ന്യൂഡൽഹി: വിവാഹ മോചനവുമായി ബന്ധപ്പെട്ട സ്ത്രീധനപീഡന പരാതികളിൽ ഉടൻ അറസ്റ്റ് പാടില്ലെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് ദുരുപയോഗം ചെയ്യുന്നുവെന്ന പരാതികളിലാണ് കോടതി ഉത്തരവ്. ജില്ലാതല കുടുംബക്ഷേമ സമിതികൾ രൂപീകരിച്ച് വിവാഹവുമായി ബന്ധപ്പെട്ട സ്ത്രീധനപീഡനപരാതികൾ പരിശോധിക്കണം. സമിതികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമെ അറസ്റ്റ് അടക്കമുള്ള നടപടികൾ പാടുള്ളുവെന്നും ജസ്റ്റിസ് എ.കെ. ഗോയൽ, ജസ്റ്റിസ് യു.യു. ലളിത് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

ഐപിസിയിലെ 498 എ വകുപ്പ് ചുമത്തുന്നതിന് മുമ്പ് സമിതി പരിശോധന വേണമെന്നാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളിൽ ഭർത്താവിന്റെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും എതിരെ ഈ വകുപ്പ് ചുമത്താറുണ്ട്. ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്യും. എന്നാൽ പലപ്പോഴും ഈ വകുപ്പ് തെറ്റായി ഉപയോഗിക്കപ്പെടുന്നു. ഭർത്താവിന്റെ വീട്ടുകാരോടുള്ള വൈരാഗ്യം തീർക്കാൻ പലരും പരാതിയുമായി എത്തുന്നു.

ഈ സാഹചര്യത്തിലാണ് മതിയായ പരിശോധനകൾക്ക് ശേഷമേ കേസ് എടുക്കാവൂവെന്ന നിർദ്ദേശം സുപ്രീംകോടതി നൽകുന്നത്. പരാതിക്കാരിയുടെ മൊഴി മാത്രം കണക്കിലെടുത്ത് അറസ്റ്റ് പാടില്ലെന്നാണ് വ്യക്തമാക്കുന്നത്. സ്ത്രീധന പീഡനക്കേസുകളിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് ദുരുപയോഗം ചെയ്യുന്നുവെന്ന പരാതികളിലാണ് കോടതി ഉത്തരവ്.