- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ പരീക്ഷ പാസായാൽ യുകെയിൽ എത്തി രണ്ടാം പരീക്ഷ എഴുതും വരെ ജോലി ചെയ്യാം; നഴ്സുമാർ അറിയേണ്ട ലേഖനം-2
അമേരിക്കൻ മോഡൽ എൻക്ലെക്‌സിന് സമാനമായി ബ്രിട്ടണിലേക്ക് ജോലി തേടി എത്തുന്ന വിദേശ നഴ്‌സുമാർക്ക് ഏർപ്പെടുത്തിയ നിയമങ്ങളുടെ ഈ പൊളിച്ചെഴുത്ത് ഞങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തിടത്ത് അവസാനിക്കുന്നില്ല. എസെൻഷ്യൽ ചോദ്യം എന്ന നിലയിൽ 40 മാർക്കിന്റെ ഉത്തരങ്ങൾ പറഞ്ഞില്ലെങ്കിൽ പരീക്ഷ തോൽക്കുന്ന സമ്പ്രദായം അവസാനിച്ചതോടൊപ്പം മലയാൡകൾക്ക് അനു
അമേരിക്കൻ മോഡൽ എൻക്ലെക്‌സിന് സമാനമായി ബ്രിട്ടണിലേക്ക് ജോലി തേടി എത്തുന്ന വിദേശ നഴ്‌സുമാർക്ക് ഏർപ്പെടുത്തിയ നിയമങ്ങളുടെ ഈ പൊളിച്ചെഴുത്ത് ഞങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തിടത്ത് അവസാനിക്കുന്നില്ല. എസെൻഷ്യൽ ചോദ്യം എന്ന നിലയിൽ 40 മാർക്കിന്റെ ഉത്തരങ്ങൾ പറഞ്ഞില്ലെങ്കിൽ പരീക്ഷ തോൽക്കുന്ന സമ്പ്രദായം അവസാനിച്ചതോടൊപ്പം മലയാൡകൾക്ക് അനുകൂലമായ മറ്റൊരു മാറ്റം കൂടി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. ആദ്യ ഘട്ടമായ സിബിടി പരീക്ഷ പാസായി കഴിഞ്ഞാൽ രണ്ടാം ഘട്ടമായ ഒഎസ്‌സിഇ പരീക്ഷ എഴുതാനായി യുകെയിൽ എത്തുന്ന ദിവസത്തിൽ വർദ്ധന വരുത്തിയതാണ് മലയാളികൾക്ക് കൂടുതൽ ആശ്വാസമായത്. ഇതനുസരിച്ച് ഒഎസ്‌സിഇ പരീക്ഷക്ക് പത്താഴ്ച മുമ്പ് സിബിടി പരീക്ഷ പാസായവർക്ക് എത്താം. ഇതുവരെ രണ്ടാഴ്ച ആയിരുന്നു അനുവദിച്ചിരുന്നത്. പരീക്ഷയ്ക്ക് തയ്യാറെടുക്കാനും മറ്റും ഇത് വലിയ സൗകര്യവും ഉപകാരവുമായി മാറുകയാണ്.
സിബിടി പരീക്ഷ പാസായാൽ ഉടൻ ഒരു നഴ്‌സിന് യുകെയിലേക്കുള്ള വിസയ്ക്ക് അപേക്ഷിക്കാം. ഇങ്ങനെ പാസാകുന്നവർക്ക് വിസ നിരസിക്കാനുള്ള സാധ്യത തുലോം കുറവാണ്. വിസ ലഭിച്ച ശേഷം മാത്രമേ പ്രാക്ടിക്കൽ പരീഷയായ ഒഎസ്‌സിക്ക് വേണ്ടി രജിസ്റ്റർ ചെയ്യാവൂ. ഒഎസ്‌സിഇ പരീക്ഷ ഇപ്പോൾ നടത്തുന്നത് നോർത്താംപ്ടൺ യൂണിവേഴ്‌സിറ്റി മാത്രമാണ്. ഒഎസ്‌സിഇ പരീക്ഷയ്ക്ക് ഡേറ്റ് ലഭിച്ച് കഴിഞ്ഞാൽ വിസ എടുത്ത ശേഷം യുകെയിലേക്ക് വിമാനം കയറാം. ഈ പരീക്ഷ തീയതിയുടെ പത്താഴ്ച മുമ്പ് യുകെയിൽ എത്തി ജോലി ആരംഭിക്കാം. ഇതുവരെ ഒഎസ്‌സിഇ പരീക്ഷ പാസാകുന്ന ദിവസം മുതലേ ശമ്പളം നൽകൂ എന്നായിരുന്നു നിബന്ധന. എന്നാൽ പുതിയ പരിഷ്‌കാരം അനുസരിച്ച് യുകെയിൽ എത്തി ജോലി ചെയ്യുന്ന ദിവസം മുതൽ ശമ്പളം കിട്ടും. എന്നാൽ പരീക്ഷ പാസായാൽ മാത്രം നഴ്‌സായി രജിസ്‌ട്രേഷൻ ലഭിക്കുകയും നഴ്‌സായി ജോലി ചെയ്യാൻ സാധിക്കുകയുമുള്ളൂ. അതുവരെ ജോലി സ്ഥലത്തെ സീനിയർ നഴ്‌സുമാരുടെ കീഴിൽ ട്രയിനി നഴ്‌സായി വേണം ജോലി ചെയ്യാൻ.
14 ദിവസം മുമ്പേ ഇങ്ങനെ ജോലി ചെയ്യാൻ പറ്റൂ എന്ന നിബന്ധന മാറ്റിയതോടെ നഴ്‌സുമാർക്ക് ഒഎസ്‌സിഇ പരീക്ഷ പാസാകാനുള്ള സാധ്യത കൂടിയിരിക്കുകയാണ്. ജോലി ചെയ്യുന്ന ആശുപത്രി അല്ലെങ്കിൽ നഴ്‌സിങ്ങ് ഹോമുകൾ ഒഎസ്‌സിഇ പരീക്ഷയ്ക്ക് ഒരുങ്ങാൻ നഴ്‌സുമാരെ സഹായിക്കും. ബാൻഡ് മൂന്ന് അല്ലെങ്കിൽ ബാൻഡ് നാല് നഴ്‌സായി ആയിരിക്കും ഇവർക്ക് ആദ്യം നിയമനം ലഭിക്കുക. ഒഎസ്‌സിഇ പരീക്ഷ പാസായാൽ ബാൻഡ് 5 ആയി പ്രമോഷൻ ലഭിക്കുകയും എൻഎംസി രജിസ്റ്ററിൽ പേര് ചേർക്കപ്പെടുകയും ചെയ്യും. ഒഎസ്‌സിഇ പരീക്ഷ എത്ര തവണ എഴുതാം എന്നു തത്ക്കാലം നിഷ്‌കർഷിക്കാത്തതിനാൽ പാസാകുന്നതുവരെ ആദ്യം ചേർന്ന തൊഴിലിൽ തുടരാം. പിആർ മുതലായവയ്ക്ക് അപേക്ഷിക്കുമ്പോൾ ഇടവേള എന്ന പ്രശ്‌നവും ഇതുവഴി ഒഴിവാക്കാം.
നോർത്താംപ്ടൺ യൂണിവേഴ്‌സിറ്റി മാത്രം ആണ് ഒഎസ്‌സിഇ പരീക്ഷ നടത്തുന്നത്. ഒരു ദിവസം രണ്ട് തവണ വീതം ഞായർ ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും ഒഎസ്‌സിഇ പരീക്ഷ എഴുതാം. രണ്ട് വിഭാഗമായാണ് പരീക്ഷ നടത്തുക. 922 പൗണ്ടാണ് ഫീസ്. ഈ രണ്ടിൽ ഒന്നിൽ പരാജയപ്പെട്ടാൽ പിന്നീട് പരാജയപ്പെട്ടത് മാത്രം എഴുതിയാൽ മതിയാകും. ഫീസിന്റെ പാതി അടച്ചാലും മതിയാകും. രണ്ട് വിഭാഗവും തോറ്റാൽ വീണ്ടും എഴുതാൻ ഒരു ചാൻസ് കൂടിയേ ലഭിക്കൂ. 28 ദിവസത്തിന് ശേഷമായിരിക്കും രണ്ടാമത്തെ ചാൻസ്. രണ്ട് തവണ തോറ്റാൽ വിസ ക്യാൻസൽ ചെയ്ത് നാട്ടിലേക്ക് മടങ്ങേണ്ടി വരും എന്നതാണ് നിർഭാഗ്യകരമായ കാര്യം. എന്നിരുന്നാലും ഇപ്പോഴത്തെ രണ്ടാഴ്ചയ്ക്ക് പകരം ഒഎസ്‌സിഇ പരീക്ഷയ്ക്ക് പത്താഴ്ച ലഭിക്കുന്നത് വലിയ അനുഗ്രഹം തന്നെയായി വിലയിരുത്തപ്പെടുന്നു.
ഈ നഴ്‌സുമാരുടെ ചാൻസ് പൂർണ്ണമായും തീരുന്നില്ല. സിബിടി പരീക്ഷ ഫലത്തിന് രണ്ട് വർഷത്തെ കാലയളവ് ഉള്ളതിനാൽ അവർക്ക് വീണ്ടും ഈ കാലയളവിൽ എൻഎംസിക്ക് അപേക്ഷ നൽകി പ്രോസസ്സ് ആരംഭിക്കാം. എന്നാൽ ഇതിന് പുതിയ വിസ വേണമെന്ന് മാത്രം. യുകെയിൽ തന്നെ തുടർന്ന് കൊണ്ട് ഇത് ചെയ്യാൻ പറ്റുന്ന സാഹചര്യത്തിലേക്ക് മാറ്റം വന്നേക്കാം. അതിനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അത് നടക്കുകയില്ല. വീണ്ടും അപേക്ഷിക്കുമ്പോൾ എൻഎംസി ഫീസായ 140 പൗണ്ട് രണ്ടാമതും അടയ്ക്കണം. സിബിടി പരീക്ഷയിൽ മാത്രമാണ് ഇളവ്. ഒഎസ്‌സിഇ പരീക്ഷയുടെ കൂടുതൽ വിവരങ്ങൾ അറിയാനും പരീക്ഷയ്ക്ക് ബുക്ക് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യുക.