കൊച്ചി: കൊച്ചിയിൽ ദേശീയപാതയിൽ മുൻ മിസ് കേരള ഉൾപ്പെടെ മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ നിർണായക തെളിവായ ഹാർഡ് ഡിസ്‌ക് കിട്ടിയെന്നും തിരികെ കായലിൽ ഇട്ടെന്നും മത്സ്യത്തൊഴിലാളികളുടെ വെളിപ്പെടുത്തൽ. തിങ്കളാഴ്ചയാണ് സംഭവം. കിട്ടിയ ഹാർഡ് ഡിസ്‌ക് തിരികെ കായലിൽ ഇട്ടതായി തൊഴിലാളികൾ പറഞ്ഞു. ഹാർഡ് ഡിസ്‌ക് കണ്ടെത്താനായി ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപം കായലിൽ സ്‌കൂബ ഡൈവിങ് സംഘത്തെ ഇറക്കി പൊലീസ് തിരച്ചിൽ നടത്തിയിരുന്നു.

കൊല്ലപ്പെട്ട മിസ് കേരള അൻസി കബീർ, റണ്ണറപ് അഞ്ജന ഷാജൻ എന്നിവർ ഫോർട്ട്‌കൊച്ചി നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത ദിവസത്തെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക് കായലിലെറിഞ്ഞെന്നായിരുന്നു ഹോട്ടൽ ജീവനക്കാരുടെ മൊഴി. ഹോട്ടൽ ഉടമയായ റോയി ജോസഫ് വയലാട്ടിന്റെ നിർദേശപ്രകാരമാണ് ഇതു ചെയ്തതെന്നും ജീവനക്കാർ മൊഴി നൽകിയിരുന്നു.

അതേസമയം ഹാർഡ ഡിസ്‌ക്ക് കണ്ടെത്താൻ വേണ്ടി ഇന്ന് വീണ്ടും മത്സ്യത്തൊഴിലാളികളെയും ചേർത്ത് പരിശോധന നടത്തുന്നുണ്ട്. വല ഉപയോഗിച്ചും സ്ഥലത്ത് പരിശോധന നടത്താനാണ് നീക്കം. സിസിടിവിയുടെ ഡിവിആർ നശിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു ഇന്നലെ പറഞ്ഞിരുന്നു. മോഡലുകളുടെ മരണവും ഡിവിആർ നശിപ്പിച്ചതും തമ്മിൽ ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ഹാർഡ് ഡിസ്‌ക് കായലിൽ എറിഞ്ഞുവെന്നത് പച്ചക്കള്ളമാണെന്ന സൂചനയും പുറത്തു വരുന്നുണ്ട്. വിഐപിയെ രക്ഷിക്കാനാണ് ഈ ഹാർഡ് സിസ്‌കുകൾ മാറ്റിയത്. നാടകം കളിച്ച് അത് കായലിൽ എറിഞ്ഞുവെന്ന് വരുത്തുകയായിരുന്നു നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിൽ എന്നാണ് സൂചന.

ഈ ഹാർഡ് ഡിസ്‌ക് ഉപയോഗിച്ച് ഭാവിയിൽ വിഐപിയെ ബ്ലാക് മെയിൽ ചെയ്യാനും കഴിയും. അതിനിടെയാണ് കേസിൽ ഗൂഢാലോചനയുണ്ടെന്ന നിലപാടുമായി റോയ് വയലാട്ട് എത്തുന്നത്. അപകടത്തിൽ ദുരൂഹതയുണ്ടെന്നും നമ്പർ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ശേഖരിക്കപ്പെട്ട ഹാർഡ് ഡിസ്‌ക് കണ്ടെത്തിയാൽ ദുരൂഹതയുടെ ചുരുളഴിയുമെന്നു കമ്മിഷണർ പ്രതികരിച്ചു. സംഭവം നടക്കുമ്പോൾ അവധിയിലായിരുന്ന കമ്മിഷണർ ഇന്നലെയാണു തിരികെയെത്തിയത്. ഇതിന് ശേഷം അന്വേഷണം നേരിട്ട് ഏറ്റെടുത്തു.

നിർണായക തെളിവുകൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് കായലിൽ എറിഞ്ഞെന്ന പ്രതികളുടെ മൊഴി വിശ്വസിച്ചാണു പൊലീസിന്റെ അന്വേഷണം. കോസ്റ്റ് ഗാർഡ്, നേവി എന്നിവരുടെ സഹകരണത്തോടെ ഇന്നലെയും കായലിൽ തിരച്ചിൽ തുടർന്നു. ഫലം ഉണ്ടായിട്ടില്ല. അതിനിടെയാണ് ഹാർഡ് ഡിസ്‌ക് ഇപ്പോഴും രഹസ്യ കേന്ദ്രത്തിൽ ഉണ്ടെന്ന സൂചനകൾ പുറത്തു വരുന്നത്. എന്നാൽ റോയ് വയലാട്ടും ഹോട്ടൽ ജീവനക്കാരും കായൽ മൊഴിയിൽ ഉറച്ചു നിൽക്കുകായണ്. കായലിൽ എറിഞ്ഞ ഹാർഡ് ഡിസ്‌ക് കടലിൽ എത്താനും സാധ്യതയുണ്ട്. എക്സൈസ് കേസാക്കി മോഡലുകളുടെ മരണത്തെ മാറ്റുന്നതിനൊപ്പം ഭാവിയിലെ ബ്ലാക് മെയിൽ സാധ്യതയും ഹാർഡ് ഡിസ്‌ക് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതിന് പിന്നിലെ ഉദ്ദേശമാണ്.