- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഎമ്മിന്റെ എസ്ഡിപിഐ പ്രേമം യുഡിഎഫ് ഭരണത്തെ വലിച്ചിടുന്നത് വരെ മാത്രം; ഈരാറ്റുപേട്ടയിൽ സിപിഎം-എസ്.ഡി.പി.ഐ സഖ്യമില്ല; അങ്ങനെ ഭരണം വേണ്ടെന്ന് വി എൻ വാസവൻ; മൂന്ന് തവണ എസ്ഡിപിഐ പിന്തുണയോടെ സിപിഎം ചെയർമാനെ തിരഞ്ഞെടുത്തപ്പോൾ ആ നിമിഷം തന്നെ രാജിവെച്ചെന്നും മന്ത്രി
കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിൽ ഭരണം പിടിക്കാൻ എസ്ഡിപിഐ സഹായം വേണ്ടെന്ന നിലപാടിലേക്ക് സിപിഎം. എസ്ഡിപിഐയുമായി ചേർന്ന് ഭരണം പിടിക്കുന്നത് വിവാദമാകുന്ന പശ്ചാത്തലത്തിലാണ് സിപിഎം ഈ വിഷയത്തിൽ പുനരാലോചന നടത്തുന്നത്. ഈരാറ്റുപേട്ട ഭരണം അട്ടിമറിക്കാൻ യുഡിഎഫ് അട്ടിമറിക്കാൻ അവിശ്വാസം പാസാക്കിയത് എസ്ഡിപിഐ പിന്തുണയോടെ ആയിരുന്നു. എന്നാൽ, അഭിമന്യു വിഷയം അടക്കം ഉയർത്തി കൊണ്ട് എതിർപ്പ് ശക്തമായതോടെയാണ് സിപിഎം ഈ വിഷയത്തിൽ രണ്ടാമത് ഒരു ആലോചനക്ക് തയ്യാറാകുന്നത്.
ഈരാറ്റുപേട്ട നഗരസഭയിൽ എസ്ഡിപിഐ-സിപിഎം സഖ്യമെന്ന ആരോപണം തള്ളി സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ തന്നെ ഇന്ന് രംഗത്തുവന്നു. സിപിഎം നേതാക്കൾ എസ്ഡിപിഐയുമായി ഒരുതരത്തിലുമുള്ള ചർച്ചയോ ആശയവിനിമയമോ നടത്തിയിട്ടില്ലെന്നും വാസവൻ വ്യക്തമാക്കി. ഈരാറ്റുപേട്ട നഗരസഭയിൽ എസ്ഡിപിഐ പിന്തുണയോടെ സിപിഎമ്മിന്റെ അവിശ്വാസപ്രമേയം പാസായത് സംബന്ധിച്ച വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
എസ്ഡിപിഐയുമായി സിപിഎം ഒരിക്കലും ബന്ധമുണ്ടാക്കിയിട്ടില്ല. നേരത്തെ മൂന്ന് തവണ എസ്ഡിപിഐ പിന്തുണയോടെ സിപിഎമ്മിന്റെ ചെയർമാനെ തിരഞ്ഞെടുത്തപ്പോൾ ആ നിമിഷം തന്നെ രാജിവെച്ചുപോയ പാരമ്പര്യമാണ് പാർട്ടിക്കുള്ളത്. തുടർന്നും ഇതുതന്നെയാണ് ഇപ്പോഴും പാർട്ടിയുടെ നിലപാട്. എസ്ഡിപിഐയുമായി ബന്ധം സ്ഥാപിച്ച് ഈരാറ്റുപേട്ട നഗരസഭയിൽ ഭരണം നേടാൻ സിപിഎം നിൽക്കില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷ ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ല. രാഷ്ട്രീയമായ ഒരു അവിശുദ്ധ കൂട്ടുകെട്ടിനും പാർട്ടി തയ്യാറല്ല. നഗരസഭയിൽ അവിശ്വാസ പ്രമേയം വന്നപ്പോൾ അവർ വോട്ടുചെയ്തുവെന്നത് ശരിയാണ്. എന്നാൽ അത് ഏതെങ്കിലും തരത്തിലുള്ള ധാരണയുടെ അടിസ്ഥാനത്തിലല്ല. ഭരിക്കാൻ എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കുില്ലെന്നും മന്ത്രി വിശദീകരിച്ചു.
വികസന മുരടിപ്പും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം നഗരസഭാ ചെയർപേഴ്സണായിരുന്ന മുസ്ലിം ലീഗിലെ സുഹ്റാ അബ്ദുൾ ഖാദറിനെതിരേ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. 28 അംഗ നഗരസഭയിൽ എൽഡിഎഫിന് ഒമ്പത് അംഗങ്ങളാണുള്ളത്. ഇവർക്കൊപ്പം അഞ്ച് എസ്ഡിപിഐ അംഗങ്ങളുടെയും ഒരു കോൺഗ്രസ് വിമത അംഗത്തിന്റേയും പിന്തുണയോടെയാണ് അവിശ്വാസപ്രമേയം പാസായത്.
മറുനാടന് മലയാളി ബ്യൂറോ