ന്യൂഡൽഹി: കേരളത്തിലെ പിൻവാതിൽ നിയമന വിവാദം ലോക്സഭയിൽ ഉന്നയിച്ച് എൻ.കെ പ്രേമചന്ദ്രൻ എംപി. കേരളത്തിലും പശ്ചിമ ബംഗാളിലും ആയിരക്കണക്കിന് പിൻവാതിൽ നിയമനങ്ങളാണ് നടക്കുന്നത്. നിയമവിരുദ്ധമായ ഇത്തരം നടപടികൾ നിയന്ത്രിക്കാൻ കേന്ദ്രം ഇടപെടണമെന്നും നിയമനിർമ്മാണം അനിവാര്യമാണെന്നും പ്രേമചന്ദ്രൻ ലോക്സഭയിൽ ശൂന്യ വേളയിൽ ആവശ്യപ്പെട്ടു.

കേരളത്തിൽ പി.എസ്.സി റാങ്ക് ലിസ്റ്റുകളിലുള്ളവർക്ക് നിയമനം നൽകാതെ സർക്കാർ സ്വന്തം താത്പര്യത്തിനനുസരിച്ച് കരാർ അടിസ്ഥാനത്തിലും താത്കാലിക ജീവനക്കാരെയും തസ്തികകളിലേക്ക് തിരികി കയറ്റുകയാണ്. പത്ത് വർഷം പൂർത്തിയാക്കിയ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാണിച്ചു.

നിയമനങ്ങൾ നടക്കാത്തതിന് പിന്നിൽ നിക്ഷിപ്ത താത്പര്യമാണ്. പിഎസ്.സിയെ നോക്കുകുത്തിയാക്കിയുള്ള പിൻവാതിൽ നിയമനങ്ങൾ നിയന്ത്രിച്ച് പി.എസ്.സികളുടെ പരിരക്ഷ ഉറപ്പുവരുത്തണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.

കേരളത്തിൽ നിരവധി പാർട്ടി നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്ക് നിയമവിരുദ്ധമായി സർക്കാർ വകുപ്പുകളിൽ നിയമനം നൽകുന്നു. കാലങ്ങളായി റാങ്ക് ലിസ്റ്റിലുള്ള നിരവധി പേർ ആത്മഹത്യയുടെ വക്കിലാണ്. സംസ്ഥാന സർക്കാർ നടപടിക്കെതിരേ വലിയ പ്രതിഷേധമാണ് കേരളത്തിലുള്ളത്. ബംഗാളിലും സമാനമായ പ്രതിഷേധം ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'യോഗ്യരായ ഉദ്യോഗാർത്ഥികളെ നോക്കുകുത്തിയാക്കി സർക്കാർ പിൻവാതിൽ നിയമനം നടത്തുകയാണെന്ന് പ്രേമചന്ദ്രൻ ആരോപിച്ചു. പിഎസ് സി ഇക്കാര്യത്തിൽ നിയമപരമായ കർത്തവ്യം കാട്ടുന്നില്ല. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടണം'. എൻ കെ പ്രേമചന്ദ്രൻ എം പി ആവശ്യപ്പെട്ടു

താത്കാലിക നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നതിനെതിരെ ആയിരുന്നു കൊടിക്കുന്നിൽ സുരേഷിന്റെ ശ്രദ്ധ ക്ഷണിക്കൽ. ഇങ്ങനെ ചെയ്യുന്നതിനാൽ അർഹരായ പിന്നാക്ക സമുദായാംഗങ്ങളുടെ അവസരമാണ് നഷ്ടമാകുന്നത്. മന്ത്രിമാരുടെയും ഇടത് എംഎൽഎമാരുടെയും ബന്ധുക്കൾക്കെല്ലാം പിൻവാതിലിലൂടെ സ്ഥിര നിയമനം നല്കുകയാണെന്നും ആക്ഷേപം.

സംസ്ഥാനത്തെ കോവിഡ് സാഹചര്യം രൂക്ഷമാകുന്ന വിഷയമായിരുന്നു ഹൈബി ഈഡൻ സഭയുടെ ശ്രദ്ധയിൽ എത്തിച്ചത്. ഇക്കാര്യത്തിൽ കേന്ദ്രം ഇടപെട്ട് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു.

കേരളത്തിൽ പിഎസ് സി അനധികൃത നിയമനങ്ങൾക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ യുവജന സംഘടനകളുടെയും റാങ്ക് ഹോൾഡേഴ്‌സിന്റെയും പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. സമാനമായ രീതിയിൽ പിൻവാതിൽ നിയമനങ്ങൾക്കെതിരെ പശ്ചിമബംഗാളിലും പ്രതിപക്ഷം പ്രതിഷേധത്തിലാണ്. ബംഗാളിൽ ഇടതുപക്ഷ സംഘടനകളാണ് പ്രതിഷേധിക്കുന്നത്. തൃണമൂൽ അനുഭാവികൾക്ക് മാത്രം ജോലി നൽകുകയാണെന്നാണ് ആരോപണം. ഇതിൽ പ്രതിഷേധിച്ച് ഇടതുപക്ഷ സംഘടനകൾ കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിൽ ഹർത്താൽ നടത്തിയിരുന്നു.

https://www.facebook.com/nkpremachandran/posts/4971973166207075