു പഠിക്കുന്നു. മകൻ രാഷ്ട്രീയത്തിൽ എത്താൻ സാധ്യതയുണ്ടോ എന്ന കുസൃതി ചോദ്യത്തിന് അവനും എനിക്കും താൽപ്പര്യമില്ല എന്നായിരുന്നു എംപിയുടെ ചിരിയിൽ നിറഞ്ഞ മറുപടി.