കൊച്ചി: വാഹനത്തിൽ നിന്നും ഒഴിഞ്ഞ മദ്യക്കുപ്പിയും സിഗറ്റുകുറ്റികളും പെറുക്കിമാറ്റാൻ ആവശ്യപ്പെടും.വിസമ്മതിച്ചാൽ കേട്ടാലറയ്ക്കുന്ന അസഭ്യം വിളമ്പും.രഹസ്യ ഭാഗങ്ങളിൽ പിടിക്കുകയും തലോടലും തുടർക്കഥ.വിവരം വെളിപ്പെടുത്തിയപ്പോൾ സ്‌കൂൾ സംരക്ഷണ സമിതിക്ക് വിവരം കൈമാറി.തുടർന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി.വൈദ്യപരിശോധനയും നടത്തി.വീണ്ടും സ്റ്റേഷനിലെത്തണമെന്നാവശ്യപ്പെട്ട് ഇന്നലെയും വിളിച്ചു.എന്റെ കുട്ടി മാനസീകമായി തകർന്നു.നിന്നെ തൊടാൻ അറപ്പാണെന്ന് പറഞ്ഞ് കൂട്ടുകാരികൾ അവളെ ആട്ടിപ്പായിക്കുന്നു.ആരും സഹായത്തിനില്ല...നീതി കിട്ടാൻ സഹായിക്കണം..11 കാരിയായ മകൾക്ക് നേരെ സ്‌കൂൾ വാനിന്റെ ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളെക്കുറിച്ചും നീതിക്കായി നടത്തിയ നീങ്ങളെക്കുറിച്ചും ഇതേത്തുടർന്നുള്ള സംഭവ വികാസങ്ങളെക്കുറിച്ചും എറണാകുളം സ്വദേശിയായ ഒരു പിതാവിന്റെ വെളിപ്പെടുത്തൽ ഇങ്ങിനെ.

സംഭവത്തിൽ കേസെടുത്തുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും സെൻട്രൽ സി ഐ അറിയിച്ചു.നഗരത്തിലെ പ്രമുഖ കോൺവെന്റ് സ്‌കൂളിലെ കുട്ടികൾക്കുനേരെയാണ് വാൻ ഡ്രൈവറുടെ ഭാഗത്തുനിന്നും ലൈംഗിക അതിക്രമം ഉണ്ടായിട്ടുള്ളത്.വാൻ ഡ്രൈവർ കോൺഗ്രസിന്റെ ട്രേഡ് യൂണിയൻ വിഭാഗമായ ഐ എൻ റ്റി യൂ സി യുടെ മണ്ഡലം ഭാരവാഹിയും കൊച്ചിയിൽ വനിത ട്രാഫിക് വാർഡനെ ആക്രമിച്ച കേസിലെ പ്രതിയുമാണെന്നാണ് ലഭ്യമായ വിവരം.

തന്റെ കുട്ടിക്കൊപ്പം ഇതേ പരാതി ഉന്നയിച്ച രണ്ട് പെൺകുട്ടികളുടെ മതാപിതാക്കൾ കേസ് നടപടികളിൽ നിന്നും പിന്മാറിയെന്നും വാൻ ഡ്രൈവറുടെ സമ്മർദ്ദമാണ് ഇതിന് കാരണമെന്ന് താൻ സംശയിക്കുന്നു എന്നും ഇത്തരത്തിൽ തന്നേയും പിൻതിരിപ്പിക്കാൻ ഇയാൾ പലതരത്തിൽ ശ്രമിക്കുകയാണെന്നും കുട്ടിയുടെ പിതാവ് മറുനാടനോട് വ്യക്തമാക്കി. വലതുതുപക്ഷ ട്രേഡ് യൂണിയൻ പ്രവർത്തകനാണെങ്കിലും ഇയാൾ സി പി എം നേതാക്കളുമായി അടുത്ത സൗഹൃദം പുലർത്തുന്നുണ്ടെന്നും കേസ് നടപടികൾ മരവിപ്പിക്കാൻ ഈ വഴിക്ക് ഇയാൾ ശ്രമം നടത്തുന്നുണ്ടെന്നും സി പി എം ഓഫീസിൽ തന്നേ വിളിച്ചുവരുത്തി നേതാക്കളിൽ ഒരാൾ അനുരഞ്ജന നീക്കം നടത്തിയെന്നും കുട്ടിയുടെ പിതാവ് വെളിപ്പെടുത്തി.

എന്തൊക്കെ സമ്മർദ്ദങ്ങളും പ്രലോഭനങ്ങളും ഉണ്ടായാലും കേസിൽ നിന്നും പിന്മാറില്ലന്നാണ് കുട്ടിയുടെ രക്ഷിതാക്കളുടെ നിലപാട്.നേരത്തെ ഇടതുപക്ഷ ട്രേഡ് യൂണിയനിൽ പണിയെടുത്തിരുന്നു.ശാരീരിക അസ്വസ്ഥതകൾ കാരണം ഇപ്പോൾ തൊഴിലെടുക്കാനാവില്ല.മറ്റ് അല്ലറ ചില്ലറ ജോലിയെടുത്താണ് ഇപ്പോൾ കുടുംമ്പം പോറ്റുന്നത്.ഡ്രൈവറുടെ ശല്യം അസഹ്യമായതോടെ ഇതേ വാഹനത്തിൽ പോയിരുന്ന മൂന്ന് പെൺകുട്ടികൾ സ്‌കൂൾ ഹെഡ്‌മാസ്റ്ററോട് നേരിൽ വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.ഇതേത്തുടർന്ന് ഹെഡ്‌മാസ്റ്റർ കുട്ടികളുടെ സംരക്ഷണം ലക്ഷ്യമിട്ട് രൂപീകരിച്ചിരുന്ന സ്‌കൂൾ തല സംരക്ഷണ സമിതി ഭാരവാഹികളെ വ്ിവരം അറിയിച്ചു.ഇവരാണ് പൊലീസിന് വിവരം കൈമാറിയത്.

പരാതി ഉന്നയിച്ച അവസരത്തിൽ കൂട്ടികളോട് ഇത് എഴുതി നൽകാൻ ഹെഡ്‌മാസ്റ്റർ ആവശ്യപ്പെട്ടു.ഇത് പ്രകാരം എഴുതി നൽകിയപ്പോൾ മലയാള വാക്കുകൾ ശരിയല്ലന്ന് പറഞ്ഞ് ഹെഡ്‌മാസ്റ്റർ ഇത് സ്വീകരിക്കാൻ തയ്യാറായില്ല.പിന്നീട് ദിവസങ്ങൾക്ക് ശേഷമാണ് കുട്ടികളുടെ പരാതിയിൽ തെളിവെടുപ്പും മറ്റും നടന്നതെന്നാണ് അറിയുന്നത്.പൊലീസിൽ മൊഴി നൽകുകയും മെഡിക്കൽ പരിശോധന നടത്തുകയും ചെയ്തിട്ടും കുട്ടിയുമായി വീണ്ടും സ്റ്റേഷനിലെത്താൻ പൊലീസ് ആവശ്യപ്പെടുകയാണെന്നും ഇതുമൂലം മകൾ ഭയപ്പാടിലാണെന്നും കുട്ടിയുടെ വിഷമം തനിക്ക് ഏറെ മനപ്രയാസം ഉണ്ടാക്കുന്നുണ്ടെന്നും പിതാവ് പറഞ്ഞു. സഹായിക്കാൻ രാഷ്ട്രീയക്കാരില്ലാ,മുടക്കാൻ പണവും കൈയിലില്ല.നീതിക്കായി എന്തുകഷ്ടപ്പാട് സഹിക്കാനും തയ്യാറാണ്.അവളുടെ മൊഴിപ്രകാരമെടുത്ത കേസ്സ് ഞാൻ പിൻവലിച്ചാൽ എന്റെ കൊച്ച് കള്ളം പറഞ്ഞപോലെ ആവില്ലേ..അതൊരിക്കലും സംഭവിക്കാൻ പാടില്ല..ഇനി തുണ ഈശ്വരൻ മാത്രം.നിറ മഴികളോടെ ,ഇടറുന്ന കണ്ഠത്തോടെ രക്ഷകർത്താവ് വ്യക്തമാക്കി.