- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീംകോടതി എനിക്ക് നല്ലൊരു വേദിയാണ്; സുപ്രീംകോടതിയെ കളിയാക്കിയതിന്റെ പേരിൽ മാപ്പ് പറയാനോ പിഴയടക്കാനോ ഒരുക്കമല്ലെന്നും കുനാൽ കമ്ര; അറ്റോർണി ജനറലിനും സുപ്രീംകോടതി ജഡ്ജിമാർക്കും തുറന്ന കത്തുമായി സ്റ്റാൻറ്അപ്പ് കൊമേഡിയൻ
ന്യൂഡൽഹി: അർണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയ വിഷയത്തിൽ സുപ്രീംകോടതിയെ കളിയാക്കിയതിന്റെ പേരിൽ മാപ്പ് പറയാനോ പിഴയടക്കാനോ ഒരുക്കമല്ലെന്ന് സ്റ്റാൻറ്അപ്പ് കൊമേഡിയനായ കുനാൽ കമ്ര. ട്വീറ്റുകൾ പിൻവലിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അറ്റോർണി ജനറൽ കെകെ വേണുഗോപാലിനെയും സുപ്രീംകോടതി ജഡ്ജിമാരെയും അഭിസംബോധന ചെയ്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കത്തിലാണ് സ്റ്റാൻറ്അപ്പ് കൊമേഡിയനായ കുനാൽ തന്റെ നിലപാട് വ്യക്തമാക്കിയത്.
സുപ്രീംകോടതി തനിക്ക് നല്ലൊരു വേദിയാണ് എന്നാണ് കുനാൽ കത്തിൽ പറയുന്നത്. സുപ്രീംകോടതിക്ക് മുന്നിൽ തനിക്ക് പെർഫോം ചെയ്യാം കഴിയുമെന്ന് കുനാൽ പ്രതീക്ഷ പ്രകടപ്പിക്കുന്നു. മറ്റുള്ളവരുടെ വ്യക്തി സ്വതന്ത്ര്യത്തിൽ സുപ്രീംകോടതി പുലർത്തുന്ന മൗനം വിമർശിക്കപ്പെടാത്തോളം തന്റെ കാഴ്ചപ്പാടിൽ മാറ്റമില്ലെന്ന് കുനാൽ പറയുന്നു. സുപ്രീംകോടതിയിൽ മഹാത്മഗാന്ധിയുടെ ചിത്രത്തിന് പകരം ഹരീഷ് സാൽവയുടെ പടം വയ്ക്കണമെന്നും, നെഹ്റുവിന്റെ പടത്തിന് പകരം മഹേഷ് ജഠ്മലാനിയുടെ പടം വയ്ക്കണം എന്നും ആവശ്യപ്പെട്ടാണ് കുനാൽ കത്ത് നിർത്തുന്നത്.
ആത്മഹത്യ പ്രേരണാക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയ വിഷയത്തിലായിരുന്നു സുപ്രീംകോടതിയെ പരിഹസിച്ച് കുനാൽ ട്വീറ്റ് ചെയ്തത്. സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെ കാവിനിറമണിഞ്ഞ സുപ്രീംകോടതിയുടെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. വിമാനത്തിൽ ഫാസ്റ്റ് ട്രാക്കിലൂടെ അദ്യമെത്തിയ ഫസ്റ്റ് ക്ലാസ് യാത്രികർക്ക് ഷാംപെയ്ൻ വിളമ്പുകയാണ് ജസ്റ്റിസ് ഡി.വെ. ചന്ദ്രചൂഢ് എന്നും, സാധാരണക്കാർക്ക് എന്നെങ്കിലും അകത്ത് സീറ്റ് കിട്ടുമോ എന്ന് പോലും അറിയാത്ത സാഹചര്യമാണ് എന്നും കമ്ര ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെയായിരുന്നു കുനാൽ കോടതി അലക്ഷ്യ നടപടി നേരിട്ടത്.
ഇതിനെതിരെ അറ്റോർണി ജനറൽ കെകെ വേണുഗോപാൽ രംഗത്തെത്തി. കുനാൽ കമ്രക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് അദ്ദേഹം സുപ്രീംകോടതിക്ക് കത്തെഴുതി. സുപ്രീംകോടതിയെ വിമർശിക്കുന്നത് നീതീകരിക്കാൻ കഴിയില്ലെന്നും അത്തരം നടപടികൾ ശിക്ഷാർഹമാണെന്ന് ജനങ്ങൾ മനസ്സിലാക്കുകയും വേണമെന്ന് കോടതിലക്ഷ്യ കേസിന് അനുമതി നൽകിക്കൊണ്ട് അറ്റോണി ജനറൽ കത്തിൽ വ്യക്തമാക്കി. നർമ്മവും കോടതിയലക്ഷ്യവും തമ്മിലുള്ള അതിർവരമ്പ് ഭേദിക്കുന്നതുമാണെന്ന് കെ.കെ വേണുഗോപാൽ പറഞ്ഞു. ഇതിന് മറുപടിയാണ് കുനാലിന്റെ കത്ത്.
നേരത്തെ കുനാൽ കമ്രയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന ആവശ്യവുമായി അഭിഭാഷകൻ രംഗത്തെത്തിയരുന്നു. അർണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച സുപ്രീംകോടതി നടപടിയെ വിമർശിച്ചത് കോടതിയലക്ഷ്യമാണെന്നാരോപിച്ചാണ് മുംബൈ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന റിസ്വാം സിദ്ദീഖ് രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ സുപ്രീം ജോക്ക് ആണ് കോടതിയെന്നും കാവി നിറത്തിൽ മുങ്ങിയ കോടതിയുടെ ചിത്രം എഡിറ്റ് ചെയ്ത് പങ്കുവെച്ചെന്നും ആരോപിച്ചാണ് ഇദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടിരിക്കുന്നത്.
കോടതി വിധിക്ക് പിന്നാലെ കമ്ര തുടർച്ചയായി ട്വീറ്റ് ചെയ്തിരുന്നു. ബുധനാഴ്ച രാത്രി 8.30 ഓടെയാണ് അർണബ് പുറത്തിറങ്ങിയത്. 50,000 രൂപയുടെ ബോണ്ടിൽ അർണബിനേയും കൂടെ അറസ്റ്റിലായ രണ്ട് പേരെയും വിട്ടയക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ജാമ്യം നൽകരുതെന്ന് വാദിഭാഗം അഭിഭാഷകനായ കപിൽ സിബൽ വാദിച്ചെങ്കിലും സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ഇന്ദിര ബാനർജിയുമാണ് ഹരജി പരിഗണിച്ചത്. അർണബിന് ഇടക്കാല ജാമ്യാപേക്ഷ നിഷേധിച്ച ബോംബൈ ഹൈക്കോടതി വിധിക്കെതിരെയും സുപ്രീം കോടതി രംഗത്തെത്തിയിരുന്നു.
സുപ്രീംകോടതിയുടെ ചിത്രം എഡിറ്റു ചെയ്തു അതിൽ ബിജെപിയുടെ ചിത്രം സഹിതമാണ് കുനാൽ കമ്ര ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റു ചെയ്തത്. അർണാബിന് ജാമ്യം നൽകിയ കോടതി വിധിക്കെതിരെ പല കോണുകളിൽ നിന്നും എതിർശബ്ദം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കുനാലിനെതിരെ കോടതിയലക്ഷ്യ നടപടിയിലേക്ക് കടന്നത്.
എഫ്.ഐ.ആറിൽ തീർപ്പു കൽപ്പിക്കാതിരിക്കെ ജാമ്യം അനുവദിച്ചില്ലെങ്കിൽ അത് നീതി നിഷേധമാവുമെന്ന് നിരീക്ഷിച്ചു കൊണ്ടാണ് കോടതി അർണാബിന് ജാമ്യം അനുവദിച്ചത്. ' എന്നോട് ചോദിക്കുകയാണെങ്കിൽ ഞാൻ ആ ചാനൽ കാണാറില്ല, പ്രത്യയ ശാസ്ത്രപരമായി നിങ്ങൾക്ക് അഭിപ്രായ വ്യത്യാസമുണ്ടാകും. പക്ഷെ ഇന്ന് ഇക്കാര്യത്തിൽ കോടതി ഇടപെടാതിരുന്നാൽ നാം നാശത്തിന്റെ പാതയിലാണെന്നതിൽ തർക്കമില്ല,' ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.
രാജ്യത്തെ ജനാധിപത്യം അസാധാരണമാം വിധം പ്രതിരോധശേഷിയുള്ളതാണെന്ന് പറഞ്ഞ കോടതി ചാനൽ ചർച്ചയിലെ വിവാദങ്ങൾ മഹാരാഷ്ട്ര സർക്കാർ അവഗണിക്കണമെന്നും കോടതി പറഞ്ഞു. ' ഇന്ന് നമ്മൾ ഹൈക്കോടതിക്ക് ഒരു സന്ദേശം അയക്കണം.വ്യക്തിപരമായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച് ദയവായി നിങ്ങളുടെ അധികാര പരിധി വിനിയോഗിക്കുക,' ബെഞ്ച് പറഞ്ഞു. 'സംസ്ഥാന സർക്കാരുകൾ വ്യക്തികളെ ലക്ഷ്യം വച്ചാൽ പൗരന്മാരുടെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ സുപ്രീം കോടതി ഉണ്ടെന്ന് അവർ മനസ്സിലാക്കണം,' ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം നേരത്തെ ഇൻഡിഗോ വിമാനത്തിൽ അർണാബ് യാത്ര ചെയ്യവേ ലൈവായി വീഡിയോ എടുത്തതിന്റെ പേരിൽ വിലക്കു നേരിട്ട വ്യക്തിയാമ് കുനാൽ. റിപ്പബ്ലിക് ടിവിയുടെ ഓഫീസിലെത്തി അർണബ് ഗോസ്വാമിക്ക് ചെരുപ്പ് സമ്മാനിക്കാൻ എത്തിയും ഇദ്ദേഹം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അർണാബ് ഗോസ്വാമിയുടെ കടുത്ത വിമർശകനാണ് കുനാൽ കമ്ര.
No lawyers, No apology, No fine, No waste of space ???????????? pic.twitter.com/B1U7dkVB1W
- Kunal Kamra (@kunalkamra88) November 13, 2020
മറുനാടന് ഡെസ്ക്