ന്യൂഡൽഹി: പാർട്ടി സെക്രട്ടറിക്കെതിരെ പൊതുവേദിയിൽ ആരോപണങ്ങൾ ഉന്നയിച്ച വി എസ് അച്യുതാനന്ദനെതിരെ നടപടി എടുക്കേണ്ടെന്നു സിപിഐ(എം). വി എസ് അച്യുതാനന്ദനെതിരെ സിപിഐ(എം) പോളിറ്റ് ബ്യൂറോ കമ്മീഷൻ റിപ്പോർട്ടിൽ നടപടിക്ക് ശുപാർശയില്ലെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പൊളിറ്റ് ബ്യൂറോ കമ്മീഷൻ നടപടി അവസാനിപ്പിക്കാനും തീരുമാനമായി. വി.എസിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തുന്ന കാര്യം പാർട്ടി കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യുമെന്നും സൂചനയുണ്ട്.

പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദനെതിരെ 2013ലാണ് പാർട്ടി സംസ്ഥാന കമ്മിറ്റി പാസാക്കിയ ഒരു പ്രമേയം പരിഗണിച്ചു പോളിറ്റ് ബ്യൂറോ കമ്മീഷനെ നിയോഗിച്ചത്. പിണറായി വിജയൻ ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നതടക്കമുള്ള ആരോപണങ്ങൾ വി എസ് അച്യുതാനന്ദൻ മാദ്ധ്യമങ്ങളിലൂടെ ഉന്നയിച്ചു എന്നതടക്കമുള്ള ആരോപണങ്ങളായിരുന്നു അന്ന് പാർട്ടി സംസ്ഥാന ഘടകം ഉയർത്തിയത്.

പ്രമേയം പരിഗണിച്ച കേന്ദ്ര കമ്മിറ്റി, വി.എസിനെതിരെ ഉടനെയൊരു അച്ചടക്ക നടപടി വേണ്ടെന്ന് തീരുമാനിക്കുകയും പോളിറ്റ് ബ്യൂറോ കമ്മീഷനെ നിയോഗിച്ച് നടപടികൾ നീട്ടിക്കൊണ്ടുപോവുകയുമായിരുന്നു.
സംസ്ഥാനത്തെത്തി ഒരു തവണ സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുത്ത് അഭിപ്രായം ആരാഞ്ഞിരുന്നു. തുടർന്ന് മറ്റ് നടപടികളൊന്നും ഉണ്ടായില്ല. കമ്മീഷൻ റിപ്പോർട്ട് നാളെയാണ് പി.ബി യോഗത്തിൽ വെയ്ക്കുന്നത്.

റിപ്പോർട്ടിൽ വി.എസിനെതിരെ നടപടിക്ക് ശുപാർശയില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. പരാതികളിൽ ചിലതിൽ കഴമ്പുണ്ട്. എന്നാൽ പാർട്ടിയിൽ ഐക്യം നിലനിർത്തണം എന്നാണ് പാർട്ടി കോൺഗ്രസ് അടക്കം മുന്നോട്ടുവച്ച നിർദ്ദേശം. അതുകൊണ്ടുതന്നെ ഐക്യത്തിന് ഭംഗം വരുത്തുന്ന നടപടികളിലേക്ക് പോകുന്നില്ല. മറിച്ച് ഐക്യം തകർക്കരുതെന്ന പൊതു നിർദ്ദേശമായിരിക്കും കമ്മീഷൻ മുന്നോട്ടുവെയ്ക്കുന്നത്. തന്നെ സംസ്ഥാന ഘടകത്തിൽ നിന്ന് ഒഴിവാക്കിയെന്ന പരാതി നേരത്തെ കേന്ദ്ര നേതൃത്വത്തിന് നൽകിയിരുന്നു. ഇക്കാര്യത്തിൽ തീരുമാനം കേന്ദ്ര കമ്മിറ്റിക്ക് വിടാനാണ് തീരുമാനമെന്നും സൂചനയുണ്ട്.