ന്യൂഡൽഹി: തോമസ് ചാണ്ടി വിഷയത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി മാധ്യമങ്ങളോട് പ്രതികരിച്ച സിപിഐ നേതാവ് കെ ഇ ഇസ്മയിലിനെതിരെ തൽക്കാലം നടപടിയില്ല. വിഷയത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് കെ ഇ ഇസ്മയിൽ പറഞ്ഞതോടെയാണ് തൽക്കാലം നടപടി വേണ്ടെന്ന നിലപാടിലേക്ക് പാർട്ടി എത്തിയത്. ഇന്നു ഡൽഹിയിൽ ചേർന്ന ദേശീയ എക്സിക്യൂട്ടീവിന്റെതാണ് തീരുമാനം. ഇസ്മായിൽ വിഷയം അടഞ്ഞ അധ്യായമാണെന്ന് സിപിഐ ജനറൽ സെക്രട്ടറി സുധാകര റെഡ്ഡി പറഞ്ഞു. വിഷയം സംസ്ഥാനത്തു തന്നെ പരിഹരിക്കാവുന്നതാണ്. ആവശ്യമെങ്കിൽ അടുത്ത ദേശീയ സെക്രട്ടേറിയേറ്റ് യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ എട്ടിനാണ് അടുത്ത ദേശീയ സെക്രട്ടേറിയേറ്റ്.

തനിക്ക് തെറ്റുപറ്റിയെന്നായിരുന്നു ദേശീയ എക്സിക്യൂട്ടീവിൽ ഇസ്മായിലിന്റെ പ്രതികരണം. ഭാവിയിൽ തെറ്റ് ആവർത്തിക്കരുതെന്ന് കേന്ദ്ര നേതൃത്വം അദ്ദേഹത്തിന് നിർദ്ദേശം നൽകി. തോമസ് ചാണ്ടി രാജി വയ്ക്കാൻ വൈകിപ്പോയി, സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽനിന്ന് വിട്ടുനിന്നത് പാർട്ടിയിൽ ചർച്ച ചെയ്യാതെയാണ് എന്നീ പ്രസ്താവനകളാണ് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇസ്മായിൽ നടത്തിയത്. ഇസ്മായിലിനെതിരെ നടപടിയെടുക്കണമെന്ന് പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ ശുപാർശ ഉയർന്നിരുന്നു.

ഈ വിഷയത്തിൽ പാർട്ടിക്കുള്ളിൽ നിന്നും കെ ഇ ഇസ്മയിൽ കടുത്ത ശാസന നേരിട്ടെന്നാണ് പുറത്തുവരുന്ന സൂചന. പാർട്ടിക്ക് അകത്തുള്ള രഹസ്യ ശാസന ആയതുകൊണ്ട് അച്ചടക്ക നടപടി പരസ്യമാക്കില്ല. തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്നും മന്ത്രിമാർ കാബിനറ്റ് യോഗത്തിൽ നിന്ന് വിട്ടു നിന്നത് പാർട്ടി തീരുമാനം അല്ലെന്നും ഉള്ള പ്രസ്താവനയാണ് ഒരുകാലത്ത് സിപിഐയിലെ ശക്തനായിരുന്ന കെ.ഇ.ഇസ്മായിലിനെതിരെ അച്ചടക്ക നടപടി എടുക്കാൻ സമൃമിമാ. സീനിയർ നേതാവായ ഇസ്മയിലിന്റെ പ്രതികരണത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ഇതാണ് പാർട്ടി സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന സമയത്തും നടപടി എടുക്കാൻ ദേശിയ നേതൃത്വത്തെ നിർബന്ധിതമാക്കിയത്.

നടപടി ആയതോടെ എൽ.ഡി.എഫ് യോഗത്തിന് പോകുന്ന പാർട്ടി പ്രതിനിധികളുടെ സംഘത്തിൽ നിന്ന് ഇസ്മായിലിനെ ഒഴിവാക്കാൻ ബുധനാഴ്ച നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിചിരുന്നു. അച്ചടക്ക നടപടിക്ക് സമാനമായ എൽ.ഡി.എഫിൽ നിന്നുള്ള ഒഴിവാക്കലും ദേശീയ എക്സിക്യൂട്ടീവിന്റെ രഹസ്യ ശാസനയും വന്നതോടെ സിപിഐക്ക് അകത്തെ ഇസ്മായിൽ എഫക്ട് കുറയുകയാണ്. വെളിയം ഭാർഗവൻ സംസ്ഥാന സെക്രട്ടറി ആയിരുന്ന കാലത്ത് സിപിഐയിലെ നിർണായക തീരുമാനങ്ങൾ എല്ലാം കൈക്കൊണ്ടിരുന്നത് കെ.ഇ .ഇസ്മായിലാണ് .

2006ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ തോറ്റതിന് തൊട്ട് പിന്നാലെ രാജ്യസഭാ അംഗമായത് എല്ലാവരെയും അത്ഭുതപെടുത്തിയിരുന്നു. രാജ്യ സഭയിലെക്ക് വന്ന അടുത്ത ഒഴിവിൽ വിശ്വസ്ത അനുയായി എം .പി .അച്ചുതനെ നിശ്ചയിച്ചു ഇസ്മായിൽ വീണ്ടും തന്റെ കരുത്ത് തെളിയിച്ചു. എന്നാൽ കാനം രാജേന്ദ്രനെ വെട്ടിക്കൊണ്ട് ഉള്ള ഈ നീക്കം സിപിഐ യിലെ വിഭാഗീയതക്ക് ആക്കം കൂട്ടി. ഇത് പിന്നീട് വെളിയം ഭാർഗവനെ ഒഴിവാക്കുന്നതിലെത്തി. സി .കെ .ചന്ദ്രപ്പൻ സെക്രട്ടറി ആയതോടെ ഇസ്മയിലിന്റെ കഷ്ടകാലം തുടങ്ങി.

ചന്ദ്രപ്പന്റെ മരണ ശേഷം സെക്രട്ടറി ആകാൻ ശ്രമിച്ചെങ്കിലും കാനം എതിരാളി ആയി. ഒത്തു തീർപ്പ് സ്ഥാനാർത്തി ആയി പന്യൻ രവീന്ദ്രൻ സെക്രട്ടറി സ്ഥാനത്തേക്ക് വന്നതോടെ ആ മോഹവും പൊലിഞ്ഞു. കോട്ടയം സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങിയെങ്കിലും ട്രെൻഡ് കാനത്തിന് അനുകൂലമാണെന്ന് കണ്ടു പിൻവാങ്ങി. കാനം സെക്രട്ടറി ആയതോടെ തീർത്തും അപ്രസക്തനായി പോയ ഇസ്മായിലിനു വിനയായത് സി.പി.എം ബന്ധമാണ്.